ABOUT KLCA

Kerala Latin Catholic Association (KLCA) is a forum of lay people of Latin Catholic Church of Kerala. KLCA units of the Latin Dioceses of Kerala, only those formally recognized by the respective Bishops, are the fractions of KLCA units of the Kerala State. The Operational area of KLCA is the total geographical jurisdiction of the Latin Dioceses of Kerala. Its central office is situated in Cochin at present. All the Archbishops and Bishops of the Latin Dioceses of Kerala are the Patrons of the Association. KLCA is placed under the authority of KRLCBC (Kerala Region Latin Catholic Bishop’s Council)
Vision:
Integral development of Latin Catholic Communities of Kerala, in particular and the common man irrespective of cast and creed in general, based on Christian principles
Structure:
KLCA was officially established in State level on 26-3-1972. Even prior to, organisations of similar nature were established in various dioceses; but a state level unity of all such organisations was formed in 1972.  The organisation is now working on the basis of a state level common bye law. 
The State Secretariate, State Managing Council, State General Council, Diocesan level committees, Ferone level committees and unit level committees are the various forums as per the statute of KLCA. 
Objectives:
  1. To foster unity among the Latin Catholics with concurrence of Kerala Regional Latin Catholic Council (K.R.L.C.C.).
  2. To protect the rights of backward classes and minority communities together with like-minded organizations, keeping a cordial relation with them and upholding the unity, integrity and secularism of our Mother land, India.
  3. To inculcate and spread Catholic ideologies and principles through social contacts and media.
  4. To safeguard and protect the socio-political issues of the community by bringing them before ruling government in accordance with the common policies of K.R.L.C.C.
  5. To take new policies or amend existing policies relating to community ensuring endorsement from KRLCC and KRLCBC
  6. To act with social commitment in safeguarding and achieving the rights of Latin Catholic Community.
  7. To plan and implement programmes that are needed for the growth of the society in educational, Social, political and economic spheres.

-----------------------------------------------------------------------------------------------------------------------------


കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം

അഡ്വ ഷെറി ജെ തോമസ്
ജന. സെക്രട്ടറി , കെ എല്‍ സി എ സംസ്ഥാന സമിതി

മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ.  ഇന്ത്യയുടെ മതേതരത്വം എന്നത് എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്നും ഒരുമതത്തോടും പ്രത്യേക താല്‍പര്യമില്ലായ്മ എന്നും വ്യാഖ്യാനിക്കാം. പക്ഷേ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പ്രത്യേകമായും വിവിധ സമുദായങ്ങള്‍ - മതവിഭാഗങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന സാഹചര്യത്തില്‍ എല്ലാമതങ്ങളോടും തുല്യപ്രാധാന്യം എന്ന തത്വത്തെ  അടിസ്ഥാനമാക്കിയാണ് പൊതുസമൂഹം പ്രവര്‍ത്തിച്ചുപോരുന്നത്.  
കേരളസമൂഹത്തിലെ ഏതു ചലനങ്ങള്‍ നോക്കിയാലും, അതിന് സമുദായങ്ങളുമായും സമുദായിക ഇടപെടലുകളുമായും ചങ്ങലബന്ധമുള്ളതാണ്.   അത്തരം ഒരു പശ്ചാത്തലത്തിലാണ്കേരളത്തില്‍ ലത്തീന്‍ കത്തോലിക്കരും വിവിധകാലങ്ങളില്‍ സംഘടിച്ചു പോന്നിരുന്നത്. 1972 -ല്‍ മാര്‍ച്ച് 26 ന് സംസ്ഥാനവ്യാപകമായി കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ രൂപം കൊണ്ടതിനു ശേഷം നാളിത്രയും യാതൊരു ഭംഗവും ഇല്ലാതെ വിവിധ രൂപതകളിലായി ഈ സമുദായ സംഘടന പ്രവര്‍ത്തിക്കുന്നു.  2002-ല്‍ കെആര്‍എല്‍സിസി രൂപം കൊണ്ടപ്പോഴും കെആര്‍എല്‍സിസി യുടെ നിര്‍ദ്ദേശപ്രകാരമുള്ള നിയമാവലിയില്‍ പ്രവര്‍ത്തിക്കുന്ന,  ഔദ്യോഗിക സമുദായ സംഘടനയാണ് കെഎല്‍സിഎ.  വിഷയങ്ങള്‍ ഏറ്റെടുക്കാന്‍, കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരാന്‍ ഓരോ സമുദായാംഗത്തിനും ബാധ്യതയുണ്ട്. 

സമുദായത്തിന്‍റ സംഘാത മുന്നേറ്റം

19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി  സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍, എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്‍റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടിട്ടുണ്ട്.  
ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമരകാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാന്നിദ്ധ്യമായിരുന്നു. 1891 ല്‍ നടന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്‍കി. ഇതിന്‍റെ ആദ്യത്തെ തിരുവനന്തപുരം സമ്മേളനത്തിന്  അധ്യക്ഷത വഹിച്ചത് സമുദായംമായിരുന്നു പ്രസിദ്ധ നിയമജ്ഞന്‍ സി എഫ് ലോയിഡ് ആയിരുന്നു. 1930 ല്‍ ലത്തീന്‍ കത്തോലിക്കരുടെ അവകാശ സംരക്ഷണത്തിനായി ഒരു മഹാസമ്മേളനം കൊല്ലത്ത് നടന്നു. തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ അങ്ങനെ ഒരു സംഘടന രൂപം കൊണ്ടു. സ്വാതന്ത്ര്യ സമരസേനാനിയും പില്‍ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗവുമായ റാഫേല്‍ റോഡ്രിഗ്യൂസ് ആയിരുന്നു മുഖ്യ സംഘാടകന്‍. 1931 ല്‍ ലത്തീന്‍ കത്തോലിക്കര്‍ കൊച്ചിയിലും സംഘടിച്ചു.  ഷെവ. എല്‍ എം പൈലിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്ന സംഘടണനയുണ്ടായി. 1935 ല്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതിന്‍റെ ഫലമായി ജനസംഖ്യാനുപാതികമായ സംവരണം സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭ്യാമാകാനുള്ള സാധ്യതയൊരുങ്ങി. അന്ന് തിരുവിതാംകൂറില്‍ 8 ലക്ഷം കണക്കില്‍ ഉണ്ടായിരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് 8 നിയമസഭാ സാമാജികരെ ലഭിക്കാന്‍ ഇതുവഴി സാധിച്ചുവെന്നുവേണം പറയാന്‍. 
ലത്തീന്‍ കത്തോലിക്കരുടെ വിശാല മനോഭാവവും, ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തോടെ അവര്‍ അതിലര്‍പ്പിച്ച വിശ്വാസവും, ഭരണഘടനയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാമെന്ന പ്രതീക്ഷയും കാരണം മറ്റു സമുദായങ്ങളെ പോലെ സമുദായമുന്നേറ്റവുമായി മുന്നോട്ടു പോകാതെ നിലവിലുളള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ സമുദായം നിലകൊണ്ടത്. അത്തരമൊരു മനോഭാവത്തിന്‍റയടിസ്ഥാനത്തില്‍ ബൃഹത്തായ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. അതേസമയം മറ്റുള്ളവര്‍ രാഷ്ട്രീയ വിലപേശലുകള്‍ നടത്തി നേട്ടങ്ങള്‍ കൊയ്തു. 1903 ല്‍ രൂപം കൊണ്ട എസ് എന്‍ ഡി പി യും 1909 ല്‍ രൂപീകൃതമായ കെ പി എം എസും 1914 ല്‍ രൂപം കൊണ്ട എന്‍ എസ് എസും അവരവരുടെ മേഖലയില്‍ സമുദായപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തിപ്പോന്നപ്പോള്‍ ലത്തീന്‍ കത്തോലിക്കര്‍ സഭാ സംവിധാനങ്ങളില്‍ മാത്രമൊതുങ്ങുകയും സമുദായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കാതാവുകയും ചെയ്തു.
കാലത്തോട് കലഹിച്ചില്ല

കാലത്തോട് കലഹിക്കാതെ, അവകാശനിഷേധങ്ങളോട് സന്ധിചെയ്ത് സമുദായം സര്‍വ്വം സഹയായി എല്ലാം സഹിച്ചു. അര ശതമാനം പോലും സംവരണം വെട്ടിക്കുറയ്ക്കാന്‍ ചെറുസമുദായങ്ങള്‍ പോലും സമ്മതിക്കാതിരിക്കുന്ന നിലപാടിനു വിരുദ്ധമായി 7 ശതമാനമുണ്ടായിരുന്ന സാമുദായിക സംവരണം 4 ശതമാനത്തിലെത്തിയപ്പോഴും ലത്തീന്‍ സമുദായത്തിന്‍റെ സര്‍വ്വം സഹ നിലപാടിന് മാറ്റമുണ്ടായില്ല. പക്ഷെ കാലം സമുദായത്തെ മാറ്റി ചിന്തിപ്പിച്ചു. അതിനു മൂലകാരണമായത് സംവരണ അവകാശങ്ങള്‍ക്കുമേല്‍ വന്ന കത്തിവെയ്പ്പുതന്നെയായിരുന്നു. 
ലഭിച്ചുകൊണ്ടിരിക്കുന്ന 4 ശതമാനം സംവരണത്തിനും അവസരങ്ങള്‍ക്കും കുറവുണ്ടാകുമെന്ന് മനസ്സിലായപ്പോള്‍ ഉറങ്ങിക്കിടന്ന സമുദായ വികാരം വീണ്ടും ഉയര്‍ത്തെഴുന്നേറ്റു. പക്ഷെ അതിനുണ്ടായ കാലതാമസം നല്‍കിയ വില വലുതായിരുന്നു. 1952 ല്‍ (17-9-1952) ആംഗ്ളോ ഇന്ത്യന്‍ സമുദായത്തിനുള്‍പ്പെടെ 7 ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഉണ്ടായിരുന്നു. പിന്നീട് അത് 9-4-1956 ല്‍ 6 ശതമാനമാക്കി കുറച്ചു. (ഇക്കാലത്ത് ഒ ബി സി സംവരണം 40 ശതമാനമാക്കി കൂട്ടുകയുമുണ്ടായി). 17-2-1958 ല്‍ ലത്തീന്‍, ആംഗ്ളോ ഇന്ത്യന്‍, എസ് ഐ യു സി എന്നിവ ഒരുമിച്ചുചേര്‍ത്ത് സംവരണം 5 ശതമാനമാക്കി വെട്ടിക്കുറച്ചു. 31-5-1963 ല്‍ അത് 4 ശതമാനമാക്കി. സംവരണം 7 ശതമാനത്തില്‍ നിന്ന് ക്രമേണ 4 ശതമാനത്തിലെത്തിയപ്പോഴും ഈ സമുദായം ഉണര്‍ന്നില്ല, പ്രതിഷേധിച്ചില്ല. അത് പില്‍ക്കാലത്തെ തലമുറയോട് ചെയ്ത അക്ഷന്തവ്യമായ അപരാധമായി കരുതപ്പെടുന്നുവത്രെ. 

ഒരൊറ്റ സമുദായ സംഘടന

1972 മാര്‍ച്ച് 26 ന് കേരളത്തിലെ എല്ലാ രൂപതകളിലെയും അല്‍മായ സംഘടനകളെ ഒന്നിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ എന്ന സമുദായ സംഘടന ജന്മമെടുത്തു. അതിനു നിമിത്തമായതും സംവരണവിഷയം തന്നെയായിരുന്നു. 30-11-1970 ല്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമുദായിക സംവരണ വിഷയത്തില്‍ നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ പുറത്തുവിട്ട ശുപാര്‍ശകളാണ് യഥാര്‍ത്ഥത്തില്‍ ലത്തീന്‍ സമുദായ വികാരം വീണ്ടും ആളിക്കത്തിച്ചത്. മറ്റു പല പൊതു സമരങ്ങളുമൊക്കെ ഈ കാലയളവില്‍ നടന്നുവെങ്കിലും സാമുദായിക ധ്രുവീകരണത്തിന് വഴി തെളിച്ചത് നെട്ടൂര്‍ കമ്മീഷന്‍റെ ചില ശുപാര്‍ശകളായിരുന്നു. ലത്തീന്‍ കത്തോലിക്കര്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ നിലവിലുണ്ടായിരുന്ന 4 ശതമാനം സംവരണം ആവശ്യമില്ലെന്നും, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 2 ഉം  ക്ളാസ് 3 യില്‍ 3 ഉം ആയി യഥാക്രമം സംവരണം വെട്ടിക്കുറക്കണമെന്നായിരുന്നു ശുപാര്‍ശ. സമുദായത്തിന്‍റ ജനസംഖ്യയെന്ന് സഭാതലത്തില്‍ പറഞ്ഞുവച്ചിരുന്നത് അന്ന് 9,26,363 ആയിരുന്നു. പക്ഷെ 7.13 ലക്ഷം മാത്രമാണ് ഈ സമുദായമെന്നും അവര്‍ക്ക് കുറഞ്ഞ സംവരണം മതിയെന്നുമുള്ള നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ കണ്ടെത്തല്‍ വിവാദമായി. ഈ പശ്ചാത്തലത്തില്‍ സമുദായ സംഘടന കെ എല്‍ സി എ എന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
ഇന്ന് സുല്‍ത്താന്‍പേട്ടിലൊഴികെ കേരളത്തിലെ എല്ലാ രൂപതകളിലും കെ എല്‍ സി എ പ്രവര്‍ത്തിക്കുന്നു. ഇക്കാലമത്രയും വിവിധ രൂപതകള്‍ക്ക് തനതായ നിയമാവലികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ കേരളമെമ്പാടും ഒരൊറ്റ നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. 

ലക്ഷ്യം ഇനിയും അകലെ

സമുദായ സംഘടനയെന്നാല്‍ സമുദായത്തിന്‍റെ എല്ല വിഷയങ്ങളും ഏറ്റെടുക്കാന്‍ കഴിയണം. അങ്ങനെ ഏറ്റെടക്കാന്‍ സമുദായ സംഘടനയെ സജ്ജമാക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം സഭയില്‍ അല്‍മായരുടെ വിളിയും ദൗത്യവും സംബന്ധിച്ച് ഘോരഘോരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നു. സാമൂഹിക മേഖല സഭയുടെ നിയന്ത്രണത്തിലല്ല. (രാഷ്ട്രീയം, നീതിന്യായം, കാര്യനിര്‍വ്വഹണം, മാധ്യമങ്ങള്‍) പക്ഷെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. 
7 ല്‍ തുടങ്ങി ഇപ്പോള്‍ 4 ശതമാനത്തില്‍ എത്തി നില്‍ക്കുന്ന സംവരണം മാത്രമല്ല വിഷയം, അനുദിനം ജാഗ്രതയോടെ ഇടപെടേണ്ടേ നിരവധി വിഷയങ്ങളിലൂടെയാണ് ഇന്ന് സമുദായം കടന്നുപോകുന്നത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, ക്രീമിലെയര്‍ തത്വവും, നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തലും സമുദായത്തിന് ശക്തമായ ഇടപെടലുകള്‍ നടത്താനുള്ള അവസരങ്ങളുണ്ടാക്കി. 4370 തൊഴിലവസരങ്ങള്‍ നിങ്ങളില്‍ നിന്ന് തട്ടിയെടുത്തുവെന്ന് നമ്മുടെ ചെറുപ്പക്കാരുടെ മുഖത്തുനോക്കി പല സമുദായനേതാക്കളും പറഞ്ഞുവെങ്കിലും അതൊന്നും മുഖവിലക്കെടുത്ത് സന്ധിയില്ലാ സമരത്തിനിറങ്ങാന്‍ ചെറുപ്പക്കാന്‍ തുനിഞ്ഞില്ല. ഒടുവില്‍ നീക്കുപോക്കുകളുടെ പേരില്‍ ഇനിയുള്ള ആളില്ലാ ഒഴിവുകളില്‍ പ്രത്യേക നിയമനം നടത്താമെന്ന് പറഞ്ഞ് സമുദായത്തെ സമാധാനിപ്പിച്ചു. 
നഷ്ടമായത് നഷ്ടം തന്നെയായി നിന്നു. പക്ഷെ അതിന്‍റെ മറവില്‍ വിദ്യാഭ്യാസ മേഖലയില്‍ 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തില്‍ കൊണ്ടുവന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ പറഞ്ഞിട്ടില്ല. പക്ഷെ കേരളത്തില്‍ അതു നടപ്പാക്കി. അതിനെ എതിര്‍ക്കാന്‍ നമുക്കായില്ല. കാരണം സംവരണവിഭാഗത്തില്‍ പെട്ടയാളാണ് താന്‍ എന്ന് പരസ്യമായി പറയാന്‍ ചെറുപ്പക്കാര്‍ക്കിടയില്‍ അപകര്‍ഷതാബോധമുണ്ടാക്കുന്ന തരത്തിലുള്ള മെറിറ്റ് സങ്കല്‍പ്പങ്ങള്‍ ഒരു വശത്ത് വളര്‍ന്നു വന്നുകഴിഞ്ഞിരുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് സമുദായ സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു കരുത്തുപകരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടാകേണ്ടത്. 

ഒരു കുടക്കീഴില്‍

2002 ല്‍ കെ ആര്‍ എല്‍ സി സി രൂപീകൃതമായപ്പോള്‍ ലത്തീന്‍ സഭയില്‍ അതൊരു പുത്തന്‍ ഉണര്‍വ്വുണ്ടാക്കി. ഏകോപനമെന്നാല്‍ എന്ത് എന്നും സമുദായ സംഘടനയെന്നാല്‍ എന്ത് എന്നും ഇന്നും മനസ്സിലാകാത്ത ജനം ഒരുപാടുണ്ട്. പക്ഷെ ഈ ഏകോപനത്തിലൂടെ സമുദായ സംഘടന കരുത്താര്‍ജ്ജിക്കാന്‍ കഴിയണം എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലൂടെ അവിടെ രൂപം കൊണ്ടിട്ടുള്ള അല്‍മായ ശുശ്രൂഷാ സമിതികളിലൂടെ ഒരു കുടുംബത്തില്‍ ഒരാളെങ്കിലും സമുദായ സംഘടനയില്‍ അംഗമാകണം. കെ ആര്‍ എല്‍ സി സി മെത്രാന്‍മാരും വൈദീകരും സന്യസ്തരും അല്‍മായരും അടങ്ങുന്ന വേദിയാണ്. അവര്‍ക്ക് എല്ലാ സമയത്തും എല്ലാ അധികാരികളോടും പ്രതികരിക്കാനും ആവശ്യങ്ങളുന്നയിക്കാനും പരിമതികളുണ്ട്. പക്ഷെ ആ ദൗത്യം നിക്ഷിപ്തമായിട്ടുള്ളത് സമുദായ സംഘടനയിലാണ്. സമുദായ സംഘടനയെന്ന ചുമരില്‍ എഴുതാന്‍ നേതാക്കളെ സൃഷ്ടിക്കുക സമുദായ സംഘടനയുടെ ഉത്തരവാദിത്വമാണ്. പക്ഷെ ചുമരുണ്ടായാലെ എഴുതാന്‍ സാധിക്കൂ, ചുമരുണ്ടാക്കാനുള്ള ഉത്തരവാദിത്വം സഭയ്ക്കാണ്. ഇന്ന് അല്‍മായ കമ്മീഷനിലൂടെ അല്‍മായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നടക്കുന്നുണ്ട്.
മിഷന്‍ @ സമുദായ സംഘടന

2017 ഒക്ടോബറില്‍ കേരള ലത്തീന്‍ സഭ പുതിയൊരു ചരിത്രമെഴുതും. ആ ചരിത്രം കാലത്തിന്‍റെ ഏടുകളില്‍  നിലനില്‍ക്കണമെങ്കില്‍ സമുദായ മുന്നേറ്റത്തിന് ഒരു ദിശാബോധം നല്‍കാന്‍ ഈ മിഷന്‍ കോണ്‍ഗ്രസ്സിനാകണം. അതിനുള്ള മുന്നൊരുക്കങ്ങളായാണ് ഓരോ മാസവും ഒരോ വിഭാഗത്തിനായി കര്‍മ്മപരിപാടികള്‍ നടപ്പാക്കിയിട്ടുള്ളത്. ഏപ്രില്‍ മാസം അല്‍മായ ശുശ്രൂഷാ മാസമാണ്. കുടുംബത്തില്‍ നിന്നു തുടങ്ങുന്ന സമുദായ ബോധം, മനുഷ്യ മനസ്സുകളിലേക്ക് വളര്‍ത്തിയെടുക്കാനുള്ള നല്ല അവസരമായി ഇതു മാറണം. എന്‍റെ സമുദായത്തെ ഞാന്‍ സ്നേഹിക്കുന്നുവെങ്കില്‍ സഭാ വിശ്വാസത്തിലെ പാകതക്കപ്പുറത്ത് സാമുദായികമായ ഒരു പകത്വതയിലെക്ക് നടന്നടുക്കാന്‍ അടിസ്ഥാനതലത്തില്‍ എനിക്കാകണം. അവിടെ ബി സി സി വേറെ, സമുദായ സംഘടന വേറേ, ഭക്ത സംഘടന വേറെ - ഞാനും ഞാനുമെന്‍റാളും - എന്ന മനോഭാവം മാറണം. വ്യത്യസ്ത ദര്‍ശനങ്ങളോടെ പ്രവര്‍ത്തിക്കുന്നതും ഒരൊറ്റ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കാംക്ഷിക്കുന്നതുമായ സമുദായ ഉന്നമനം എന്നതായിരിക്കണം നമ്മുടെ മിഷന്‍.
--------------------------------------------------------------------------------------------------------------

No comments:

Post a Comment