Wednesday, October 25, 2023

എന്താണെന്നറിയാൻ ആകാംക്ഷയോടെ; നടപടികൾ കാത്ത് പ്രതീക്ഷയോടെ ! | ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചുവെങ്കിലും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. തുടർനടപടികൾ എന്താകണമെന്നതു സംബന്ധിച്ച എഴുത്ത് |

എന്താണെന്നറിയാൻ ആകാംക്ഷയോടെ; നടപടികൾ കാത്ത് പ്രതീക്ഷയോടെ !

| ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചുവെങ്കിലും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. തുടർനടപടികൾ എന്താകണമെന്നതു സംബന്ധിച്ച എഴുത്ത് |  
ഭരണഘടനാപരമായ അവകാശങ്ങള്‍ നമ്മുടെ രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണമെന്നത് പൊതു ആവശ്യവും സാമാന്യ നീതിയുമാണ്. അത്തരത്തില്‍ വിവിധ  "വിഭാഗങ്ങള്‍" എന്നത് ആരൊക്കെയാണ്, ഏതൊക്കെയാണ് എന്ന് തിരിച്ചറിയുന്നത് ഭരണഘടനയില്‍ പറയുന്ന "ക്ളാസ്" എന്ന പദത്തിലൂടെയാണ്. ഈ പറയുന്ന ക്ളാസ് എന്നത് ഓരോ സംസ്ഥാനത്തും നിലവില്‍ തിരിച്ചറിയുന്നത് ജാതിയുടെ/ സമുദായത്തിന്റെ അടിസ്ഥാനത്തിലാണ്. അത്തരത്തില്‍ കേരളത്തില്‍ വിവിധ സമുദായങ്ങള്‍ അവരവരുടെ  ജാതിയുടെ പേരില്‍ അറിയപ്പെടുന്ന, "ക്ളാസ്" എന്ന ഘടനയില്‍ ലഭ്യമാകേണ്ട ഭരണഘടനാപരമായ അവകാശങ്ങളെ പറ്റി സംസാരിക്കാനും പ്രവര്‍ത്തിക്കാനും വേദിയാക്കുന്നത് സമുദായ സംഘടനകളെയാണ്. അതുകൊണ്ടു തന്നെ കേരളത്തില്‍ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങളെ പറ്റി സംസാരിക്കാനും പ്രവര്‍ത്തിക്കാനും ചുമതലയുള്ള സമുദയ പ്രവര്‍ത്തകര്‍ സാമുദായികമായ വിഷയങ്ങളെക്കുറിച്ച് നിരന്തരമായ സംസാരത്തിനും ചര്‍ച്ചയ്ക്കും സദാ സന്നദ്ധരായിരിക്കണം. അത്തരത്തിൽ സമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും തുടർ നടപടികളും. 

കമ്മീഷൻ നിയമനം

ലത്തീന്‍ കത്തോലിക്കരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നിയമസഭയില്‍ കെ എല്‍ സി എ യുടെ ആവശ്യം മാനിച്ച് പി ടി തോമസ് എം എല്‍ എ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. വിശദമായ കൂടിയാലോചനയ്ക്കുശേഷം മറുപടി അറിയിക്കാം എന്ന് അന്നത്തെ വകുപ്പു മന്ത്രി എ കെ ബാലൻ മറുപടിയും നല്‍കിയിരുന്നു. പിന്നീട് എല്ലാ ക്രൈസ്തവരുടെയും പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി 9-2-2021 തീയതി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ശ്രീ ജേക്കബ്ബ് പുന്നൂസ് എന്നിവർ അംഗങ്ങളായി കമ്മീഷനെ നിയമിച്ചു. വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നീ മൂന്നു വിഭാഗങ്ങളായി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ടേംസ് ഓഫ് റഫറന്‍സ്. 

എന്തൊക്കെയായിരുന്നു കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ 

വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നീ 3 തലങ്ങളിലായി ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമാകേണ്ട വിഷയങ്ങളാണ് കമ്മീഷന്‍ പരിഗണിച്ചത്. വിദ്യാഭ്യാസമേഖലയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ വിവേചനം നേരിടുന്നുണ്ടോ എന്ന കാര്യങ്ങള്‍, ഉന്നതവിദ്യാഭ്യാസമേഖലയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ എന്നിങ്ങനെയായിരുന്നു  വിദ്യാഭ്യാസം സംബന്ധിച്ച് പരിഗണിച്ച വിഷയങ്ങള്‍.  

സാമ്പത്തികമേഖലയില്‍, സാമ്പത്തീകമായി പിന്നാക്കാവസ്ഥ നേരിടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗങ്ങളെ സംബന്ധിച്ചും, അവര്‍ സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്നുണ്ടോ എന്നതു സംബന്ധിച്ചും, അവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച പൊതുവായ വിഷയങ്ങളും, ഉള്‍പ്പെട്ടിരുന്നു.  സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ ഏജന്‍സികള്‍ക്കോ, സര്‍ക്കാരിനോ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നീ കാര്യങ്ങളും കമ്മീഷന്‍ പരിഗണനയില്‍ ഉണ്ടായിരുന്ന വിഷയങ്ങളാണ്. 

മത്സ്യത്തൊഴിലാളികള്‍, തീരവാസികള്‍, മലയോരകര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, ലത്തീന്‍ കത്തോലിക്കര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ളതു സംബന്ധിച്ചും, ദളിത് വിഭാഗങ്ങളില്‍ പെടുന്നവരുടെ പ്രത്യേക പിന്നോക്കാവസ്ഥ സംബന്ധിച്ചും, പ്രത്യേകമായി ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ പൊതുമേഖലാ ഉദ്ദ്യോഗതലങ്ങളില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉണ്ടോ എന്നതു സംബന്ധിച്ചും, അതോടൊപ്പം തന്നെ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുവാന്‍ സ്വീകരിക്കേണ്ട നടപടികള്‍  കാര്യങ്ങളെ സംബന്ധിച്ചും ക്ഷേമസംബന്ധമായ ഏതെല്ലാം സഹായം അര്‍ഹിക്കുന്നു എന്നതുമൊക്കെ പഠനവിഷയങ്ങളായിരുന്നു. 

ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇവിടെ പ്രസക്തി അർഹിക്കുന്നു

എത്രത്തോളം പൊതു ഉദ്ദ്യോഗങ്ങളിലെ പങ്കാളിത്തം ലത്തീന്‍ കത്തോലിക്ക- ആംഗ്ളോ ഇന്ത്യന്‍ വിഭാങ്ങള്‍ക്കും ദളിത് ക്രൈസ്തവ എന്നീ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഈ ഘട്ടത്തില്‍ ചര്‍ച്ചകളില്‍ കൊണ്ടുവരുന്നത് ഉചിതമാണ്. ഇതു സംബന്ധിച്ച് ഏറ്റവും ഒടുവിലത്തെ ഔദ്ദ്യോഗിക കണക്കുകളുള്ളത് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ ശുപാര്‍ശകളിലാണ് എന്നതുകൊണ്ടുതന്നെ അത് ഒരു ചൂണ്ടുപലകയായി കണക്കാക്കാം.  2000 ഫെബ്രുവരി 11 നിയമിക്കപ്പെട്ട ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്കിയിരിക്കുന്ന ശുപാര്‍ശകളില്‍ ഇനിയും ഫലപ്രദമാകാതെ ശേഷിക്കുന്ന കാര്യങ്ങള്‍ പഠനവിധേയമാക്കാവുന്നതാണ്.  43 വ്യത്യസ്ത വകുപ്പുകളില്‍ നിന്ന് നിയമന വിവരങ്ങള്‍ ശേഖരിക്കുന്നതിന് നരേന്ദ്രന്‍ കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. 30 വര്‍ഷത്തെ വിവരങ്ങളാണ് നരേന്ദ്രന്‍ കമ്മീഷന്‍ തേടിയതെങ്കിലും 18-6-2001 വരെയുള്ള 11 വര്‍ഷത്തെ മാത്രമാണ് ലഭിച്ചത്. ആ കാലയളവിലെ വിവരങ്ങള്‍ പ്രകാരം മാത്രം, സര്‍ക്കാര്‍,  ലത്തീന്‍ കത്തോലിക്കാ, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് ആകെ 4370 തൊഴിലവസരങ്ങള്‍ നഷ്ടമായി. ദളിത് ക്രൈസ്തവ വിഭാഗത്തിന് 2290 തൊഴിലവസരങ്ങള്‍ നഷ്ടമായി. സരക്കാര്‍, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവയിലാണ് കണക്കെടുപ്പ് നടന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു പ്രകാരം ലത്തീന്‍ കത്തോലിക്കാ, ആംഗ്ലോഇന്ത്യന്‍ വിഭാഗത്തിന് 3.19 % ആണ് മൊത്തത്തില്‍  പ്രാതിനിത്യമുള്ളത്.  അതേ സമയം ലഭിക്കേണ്ട ക്വാട്ട 4% ആണ്.  ദളിത് ക്രൈസ്തവര്‍ക്ക് ആകെ .80 % ആണ് പ്രാതിനിത്യമുള്ളത്. അവര്‍ക്ക് കാറ്റഗറി 1-ല്‍ 2% വും, 3,4,5,6, കാറ്റഗറിയില്‍ 1 % ആണ് സംവരണക്വാട്ട ഉള്ളത്. കാറ്റഗറി 1 തസ്തികയില്‍ (ഏറ്റവും കുറഞ്ഞ ശമ്പളം) 2% ല്‍ അധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.  വിവിധ കാറ്റഗറി പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉയര്‍ന്ന തസ്തികകളില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് തൊഴില്‍ ലഭിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുവേണം ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍. 

സമുദായ സമീപനം എന്തായിരിക്കണം

ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ വിശദമായ പഠനങ്ങള്‍ നടത്തി നിവേദനങ്ങള്‍ നൂറുകണക്കിന് വിവരാവകാശ രേഖകള്‍ സഹിതം ജെ ബി കോശി കമ്മീഷനു നല്‍കി. 4.87 ലക്ഷം നിവേദനങ്ങള്‍ ലഭിച്ചതായാണ് കണക്ക്. 2023 മെയ് മാസം കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാരിന് മുന്നിലുള്ള റിപ്പോര്‍ട്ട് ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വിട്ട് അതില്‍ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകണം. ബന്ധപ്പെട്ട വിഭാഗങ്ങളെ കൂടി ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ച് ഉചിതമായ   നടപടികള്‍ ഉണ്ടാകണം. അധികാര പങ്കാളിത്തം, ഉദ്യോഗ പങ്കാളിത്തം എന്നിവ ലത്തീന്‍ കത്തോലിക്കര്‍ക്ക് ഉറപ്പാക്കുന്നതിന് സമയബന്ധിതമായ നടപടികള്‍ ഉണ്ടാകണം. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് പുറത്തുവിടാനും അതു സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടക്കാനും പരിഹാരനടപടികള്‍ ഉണ്ടാകാനും സമുദായ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം.

|ഷെറി ജെ തോമസ്|

Wednesday, September 27, 2023

ലത്തീൻ കത്തോലിക്കാ സമുദായം നേരിടുന്ന വിവിധ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പിന്നാക്ക സമുദായ സമിതി മുമ്പാകെ കെഎൽസിഎ നൽകിയ ഹർജിയി

ലത്തീൻ കത്തോലിക്കാ സമുദായം നേരിടുന്ന വിവിധ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പിന്നാക്ക സമുദായ സമിതി മുമ്പാകെ കെഎൽസിഎ നൽകിയ ഹർജിയിൽ ലഭിച്ച മറുപടി.


വിവരങ്ങൾ സ്ഥിരമായി അറിയാൻ ചാനൽ പിന്തുടരുക.
https://whatsapp.com/channel/0029Va5412P8kyyIUiCgdS1L

Sunday, September 24, 2023

അവകാശ പോരാട്ടങ്ങളിൽ പരസ്പരം പിന്തുണ നൽകി ഒരുമിച്ചു നീങ്ങാൻ KLCA - KCYM സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനം.

അവകാശ പോരാട്ടങ്ങളിൽ പരസ്പരം പിന്തുണ നൽകി ഒരുമിച്ചു നീങ്ങാൻ KLCA - KCYM സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനം.

കൊച്ചി  : കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭയുടെ സമുദായ സംഘടനയായ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( KLCA ) യും, കേരള ലത്തീൻ കത്തോലിക്കാ സഭയുടെ യുവജന യുവജനപ്രസ്ഥാനമായ KCYM (ലാറ്റിൻ ) നും സമുദായ അംഗങ്ങളുടെ അവകാശ വിഷയങ്ങളിൽ കൂടുതൽ പരസ്പരം സഹകരിക്കാനും  ഒരുമിച്ചു നീങ്ങാനും കൊച്ചിയിൽ നടന്ന ഇരു സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. 

KLCA യുടെ  പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് കെ.സി.വൈ.എം. അതുപോലെ കെ.സി.വൈ.എം പ്രവർത്തങ്ങളിൽ KLCA യുടെ സഹകരണവും നിലവിൽ ഉള്ളതാണ്. ഇരു സംഘടനകളുടെയും സംയുക്ത യോഗം ചേർന്ന്  പ്രവർത്തങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അത് സംബന്ധിച്ച് പ്രായോഗികതലത്തിൽ തുടർ നടപടികൾ കൈക്കൊള്ളാനും തീരുമാനമായി. 

KLCA യുടെ സംസ്ഥാന, രൂപതാ, ഫോറോനാ, യൂണിറ്റ് ഘടകങ്ങളിൽ കെ.സി.വൈ.എം നേതാക്കൾക്ക് ക്ഷണിതാക്കളായി പങ്കെടുക്കാൻ അവസരം ഉണ്ടാകുന്ന തരത്തിൽ നിയമാവലി ഭേദഗതി വരുത്തിക്കഴിഞ്ഞു. 
                  അതുപോലെ തന്നെ കെ.സി.വൈ.എം -ന്റെ സംസ്ഥാന, രൂപതാ , ഫോറോനാ , യൂണിറ്റ് തലങ്ങളിൽ അല്മായ ആനിമേറ്റതായി അതത് ഘടകങ്ങളുടെ പ്രസിഡൻറ് അല്ലെങ്കിൽ കെസിവൈഎം സംഘടനയുമായി കൂടിയാലോചിച്ചു നൽകുന്ന മറ്റൊരു ഭാരവാഹി എന്നിങ്ങനെ കെഎൽസിഎ നേതൃത്വത്തിന്  യുവജന സംഘടനയിൽ ഉപദേശകപങ്കാളിത്തം ലഭിക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ വരുത്താൻ കെസിവൈഎം  ഔദ്യോഗിക തീരുമാനമെടുക്കുന്ന കാര്യവും ധാരണയായി.
                  യോഗത്തിൽ KLCA സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. KRLCC അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ ഡോ ജിജു അറക്കത്തറ യോഗം ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. കെ.സി.വൈ.എം ( ലാറ്റിൻ ) സംസ്ഥാന പ്രസിഡന്റ്‌  കാസി പൂപ്പന , KLCA സംസ്ഥാന ജനറൽ സെക്രട്ടറി  ബിജു ജോസി , കെ.സി.വൈ.എം  ( ലാറ്റിൻ ) സംസ്ഥാന ജനറൽ സെക്രട്ടറി  ജോസ്  വർക്കി  , KLCA സംസ്ഥാന ട്രഷറർ  രതീഷ് ആന്റണി , സിസ്റ്റർ നോർബർട്ട, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ടെന്നിസൺ,  ട്രഷറർ ഫ്രാൻസിസ്, KLCA സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ ജസ്റ്റിൻ കരിപാട്ട് ,  സാബു കാനക്കാപള്ളി , KLCA സംസ്ഥാന സെക്രട്ടറി ഷൈജ ആന്റണി  , കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി അനുദാസ്, കെ.സി.വൈ.എം ലാറ്റിൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോൺ, KCYM വരാപ്പുഴ അതിരൂപത പ്രസിഡന്റ്‌ ആഷ്‌ലിൻ പോൾ, കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് യേശുദാസ് വിപിൻ, കെ എൽ സി എ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയി പാളയത്തിൽ,  രാജീവ്‌ പാട്രിക്, വിൻസ് പെരിഞ്ചേരി, റോയി ഡികുഞ്ഞ, ലൂയിസ് തണ്ണിക്കോട്,  എൻ ജെ പൗലോസ്,  എന്നിവർ സംസാരിച്ചു.

© Kerala Latin Catholic Association 
25.09.23

Monday, September 4, 2023

മുതലപൊഴിയിൽ ശാസ്ത്രിയ പരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച് KLCA മുതലപ്പൊഴി മാർച്ച്‌ നടത്തും

 Kerala Latin Catholic Association


Press Release:

04.09.23


Press Release 


മുതലപൊഴിയിൽ ശാസ്ത്രിയ പരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച് KLCA മുതലപ്പൊഴി മാർച്ച്‌ നടത്തും


കൊച്ചി: മുതലപൊഴിയിൽ അശാസ്ത്രിയമായി പുലിമുട്ട് നിർമിച്ചതിനെ തുടർന്ന് നിരവധി അപകടങ്ങൾ ഉണ്ടാകുകയും ഇക്കാര്യം പല തവണ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിട്ടുള്ള കാര്യമാണ്. 2006 ൽ അശാസ്ത്രിയമായ പുലിമുട്ട് നിർമിച്ചതിനു ശേഷം 125 ൽ അധികം അപകടങ്ങളും 69 ൽ അധികം മരണങ്ങളും 700 ഓളം പേർക്ക് പരിക്ക് പറ്റുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി. ശാസ്ത്രയമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുക, ഇപ്പോൾ നിർമിച്ചിരിക്കുന്ന പുലിമുട്ടിന്റെ അശാസ്ത്രിയത പരിഹരിയ്ക്കുക, സാധാരണയായി മറ്റ് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നഷ്ട്ടപരിഹാരം നൽകുന്നത് പോലെ മുതലപൊഴിയിൽ ദുരന്തത്തിൽ ഇരയായവർക്ക് പ്രത്യേക പാക്കേജ് അനുവദിയ്ക്കുക, അവർക്കായുള്ള നഷ്ട്ടപരിഹാര തുകയും, വീടില്ലാത്തവർക്ക് വീട് നൽകുകയും, മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലി , വായ്പ കുടിശിക എഴുതി തള്ളുക തുടങ്ങിയ ആവശ്യകതകൾ നിരന്തരമായി സർക്കാരിന്റെ മുന്നിൽ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.


ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നടപടികൾ പ്രഖ്യാപിച്ചു എങ്കിലും അവ ഇപ്പോഴും പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല. സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ചെയ്തിരിക്കുന്ന കാര്യങ്ങൾ ഒഴിച്ചാൽ, മണൽ നീക്കം ചെയ്യുന്നതുപ്പെടെയുള്ള നടപടികൾ അദാനിയുടെ ഉത്തരവാദിത്വമാണ് എന്ന രീതിയിൽ ആണ് സർക്കാർ നിലപാട്. ഇപ്പോഴും മണൽ നീക്കം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മുതലപൊഴി വിഷയത്തിൽ അടിയന്തിരമായി നടപടികൾ ഉണ്ടാകണം എന്ന് ആവശ്യപെട്ട് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മുതലപ്പൊഴി മാർച്ച്‌ സംഘടിപ്പിക്കുന്നത്. 


സെപ്റ്റംബർ 17 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് പുതുക്കുറിച്ചിയിൽ നിന്നും , അഞ്ചുതെങ്ങിൽ നിന്നും പദയാത്രകൾ മുതലപൊഴിയിലേക്ക് ആരംഭിയ്ക്കും.

              പദയാത്രകൾ ഒരുമിച്ച് ചേർന്ന് മുതലപൊഴിയിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത KLCA യും , പുതുക്കുറിച്ചി , അഞ്ചുതെങ്ങ് ഫോറോന KLCA സമിതികളുമാണ് സമരത്തിനു അതിഥേയത്വo വഹിക്കുന്നത് . കേരളത്തിലെ 12 രൂപതകളിൽ നിന്ന് നേതാക്കൾ " സമര സാരഥികളായി " സമരത്തിൽ പങ്കെടുക്കും.


മുതലപ്പൊഴി വിഷയത്തിൽ പ്രതികരിച്ചവർക്കെതിരെ കളവായി എടുത്ത കേസുകൾ പിൻവലിക്കണമെന്നും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളിൽ ഒന്നാണ്.


ജൂലൈ മാസം 31 ന് സംസ്ഥാന സർക്കാർ പ്രഖ്യപിച്ച കാര്യങ്ങൾ പൂർണ്ണമായും നടപ്പിലാക്കാത്തതാണ് ഇപ്പോൾ അപകടങ്ങൾ തുടരാൻ കാരണം. മുതലപൊഴിയിൽ നിന്ന് പാറയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി ഉടനെ തുടങ്ങും എന്ന് അറിയിച്ചെങ്കിലും അക്കാര്യങ്ങൾ പൂർത്തിയായിട്ടില്ല. സാൻറ് ബൈപാസിങ് ഉൾപ്പടെയുള്ള പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ തുടങ്ങുന്നതിനു ധാരണയായിട്ടുണ്ടെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല. വീണ്ടും പഠന റിപ്പോർട്ട്‌ കത്തിരിയ്ക്കുന്ന നിലപാട് ശരിയല്ല , ഇതിനോടകം തന്നെ ഈ വിഷയത്തിൽ പഠന റിപ്പോർട്ടുകൾ നിലവിൽ ഉണ്ട്.


വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീർപ്പുകളുടെ ഭാഗമായി ഉണ്ടായിരുന്ന ഒരു നിബന്ധനയാണ് മുതലപൊഴിയിൽ ശാസ്ത്രിയമായ രീതിയിൽ പ്രശ്ന പരിഹാരം ഉണ്ടാക്കാം എന്നുള്ളത്.ഇത് സംബന്ധിച്ച് യാതൊരു ധാരണയും ആയിട്ടില്ല എന്നുള്ളതുമാണ് പ്രക്ഷോഭത്തിനു ഇറങ്ങാൻ കാരണമെന്നു KLCA നേതാക്കൾ പറഞ്ഞു.

        ഇക്കാര്യത്തിനായി ചേർന്ന KLCA യുടെ പ്രത്യേക സംസ്ഥാന മാനേജിങ് കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. കേരള റീജിനൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ശ്രീ ജോസഫ് ജൂഡ് യോഗം ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , ട്രഷറർ രതീഷ് ആന്റണി , വിൻസി ബൈജു , ബേബി ഭാഗ്യോദയം , നൈജു അറക്കൽ , അഡ്വ ജസ്റ്റിൻ കരിപ്പാട്ട് , സാബു കാനക്കപ്പള്ളി , അനിൽ ജോസ്  , ജോസഫ്കുട്ടി കടവിൽ , അഡ്വ മഞ്ജു, ജോൺ ബാബു , പൂവം ബേബി , ഷൈജ ആന്റണി , സാബു വി തോമസ് , ഹെൻറി വിൻസെന്റ് എന്നിവർ പ്രസംഗിച്ചു .



Sherry J Thomas

9447200500

President 


Biju Josey

9447063855

General Secretary 


©| Kerala Latin Catholic Association |

| 04.09.2023 |

എന്തിന് സമുദായക്കൊടിയേന്തണം ?

 എന്തിന് സമുദായക്കൊടിയേന്തണം ? 

അഡ്വ. ഷെറി ജെ തോമസ്

പ്രസിഡന്‍റ്, കെ എല്‍ സി എ 


ജീവിത തിരക്കുകള്‍ക്കിടയിലും ആധുനിക ചിന്തയ്ക്കിടയിലും ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യമാണ് മത-സമുദായ സംഘടനകളുടെ പ്രസക്തി എന്ത് എന്നുള്ളത്. ഇക്കാലത്ത് ഇവയൊന്നും ഇല്ലാതെതന്നെ മനുഷ്യന് സ്വന്തമായി ജീവിക്കാന്‍ സാഹചര്യമുള്ളപ്പോള്‍ എന്തിനാണ് സമുദായത്തിന്‍റെ പേരില്‍ സംഘടിക്കുന്നത് എന്ന് ചോദ്യമുന്നയിക്കുന്നവരുമുണ്ട്. 

അതിന് മതപരമായ മറുപടിയല്ല മറിച്ച്, താത്വികമായ മറുപടിയാണ് നല്‍കാനുള്ളത്. നാം ജീവിക്കുന്ന രാജ്യത്തിന്‍റെ ഭരണഘടന ഉണ്ടാക്കിയത് ലോകത്തിലെ തന്നെ വിവിധ ഭരണഘടനകളില്‍ നിന്ന് നല്ല വശങ്ങള്‍ സ്വാംശീകരിച്ചെടുത്തുകൊണ്ടാണ്. നീതി, തുല്യത എന്നൊക്കെയുള്ള കാര്യങ്ങള്‍ ഈ ഭരണഘടനയുടെ മുഖ്യ ആശയങ്ങളാണ്. രാജ്യത്ത് എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അധികാരപങ്കാളിത്തവും അവസരങ്ങളും ലഭിക്കണമെന്നും ഏതെങ്കിലും വിഭാഗത്തിന് പ്രാതിനിധ്യക്കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അതിനാല്‍ തന്നെ ഭരണഘടനയില്‍ വ്യവസ്ഥകള്‍ ഉണ്ട്. വിവിധങ്ങളായ മതങ്ങളെയും ജാതികളെയും സംസ്കാരങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ബഹുസ്വരതയുടെ പ്രതീകമായി ഇന്ത്യ എന്ന രാജ്യം ഉണ്ടാക്കിയപ്പോള്‍ അവസരങ്ങളും പ്രാതിനിധയവും  എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടോ എന്ന പരിശോധനയില്‍ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന ജാതി / സമുദായം എന്നീ ഘടകങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. 

    കേരളത്തില്‍ കത്തോലിക്കാസഭയിലെ വിവിധ ജാതി, ഉപജാതി വിഭാഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ലത്തീന്‍ കത്തോലിക്ക എന്ന സമുദായപ്പേരില്‍ ഉള്‍പ്പെടുത്തിയാണ് ഭരണഘടനാപരമായ അവസരസമത്വം നല്‍കുന്നതിന് ശ്രമങ്ങള്‍ നടത്തുന്നത്.  ഉദ്യോഗതലത്തില്‍, വിദ്യാഭ്യാസതലത്തില്‍ സംവരണ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത് അതിനുവേണ്ടിയാണ്. അങ്ങനെ എല്ലായിടത്തും പ്രാതിനിധ്യം ലഭിക്കുന്നതിനുവേണ്ടി ഭരണഘടനാപരമായി ഒരുക്കിയിരിക്കുന്ന അവസരസമത്വം ആണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയതിലൂടെ ലഭിക്കാന്‍ സാധ്യതയുള്ളത്. ഈ അവകാശം നിലനിര്‍ത്തുന്നതിനും എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും സമുദായ സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ രാജ്യം നല്‍കുന്ന ഭരണഘടനാപരമായ അവകാശങ്ങളുടെ കാവലായി പ്രവര്‍ത്തിക്കുന്നത് അതത് വിഭാഗങ്ങളുടെ സമുദായ സംഘടനകളാണ്. കേരളത്തില്‍ ഔദ്യോഗിക അല്‍മായ സംഘടനയായ കെഎല്‍സിഎ ആണ് ലത്തീന്‍ കത്തോലിക്കര്‍ക്കുവേണ്ടി ഈ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ചുമതപ്പെട്ടിരിക്കുന്ന പ്രസ്ഥാനം. 

സമുദായ സംഘാടനത്തിന്‍റെ ചരിത്രം

19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി ڔസമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍, എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്‍റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടിട്ടുണ്ട്. ڔ

ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമരകാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാന്നിദ്ധ്യമായിരുന്നു. 1891 ല്‍ നടന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്‍കി. ഇതിന്‍റെ ആദ്യത്തെ തിരുവനന്തപുരം സമ്മേളനത്തിന് ڔഅധ്യക്ഷത വഹിച്ചത് സമുദായംമായിരുന്നു പ്രസിദ്ധ നിയമജ്ഞന്‍ സി എഫ് ലോയിഡ് ആയിരുന്നു. 1930 ല്‍ ലത്തീന്‍ കത്തോലിക്കരുടെ അവകാശ സംരക്ഷണത്തിനായി ഒരു മഹാസമ്മേളനം കൊല്ലത്ത് നടന്നു. തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ അങ്ങനെ ഒരു സംഘടന രൂപം കൊണ്ടു. സ്വാതന്ത്ര്യ സമരസേനാനിയും പില്‍ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗവുമായ റാഫേല്‍ റോഡ്രിഗ്യൂസ് ആയിരുന്നു മുഖ്യ സംഘാടകന്‍. 1931 ല്‍ ലത്തീന്‍ കത്തോലിക്കര്‍ കൊച്ചിയിലും സംഘടിച്ചു. ڔഷെവ. എല്‍ എം പൈലിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്ന സംഘടണനയുണ്ടായി. 1935 ല്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതിന്‍റെ ഫലമായി ജനസംഖ്യാനുപാതികമായ സംവരണം സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭ്യാമാകാനുള്ള സാധ്യതയൊരുങ്ങി. അന്ന് തിരുവിതാംകൂറില്‍ 8 ലക്ഷം കണക്കില്‍ ഉണ്ടായിരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് 8 നിയമസഭാ സാമാജികരെ ലഭിക്കാന്‍ ഇതുവഴി സാധിച്ചുവെന്നുവേണം പറയാന്‍.ڔ

ലത്തീന്‍ കത്തോലിക്കരുടെ വിശാല മനോഭാവവും, ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തോടെ അവര്‍ അതിലര്‍പ്പിച്ച വിശ്വാസവും, ഭരണഘടനയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാമെന്ന പ്രതീക്ഷയും കാരണം മറ്റു സമുദായങ്ങളെ പോലെ സമുദായമുന്നേറ്റവുമായി മുന്നോട്ടു പോകാതെ നിലവിലുളള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ സമുദായം നിലകൊണ്ടത്. അത്തരമൊരു മനോഭാവത്തിന്‍റയടിസ്ഥാനത്തില്‍ ബൃഹത്തായ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി

സംഘടിക്കാനുള്ള ശ്രമങ്ങള്‍

എന്നാല്‍ ശക്തമായ ഒരു സമുദായ സംഘടനയുടെ ആവശ്യം തിരിച്ചറിഞ്ഞ് കൊച്ചി കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് അല്‍മായ നേതാക്കള്‍ 1956 മെയ് 27ന് എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ യോഗം ചേര്‍ന്നു. വിഎസ് ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ വിവിധ ലത്തീന്‍ കത്തോലിക്കാ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് മീറ്റിംഗ് വിളിച്ചുചേര്‍ക്കാന്‍ 7 അംഗ കമ്മിറ്റിയെ നിയോഗിച്ചു. അങ്ങനെ  മറ്റൊരു യോഗം 1956 ജൂലൈ എട്ടിന് ആലപ്പുഴ ബിഷപ്പ് ഹൗസില്‍ ചേര്‍ന്നു. 

അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്ന കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസിന് 10 വര്‍ഷത്തോളം അതിന്‍റെ വാര്‍ഷിക യോഗം പോലും ചേരാനായില്ല എന്നാണ് രേഖപ്പെടുത്തിക്കണ്ടത്. 1956 നവംബര്‍ 11ന് തിരുവിതാംകൂര്‍ മഹാജനസഭയുടെ ഇരുപത്തിയൊന്നാമത് വാര്‍ഷികം കൊല്ലത്ത് നടന്നപ്പോള്‍ ബിഷപ്പ് പെരേര അഭിപ്രായപ്പെട്ടത് ഈ സമുദായത്തിന്‍റെ ഇടുങ്ങിയ ചിന്താഗതിയും ധൂര്‍ത്തുമാണ് സംഘാടനത്തിന് തടസ്സമെന്നും അത് ഉപേക്ഷിച്ച പുറത്തുവരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. എല്‍ ജി പെരേരയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

1959 സെപ്റ്റംബര്‍ 12ന് എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട് കോളേജില്‍ യോഗം ചേരുകയും അഖില കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രൊഫ ടി ജെ ജോബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒരു താല്‍ക്കാലിക കമ്മിറ്റി രൂപീകരിക്കപ്പെട്ടു. 1960 ഏപ്രില്‍ 9 ന് ഓള്‍ കേരള ലാറ്റിന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ താല്‍ക്കാലിക സമിതിയുടെയും തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ മഹാജനസഭയുടെയും സംയുക്ത യോഗം തിരുവനന്തപുരത്ത് ചേര്‍ന്ന് കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസുമായി ഒരുമിച്ച് സംഘടനാശക്തി ആകാന്‍ തീരുമാനിച്ചു. എന്നാല്‍ പി ജെ ഡിക്കോസ്താ ഒരു പ്രസ്താവന ഇറക്കുകയും 1960 മാര്‍ച്ച് 6 ന് തങ്ങള്‍ അഖില കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപീകരിച്ചുവെന്നും അദ്ദേഹത്തെ അതിന്‍റെ പ്രസിഡന്‍റ് ആയി 1960 ഒക്ടോബര്‍ 11 ന് 21 അംഗകമ്മിറ്റി തിരഞ്ഞെടുത്തതായും പ്രസ്താവിച്ചു. അത് ഒരു റിബല്‍ ഗ്രൂപ്പായിരുന്നു പിന്നീട് ഒന്നും അതിനെപ്പറ്റി കേള്‍ക്കുകയുണ്ടായില്ല എന്ന് ഡോ. ഇ പി ആന്‍റണി എഴുതിയ ചരിത്ര പുസ്തകത്തില്‍ പറയുന്നു. എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ വെച്ച് യോഗം ചേര്‍ന്നുവന്നും എല്ലാ രൂപതകളില്‍ നിന്നും ഉള്ള പ്രതികള്‍ ചേര്‍ന്ന് ഓള്‍ കേരള അസോസിയേഷന്‍ രൂപീകരിച്ചു എന്നും 1960 നവംബര്‍ അഞ്ചിന് സത്യനാദം റിപ്പോര്‍ട്ട് ചെയ്തതായി കാണാം. സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി 1961 സെപ്റ്റംബര്‍ രണ്ടിന് സത്യനാദം റിപ്പോര്‍ട്ട് ചെയ്തിരുന്നു പക്ഷേ പിന്നീട് അതിനെപ്പറ്റി ഒന്നും കേട്ടില്ല.

തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ മഹാജനസഭ,  കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ്, വടക്കന്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ എന്നിവ ചരിത്രമായി മാറി. എന്നിരുന്നാലും 1967 ഒക്ടോബര്‍ 12ന് വരാപ്പുഴ അതിരൂപതയുടെ നേതാക്കള്‍ കേരള ടൈംസ് ഓഫീസില്‍ സംഘടിച്ച് അതിരൂപത കാത്തലിക് അസോസിയേഷന്‍ പുനസംഘടിപ്പിക്കുന്നതിന് ഇ പി ആന്‍റണിയെ കണ്‍വീനറായി തിരഞ്ഞെടുത്തു. 1967 നവംബര്‍ 26 ന് എല്‍ എം പൈലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജെ ഡി വേലിയാത്ത് പ്രസിഡന്‍റായും ഇ പി ആന്‍റണി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്‍ കാത്തലിക് യൂണിയന്‍ ഓഫ് ഇന്ത്യയില്‍ അഫിലിയേറ്റ് ചെയ്തിരുന്നു. 

സംസ്ഥാന സംഘടന

സംസ്ഥാന അടിസ്ഥാനത്തില്‍ വീണ്ടും ലത്തീന്‍  കത്തോലിക്കാ  സംഘടന ശക്തമായതിന് കാരണം സംവരണ വിഷയം തന്നെയായിരുന്നു.  30-11-1970 ല്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമുദായിക സംവരണ വിഷയത്തില്‍ നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ പുറത്തുവിട്ട ശുപാര്‍ശകളാണ് യഥാര്‍ത്ഥത്തില്‍ ലത്തീന്‍ സമുദായ വികാരം വീണ്ടും ആളിക്കത്തിച്ചത്. മറ്റു പല പൊതു സമരങ്ങളുമൊക്കെ ഈ കാലയളവില്‍ നടന്നുവെങ്കിലും സാമുദായിക ധ്രുവീകരണത്തിന് വഴി തെളിച്ചത് നെട്ടൂര്‍ കമ്മീഷന്‍റെ ചില ശുപാര്‍ശകളായിരുന്നു. ലത്തീന്‍ കത്തോലിക്കര്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ നിലവിലുണ്ടായിരുന്ന 4 ശതമാനം സംവരണം ആവശ്യമില്ലെന്നും, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 2 ഉം ڔക്ളാസ് 3 യില്‍ 3 ഉം ആയി യഥാക്രമം സംവരണം വെട്ടിക്കുറക്കണമെന്നായിരുന്നു ശുപാര്‍ശ. സമുദായത്തിന്‍റ ജനസംഖ്യയെന്ന് സഭാതലത്തില്‍ പറഞ്ഞുവച്ചിരുന്നത് അന്ന് 9,26,363 ആയിരുന്നു. പക്ഷെ 7.13 ലക്ഷം മാത്രമാണ് ഈ സമുദായമെന്നും അവര്‍ക്ക് കുറഞ്ഞ സംവരണം മതിയെന്നുമുള്ള നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ കണ്ടെത്തല്‍ വിവാദമായി. 

വരാപ്പുഴ അതിരൂപത, ആലപ്പുഴ, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ രൂപതകളുടെ നേതാക്കള്‍ 1971 ഓഗസ്റ്റ് എട്ടിന് ജി എം ഫെറിയയുടെ അധ്യക്ഷതയില്‍ കൊല്ലത്ത് യോഗം ചേര്‍ന്ന് ലത്തീന്‍ കത്തോലിക്കാ അവകാശ സംരക്ഷണ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. 1971 സെപ്റ്റംബര്‍ 19 ന് അവര്‍ വീണ്ടും ആലപ്പുഴ ലിയോ പതിമൂന്നാമഥ സ്കൂളില്‍ യോഗം ചേരുകയും കെ ജെ ബെര്‍ളി പ്രസിഡന്‍റായും ഇ പി ആന്‍റണി ജനറല്‍ സെക്രട്ടറിയായും  ലത്തീന്‍ കത്തോലിക്ക അവകാശ സംരക്ഷണ സമിതി രൂപീകരിച്ചു. അഖില കേരള അടിസ്ഥാനത്തില്‍ സംഘടന രൂപീകരിക്കാന്‍ നേതൃത്വം നല്‍കാന്‍ ജനറല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. അതിനെ തുടര്‍ന്ന് 1971 ഒക്ടോബര്‍ രണ്ടിന് വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുടെ ഒരു യോഗം കോളേജ് ഹോളില്‍ ചേരുകയും ഇ പി ആന്‍റണി കണ്‍വീനറായി താല്‍ക്കാലിക സമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു. 

1972 മാര്‍ച്ച് 26 ന് വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കൊല്ലം, തിരുവനന്തപുരം, വിജയപുരം എന്നീ രൂപതയില്‍ നിന്നുള്ള പ്രതിനിധികള്‍ സെന്‍റ് ആല്‍ബര്‍ട്ട്സ്  കോളേജില്‍ ഒരുമിച്ച് ചേര്‍ന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപീകരിച്ചു. സംഘടന ഇല്ലാതിരുന്നതുകൊണ്ട് ആലപ്പുഴയിലെയും വിജയപുരത്തെയും ബിഷപ്പുമാര്‍ നോമിനേറ്റ് ചെയ്ത പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. മറ്റ് രൂപതകള്‍ അവരുടെ ജനറല്‍ബോഡി തെരഞ്ഞെടുത്തത് പ്രകാരം പ്രതിനിധികളെ അയച്ചു. ആ യോഗം ആര്‍ച്ച്ബിഷപ്പ് ജോസഫ് കേളന്തറ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം കാത്തലിക് അസോസിയേഷന്‍ പ്രസിഡന്‍റ് ടി ജെ മൊറൈസ്  അധ്യക്ഷത വഹിച്ചു. കെ ജെ ബെര്‍ളി പ്രസിഡന്‍റായും ഇ പി ആന്‍റണി ജനറല്‍ സെക്രട്ടറിയായും  തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കേരളത്തിലെ ലത്തീന്‍ രൂപതകളിലെ അല്‍മായ സംഘടനകളെ ഒന്നിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ എന്ന സമുദായ സംഘടന ജന്മമെടുത്തു. 

1974 ഒക്ടോബര്‍ 20ന് മുപ്പതോളം സംഘടനകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്ത് പിന്നാക്ക വിഭാഗ ഫെഡറേഷന് രൂപം നല്‍കുന്നതിന് കെ എല്‍ സി എ മുന്‍കൈയെടുത്ത് എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട് കോളേജില്‍ യോഗം ചേര്‍ന്നു. സമിതി പ്രസിഡണ്ടായി എന്‍ ശ്രീനിവാസനും ജനറല്‍ സെക്രട്ടറിയായി ഇ പി ആന്‍റണിയും തെരഞ്ഞെടുക്കപ്പെട്ടു. 1975 മാര്‍ച്ച് 24 25 തീയതികളില്‍ തിരുവനന്തപുരം സെന്‍റ് ജോസഫ് സ്കൂളില്‍ നടന്ന കെഎല്‍സിഎ രണ്ടാമത് വാര്‍ഷികത്തില്‍ വനിതാ വിഭാഗവും യുവജന വിഭാഗവും രൂപീകരിക്കുന്നതിന് തീരുമാനിച്ചു. 

എന്താണ് നാം ചെയ്യേണ്ടത്

കേരളത്തില്‍ ഇന്ന് ലത്തീന്‍ കത്തോലിക്കാ സമുദായം കെഎല്‍സിഎ എന്ന സമുദായ സംഘടനയിലൂടെ സമുദായിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 2002 ല്‍ കെആര്‍എല്‍സി രൂപീകൃതമായതിനു ശേഷം സമുദായ പ്രവര്‍ത്തനങ്ങളുടെ നയപരമായ ഏകോപന സമിതിയായി കെആര്‍എല്‍സിസി പ്രവര്‍ത്തിക്കുന്നു. കെ എല്‍ സി എ പൊതു അല്മായ സംഘടനയായി സാമൂഹ്യ സമുദായിക വിഷയങ്ങളില്‍ ഇടപെടുന്ന തരത്തില്‍ നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകത 2023 ല്‍ കൊച്ചിയില്‍ നടന്ന കെ ആര്‍ എല്‍ സി സി ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ചയാവുകയും കെ എല്‍ സി എ യെ പൊതു സംഘടനയായി കാണുകയും കെ എല്‍ സി എ എന്ന സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടകള്‍ ഉണ്ടാകണമെന്ന് വിലയിരുത്തുകയും ചെയ്തു. ഈ കാലത്ത് ലത്തീന്‍ സമൂഹത്തിന്‍റെ നാവായി പ്രവര്‍ത്തിക്കാന്‍, ഒരൊറ്റ ശബ്ദമായി ഒരൈക്യ ശക്തിയായി സമുദായത്തിനു  വേണ്ടി നിലകൊള്ളാന്‍ കെ എല്‍ സി എ എന്ന സമുദായ സംഘടനയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്.  

#Klca

#Klca State committee 


Thursday, July 20, 2023

Petition by Klca before Kerala Legislative Committee for OBC

*Kerala Latin Catholic Association*

Press Release:
15.06.23


*വിദ്യാഭ്യാസ സംവരണം ഉയർത്തണം, സാമ്പത്തിക സംവരണം നിലവിലുള്ള രീതി പുന പരിശോധിക്കണം, എല്ലാ തലങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിത്യം വേണം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പിന്നാക്ക വിഭാഗങ്ങൾക്കുള്ള നിയമസഭാ കമ്മീഷനിൽ പരാതി നൽകി* 

കൊച്ചി: ഉദ്യോഗ സംവരണം നാല് ശതമാനം ഉണ്ടായിട്ട് കൂടി ഉയർന്ന സർക്കാർ തസ്തികകളിൽ ലത്തീൻ കത്തോലിക്കർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. പോസ്റ്റ് ഗ്രാജുവേഷൻ, ഗ്രാജുവേഷൻ  മേഖലകളിൽ വിദ്യാഭ്യാസ  സംവരണം 1% മാത്രമായി തുടരുന്നത് ഫലത്തിൽ ഒന്നും ലഭിക്കാത്തതിന് തുല്യമാണ്. ഇ ഗ്രാൻഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എയ്ഡഡ് കോളേജുകളിൽ കമ്മ്യൂണിറ്റി കോട്ടയിൽ മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്കും ഇപ്പോൾ നൽകുന്നില്ല. സ്കോളർഷിപ്പ്,  വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയവയിൽ വിവേചനം നേരിടുന്നു, പിന്നാക്ക ന്യൂനപക്ഷം എന്ന നിലയിൽ പ്രത്യേക ആനുകൂല്യം വേണം,  അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സംരക്ഷണം നൽകണം, സഹകരണ മേഖലയിലും കരാർ നിയമനങ്ങളിലും സംവരണം ഉറപ്പാക്കണം, വിവിധയിടങ്ങളിൽ ജനകീയ സമരത്തിൻറെ ഭാഗമായി സമുദായ അംഗങ്ങൾക്കെതിരെ എടുത്തിരിക്കുന്ന കളവായ കേസുകളിൽ പ്രോസിക്യൂഷൻ പിൻവലിക്കണം തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കെഎൽസിഎ പിന്നോക്ക വിഭാഗങ്ങൾക്കുള്ള നിയമസഭാ കമ്മീഷനിൽ പരാതി നൽകി. എറണാകുളത്ത് നടന്ന സിറ്റിങ്ങിൽ നേരിട്ട് എത്തിയാണ് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പരാതി നൽകിയത്. സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവരുടെ പേരിൽ സംയുക്തമായാണ് പരാതി തയ്യാറാക്കിയിട്ടുള്ളത്. കെആർഎൽസിസിക്ക് വേണ്ടി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡും  പരാതി നൽകിയിട്ടുണ്ട്. 

Sherry J Thomas
9447200500

Biju Josy
9447063855

©| Kerala Latin Catholic Association |
| 15.06.2023 |

മുതലപ്പൊഴി അപകടം- പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം- KLCA

*Kerala Latin Catholic Association*

Press Release:
15.07.23

*മുതലപ്പൊഴി അപകടം- പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം*

കൊച്ചി: മുതലപ്പൊഴിയിൽ പുലിമുട്ട് ഉണ്ടാക്കിയതിനുശേഷം ഉണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. 2006 ൽ പുലിമുട്ട് നിർമ്മിച്ചതിനുശേഷം 125 അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 69 ലധികം മരണവും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.   മുതലപ്പൊഴിയിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവർക്ക്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ജീവനോപാധി നഷ്ടമായവർക്കും  പ്രത്യേക പാക്കേജിലൂടെ നഷ്ടപരിഹാരം നൽകണം. 

മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന്  നിരന്തരമായി ആവശ്യപ്പെടുന്നുവെങ്കിലും  അക്കാര്യത്തിൽ ഇതുവരെ നടപടികൾ പൂർത്തിയായിട്ടില്ല. അതിൻറെ ഫലമായാണ് കഴിഞ്ഞ ദിവസവും നാലുപേർ മരണപ്പെട്ടത്. യഥാർത്ഥത്തിൽ അതിൻറെ ഉത്തരവാദിത്വം പ്രശ്നപരിഹാരം നീട്ടിക്കൊണ്ടു പോകുന്നവരുടെ ചുമലിലാണ്. നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സ്ഥിരം ജീവൻ രക്ഷാസംവിധാനങ്ങൾ ഉണ്ടാകണമെന്ന് ആവശ്യവും നിറവേറ്റപ്പെട്ടില്ല. എന്ത് കാരണങ്ങൾ കൊണ്ടാണ് മുതലപ്പൊഴിയിൽ ശാസ്ത്രീയമായ രീതിയിൽ പ്രശ്നപരിഹാരം നടക്കാത്തത് എന്ന് സർക്കാർ വ്യക്തമാക്കണം. അതിൻറെ അടിസ്ഥാനത്തിൽ ആരാണ് ഉത്തരവാദികൾ എന്ന് പറയുകയും വേണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട്  കേരള ലാറ്റിൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയന്  നൽകിയ കത്തിൽ അഭ്യർത്ഥിച്ചു. 

Sherry J Thomas
9447200500
President 

Biju Josy
9447063855
General Secretary 

©| Kerala Latin Catholic Association |
| 15.07.2023 |

Klca Condemn Manipur Attack on women

*Kerala Latin Catholic Association*

Press Release:
20.07.23


*ഇന്ത്യൻ ഭരണകൂടത്തിന്റെ സ്ത്രീസുരക്ഷാ സംവിധാനങ്ങളുടെ കരണത്തേറ്റ അടിയാണ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ* 

കൊച്ചി: ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും ലജ്ജാകരവും പ്രാകൃതവും പൈശാചികവുമായ  പ്രവർത്തനങ്ങളാണ് മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളായി തുടരുന്ന ഈ ഭീകരാവസ്ഥ നിയന്ത്രിക്കാൻ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്നവരാണ് യഥാർത്ഥത്തിൽ ഈ ആക്രമണങ്ങൾക്ക് മറുപടി പറയേണ്ടത്.   സ്ത്രീകൾ ഇത്തരത്തിൽ  ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നിൽ തന്നെ രാജ്യത്തിന് അപമാനമാണ്. മണിപ്പൂരിലെ സഹോദരിമാരെ ഇത്തരം ക്രൂരതകൾക്ക് വിട്ടു കൊടുക്കേണ്ടിവന്നതിന് രാജ്യം മുഴുവൻ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നത്. 

മണിപ്പൂർ ജനതയ്ക്ക് വേണ്ടി പൊതുസമൂഹം ഒന്നാകെ ഉണർന്ന് പ്രതികരിക്കണം. പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 21 വെള്ളിയാഴ്ച വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ സമാനമനസ്കരെയും സംഘടനകളെയും സഹകരിപ്പിച്ച് പ്രതികരണ പരിപാടികൾ സംഘടിപ്പിക്കാൻ കെഎൽസിഎ സംസ്ഥാന സമിതി ആഹ്വാനം ചെയ്തതായി  പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു. കെഎൽസിഎ വനിതാ നേതാക്കളായ വിൻസി ബൈജു, അഡ്വ. മഞ്ജു ആർ എൽ, ഷൈജ ടീച്ചർ, മോളി ചാർലി എന്നിവർ നേതൃത്വം നൽകും. 

*ബിജു ജോസി കരുമാഞ്ചേരി* 
ജനറൽ സെക്രട്ടറി



Sherry J Thomas
President
9447200500

Biju Josy
General Secretary 
9447063855

Vincy Baiju
Vice President
91425 25810

©| Kerala Latin Catholic Association |
| 20.07.2023 |

Tuesday, April 11, 2023

Klca Statement

|Kerala Latin Catholic Association,
State Committee |

Press Release 
10.04.2023

*ഭാരതത്തിലെ ക്രൈസ്തവർ നേരിടുന്ന വിഷയങ്ങൾ മനസ്സിലാക്കി പ്രതികരിക്കാൻ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് തിരിച്ചറിവുണ്ട്* 
-കെഎൽസിഎ 

കൊച്ചി: വിവിധ രാഷ്ട്രീയകക്ഷികളുടെ നയങ്ങളും അതിൻറെ അടിസ്ഥാനത്തിൽ അവർ ക്രൈസ്തവരോട് പൊതുവെ എടുക്കുന്ന നിലപാടുകളും മനസ്സിലാക്കാനുളള തിരിച്ചറിവ് കേരളത്തിലെ ക്രൈസ്തവർക്ക് ഉണ്ട് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മതമേലധ്യക്ഷന്മാരെ കാണുന്ന സംഭവങ്ങൾ സ്വാഭാവികമാണ്. അതിലപ്പുറം വലിയ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും അതിന് കാണേണ്ടതില്ല.  

ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വിഷയങ്ങൾ, സ്റ്റാൻ സ്വാമി വിഷയം,  ദലിത് ക്രൈസ്തവർക്ക് ലഭിക്കേണ്ട പട്ടികജാതി പദവി അന്യായമായി നിഷേധിക്കപ്പെടുന്ന നിലപാട്, വിഴിഞ്ഞം സമരത്തിനെതിരെ കൈക്കൊണ്ട നിലപാട്, ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം സഭകളിൽ ഇല്ലാതാക്കിയ വിഷയം, വിദ്യാഭ്യാസ സ്കോളർഷിപ്പ്,  ഭരണകേന്ദ്രങ്ങളിലുള്ള ജനസംഖ്യാനുപാതികമായ പങ്കാളിത്തം   എന്നിവയൊക്കെ ചർച്ചകൾക്ക് വിധേയമാക്കപ്പെടേണ്ട കാര്യങ്ങളാണ്. അത്തരം വിഷയങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും രാഷ്ട്രീയ നിലപാടുകൾ ഉണ്ടാവുക. 

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാർട്ടി ഭാരവാഹിത്വത്തിൽ ഉൾപ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുണ്ടോ എന്ന് പുനപരിശോധിക്കാൻ കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ അവസരത്തിൽ തയ്യാറാകണം.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡൽഹി കത്തീഡ്രലിൽ നടത്തിയ സന്ദർശനം ശുഭസൂചനയെങ്കിലും തുടർച്ചയായി കൈസ്തവർക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും കെ എൽ സി എ പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. 

Sherry J Thomas
9447200500

Biju Josy
9447063855

©| Kerala Latin Catholic Association |
| 10.04.2023 |

Samvarana Samudaya Munnani

സംവരണ സമുദായ മുന്നണിയും ഓൾ ഇന്ത്യ ബാക്ക് ബോർഡ് ക്ലാസ്സ് ഫെഡറേഷനും ചേർന്ന് നടത്തുന്ന സെമിനാർ- നേതൃ സമ്മേളനം. പ്രഫ. ഡോ. മോഹൻ ഗോപാൽ സംസാരിക്കുന്നു. 

_(സംവരണ സമുദായങ്ങളുടെ ഏകോപന സംവിധാനമാണ് സംവരണ സമുദായ മുന്നണി. കെഎൽസിഎ ഈ മുന്നണിയിൽ മുഖ്യപങ്ക് വഹിക്കുന്നു. സംസ്ഥാന വികസന വകുപ്പ് ഡയറക്ടർ വി ആർ ജോഷി നേതൃത്വം നൽകുന്ന ഏകോപന സമിതിയാണ് ഓൾ ഇന്ത്യ ബാക്ക് വേർഡ് ക്ലാസ്സ്സ് ഫെഡറേഷൻ.)_

Wednesday, April 5, 2023

സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

|Kerala Latin Catholic Association,
State Committee |

Press Release 
05.04.2023

*സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്*

കൊച്ചി : വർഷങ്ങളായി സംസ്ഥാനത്തെ ജയിലുകളിൽ നടത്തിവന്നിരുന്ന വിശുദ്ധ വാര തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന നിർദ്ദേശങ്ങൾ പുന പരിശോധിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. 
കത്തോലിക്ക സഭയുടെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായി നടന്നുവന്നിരുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾ ഇത്തവണ ജയില്‍ ഡിജിപി യുടെ വകുപ്പ് തലത്തിലുള്ള നിര്‍ദ്ദേശം മുഖേനെ വിലക്കിയിരിക്കുന്നു എന്നതാണ് പരാതി.

ശിക്ഷാവിധികളിലൂടെ കുറ്റവാളികളില്‍ പരിവര്‍ത്തനം ഉണ്ടാകുക എന്നത് ഇന്ത്യയുടെ ക്രിമിനല്‍ നിയമസംഹിതയുടെ ഭാഗമായിത്തന്നെ വിവക്ഷിക്കുന്ന കാര്യമാണ്. അത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വിവിധ ആത്മീയ സന്നദ്ധസംഘടനകള്‍ ജയിലുകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്രദമാണ്.   

അതുകൊണ്ട് ജയിലുകളില്‍ വിശുദ്ധകുര്‍ബാനയുള്‍പ്പെടെയുള്ള ആത്മീയ ആവശ്യങ്ങള്‍ വിലക്കിയ നടപടി അടിയന്തിരമായി പുനപരിശോധിച്ച് ഈ വിശുദ്ധവാരത്തിലും തിരുക്കര്‍മ്മങ്ങള്‍ ജയിലുകളില്‍ തുടരുന്നതിന് നിര്‍ദ്ദേശം നല്‍കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎൽസിഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, ആധ്യാത്മിക ഉപദേഷ്ടാവ് മോൺ. ജോസ് നവാസ്  എന്നിവർ സംയുക്തമായി നൽകിയ കത്തിന്റെ  പകർപ്പ് ജയിൽ ഡിജിപി ക്കും നൽകിയിട്ടുണ്ട്. 

Sherry J Thomas
9447200500

Biju Josy
9447063855

©| Kerala Latin Catholic Association |
| 05.04.2023 |

klca golden Jubilee meet 2023

സുവര്‍ണ്ണ ജൂബിലി സമ്മേേളനം - ലത്തീന്‍ സമുദായത്തിന്‍റെ അവകാശപ്രഖ്യാപന വേദിയായി

കൊച്ചി : രാഷ്ട്രീയമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലത്തീന്‍ സമുദായത്തിന്‍റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍റെ സുവര്‍ണ്ണജൂബിലി സമ്മേളനം മാറി. ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ പങ്കെടുത്ത റാലികള്‍ സമ്മേളന വേദിയായ ഷെവലിയാര്‍ കെ ജെ ബെര്‍ളി നഗറില്‍ സംഗമിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം കെ ആര്‍ എല്‍ സി സി പ്രസിഡന്‍റ് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയത്തില്‍ സമുദായത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇത് ആവശ്യമാണ്.
പിന്നാക്ക ദുര്‍ബല വിഭാഗങ്ങളുടെ ഐക്യത്തിനും അവകാശസംരക്ഷണത്തിനും  ഇതര വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതിനും അതിനെ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി വളര്‍ത്തുന്നതിനും ലത്തീന്‍ സമുദായം നേതൃത്വം നല്‍കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
ഭരണഘടനാ പരമായ വിദ്യാഭ്യാസ, ഉദ്യോഗ സംവരണങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന സാമൂഹിക നീതിക്കെതിരായ പ്രതികൂല നയങ്ങള്‍ തിരുത്തണമെന്നും സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്ക മുന്നാക്ക വിഭാഗങ്ങളുടെ അധികാരപങ്കാളത്തത്തിലെ അന്തരം വര്‍ദ്ദിപ്പിക്കുന്ന  നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  
തീര നിയന്ത്രണ വിജ്ഞാപനം മൂലം തടസ്സപ്പെട്ടിരിക്കുന്ന തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാകളുടെയും ഭവനനിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രാദേശിക വികസനപദ്ധതികള്‍ മുന്നോട്ടുപോകുന്നതിന് സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരണക്കണം.
തീരവാസികളെ ബാധിക്കുന്ന വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുമ്പോള്‍ മാന്യമായ പുനരധിവാസപാക്കേജുകള്‍ ഉറപ്പാക്കുകയും പദ്ധതി രൂപീകരണത്തില്‍ തീരവാസികളുടെ പങ്കാളിത്തം ഉണ്ടാകുകയും വേണം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഗുരുതരമായ തീരശോഷണവും കടലാക്രമണവും നേരിടുന്ന പ്രദേശങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കണം. ചെല്ലാനം മാതൃകയിലുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ സാധ്യതകള്‍ പരിശോധിക്കണം. ചെല്ലാനത്തെ കടല്‍ഭിത്തിയുടെ രണ്ടാം ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിക്കുകയും മഴക്കാത്തിനു മുമ്പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂത്തിയാക്കുകയും വേണം.
വിഴിഞ്ഞം വിഷയത്തില്‍ ലത്തീന്‍ സമുദായത്തെ ഒറ്റപ്പെടുത്തിയ സര്‍ക്കാര്‍ നടപടികളില്‍ സമ്മേളനം ശക്തമായി പ്രതിഷേധം അറിയിക്കുകയും, നീതിരഹിതമായി സഭാമേലധ്യക്ഷന്‍മാര്‍ക്കും സമുദായാംഗങ്ങള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം.
ലത്തീന്‍ സമുദായാംഗങ്ങള്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ റവന്യൂ അധികാരികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം.    

തീരനാട്ടിലും ഇടനാട്ടിലും മലനാട്ടിലുമായി 12 രൂപതകളില്‍ വ്യാപിച്ചുകിടക്കുന്ന 20 ലക്ഷത്തോളം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ പ്രതിനിധികള്‍  സമ്മേളനത്തില്‍ പങ്കെടുത്തു. റാലിയും സമ്മേളനവും സമുദായത്തിന്‍റെ ഐക്യവും കെട്ടുറപ്പും രാഷ്ട്രീയ അധികാര വര്‍ഗ്ഗത്തെ ബോധ്യപ്പെടുത്തുന്നതായി.
കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തി. കെ എല്‍ സി എ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഹൈബി ഈഡന്‍ എം പി, ബിഷപ്പുമാരായ റൈറ്റ് റവ. ജോസഫ് കാരിക്കശ്ശേരി (കോട്ടപ്പുറം), , റൈറ്റ് റവ. ജെയിംസ് ആനാപറമ്പില്‍ (ആലപ്പുഴ), മോണ്‍ മാത്യു കല്ലിങ്കല്‍ (വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍), മോണ്‍ ഷൈജു പര്യാത്തുശ്ശേരി (കൊച്ചി രൂപത വികാര്‍ ജനറല്‍), കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെ ആര്‍ എല്‍ സി സി ജനറല്‍ സെക്രട്ടറി തോമസ് തറയില്‍,  കെ എല്‍ സി എ ജനറല്‍ സെക്രട്ടറി ബിജു ജോസി, മുന്‍ സംസ്ഥാന പ്രസിഡന്‍റും ജൂബിലി ചെയര്‍മാനുമായ ആന്‍റണി നൊറോണ, ജനറല്‍ കണ്‍വീനര്‍ ടി എ ഡാല്‍ഫിന്‍, ശ്രീ. പ്രൊ: കെ. വി. തോമസ്, കേരള സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി, ശ്രീ. കെ.ജെ. മാക്സി, എം.എല്‍.എ. കൊച്ചി, ശ്രീ. എം. വിന്‍സന്‍റ്, കോവളം എം.എല്‍.എ. ശീ. ടി.ജെ. വിനോദ് , എറണാകുളം എംഎല്‍.എ., ശ്രീ. ഇ.ടി. ടൈസന്‍ മാസ്റ്റര്‍, കൈപ്പമംഗലം എം.എല്‍.എ. , ശ്രീമതി. ദലീമ ജോജൊ, അരൂര്‍ എംഎല്‍.എ,  ശ്രീ ഡൊമിനിക് പ്രസന്‍റേഷന്‍, മുന്‍ മന്ത്രി, ശ്രീ സാബു ജോര്‍ജ്ജ് ചെയര്‍മാന്‍, കിന്‍ഫ്ര എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍, രതീഷ് ആന്‍റണി  - സംസ്ഥാന ട്രഷറര്‍, ശ്രീ. ബെന്നി പാപ്പച്ചന്‍ സിഎസ്എസ് സംസ്ഥാന വൈസ് ചെയര്‍മാന്‍, ശ്രീ. ബാബു തണ്ണിക്കോട് (സംസ്ഥാന പ്രസിഡന്‍റ്, കെഎല്‍എം), ശ്രീ. ഷൈജു റോബിന്‍ കെ.സി.വൈ എം, ലാറ്റിന്‍ പ്രസിഡന്‍റ്, ശ്രീമതി. ഷേര്‍ളി സ്റ്റാന്‍ലി, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്‍റ്, ശ്രീമതി. മോളി മൈക്കിള്‍, വി.ഐ.ഡി.ഇ.എസ്  പ്രസിഡന്‍റ്, ശ്രീമതി. ആലീസ് ലൂക്കോസ് ഡബ്ല്യു ഐ.എന്‍ സൊസൈറ്റി എന്നിവര്‍ പ്രസംഗിച്ചു.
മുന്‍സംസ്ഥാന പ്രസിഡന്‍റുമാരായ ശ്രീ. ഷാജി ജോര്‍ജ,് അഡ്വ. റാഫേല്‍ ആന്‍റണി, ശ്രീ.  സി.ജെ. റോബിന്‍, ആന്‍റണി നൊറോണ, അഡ്വ.ജൂഡി ഡിസില്‍വ, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശ്രീ ആന്‍റണി എം അമ്പാട്ട്, ശ്രീ. നെല്‍സണ്‍ കോച്ചേരി,     ശ്രീ. ജെ സഹായദാസ,്       ശ്രീ. ഇ ഡി ഫ്രാന്‍സീസ് എന്നിവര്‍ക്ക് ആദരവ് നല്‍കി.  സംഘാടക സമിതി ഭാരവാഹികളായ  ഫാ. ആന്‍റണി കുഴിവേലി (ആദ്ധ്യാ. ഉപദേഷ്ടാവ്, കൊച്ചി രൂപത), പൈലി ആലുങ്കല്‍ (പ്രസിഡന്‍റ് കൊച്ചി രൂപത), ജോര്‍ജ്ജ് ബാബു (കൊച്ചി ജന. സെക്രട്ടറി), ജോബ് പുളിക്കല്‍ (കൊചി ട്രഷറര്‍), സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ വിന്‍സി ബൈജു, ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, നൈജു അറക്കല്‍, സാബു കാനക്കാപ്പള്ളി, ജോസഫ്കുട്ടി കടവില്‍, അനില്‍ ജോസ്, സെക്രട്ടറിമാരായ അഡ്വ മജ്ഞു ആര്‍ എല്‍, ജോണ്‍ ബാബു, ദേവസ്യ ആന്‍റണി, ഷൈജ ആന്‍റണി, ഹെന്‍റി വിന്‍സന്‍റ്, സാബു വി തോമസ്, രൂപതാ പസിഡന്‍റുമാരായ ആല്‍ഫ്രഡ് വില്‍സന്‍ (നെയ്യാറ്റിന്‍കര), പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം), ലെസ്റ്റര്‍ കാര്‍ഡോസ് (കൊല്ലം), ക്രിസ്റ്റഫര്‍ പത്തനാപുരം (പുനലൂര്‍), എബി കുന്നേപ്പറമ്പില്‍ (വിജയപുരം), ജോണ്‍ ബ്രിട്ടോ (ആലപ്പുഴ), സി ജെ പോള്‍ (വരാപ്പുഴ), അനില്‍ കുന്നത്തൂര്‍ (കോട്ടപ്പുറം), ബിനു എഡ്വേര്‍ഡ് (കോഴിക്കോട്), ഗോഡ്സന്‍ ഡിക്രൂസ് (കണ്ണൂര്‍) എന്നിവര്‍ പ്രസംഗിച്ചു

കക്കുകളി നാടകം - മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ

*കക്കുകളി നാടകം - മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ  ഭരണകൂടം പ്രോത്സാഹിപ്പിക്കരുത് : കെ എൽ സി എ*

കൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് ഭരണകൂടവും കലാസമൂഹവും കൈക്കൊള്ളേണ്ട ജാഗ്രതയുടെ ഭാഗമാണ് എന്ന് കേരള ലാറ്റിൻകത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി. കക്കുകളി എന്ന നാടകവും ആവിഷ്കാര സ്വാതന്ത്ര്യവും വിശകലനം നടത്തിയാണ് കെഎൽസിഎ ഇത്തരത്തിൽ പ്രതികരിച്ചത്. 

കക്കുകളി എന്ന  നാടകം ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതാണെന്ന് അത് ഒരിക്കലെങ്കിലും  കണ്ട ഏതൊരു ക്രൈസ്തവനും ബോധ്യപ്പെടും. ചെറുകഥയെ ആധാരമാക്കി നാടകം രചിച്ചു എന്ന് പറയുമ്പോഴും കഥയിലില്ലാത്ത ചില രംഗങ്ങൾ നാടകത്തിൽ ഉൾപ്പെടുത്തിയതും പരിശോധിക്കപ്പെടണം.  ഇത്തരം പ്രവർത്തനങ്ങൾക്ക്  ഭരണകൂടവുമായി ബന്ധപ്പെട്ട ഔദ്യോഗിക വേദികളിൽ അവസരം നൽകുകയും ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. 

കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളിലായി മതനിരാശം പ്രോത്സാഹിപ്പിക്കുന്ന പ്രവണതകൾ ഭരണകൂടത്തോട് ചേർന്ന് നിൽക്കുന്ന സംവിധാനങ്ങളിൽ നിന്ന്  ഉണ്ടായിവരികയാണ്. അതിൻറെ ഭാഗമായിത്തന്നെ ക്രൈസ്തവ മതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവഹേളനാപരമായി സൃഷ്ടിക്കുന്ന സംഭവങ്ങളും കൂടിവരുന്നു. തലശ്ശേരി ബ്രണ്ണൻ കോളേജിലെ പോസ്റ്റർ വിവാദവും  ഇപ്പോൾ ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ച കക്കുകളി നാടകവും ഇത്തരം പ്രവണതകൾക്ക് ഉദാഹരണങ്ങളാണ്.  

ഇതുപോലുള്ള സംഭവങ്ങൾ ഭാവിയിൽ തുടരാതിരിക്കുന്നതിന് ക്രൈസ്തവർ ജാഗ്രതയോടെ കൂടി പ്രവർത്തിക്കേണ്ടതുണ്ട്. വിശ്വാസികളെ മുറിവേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങളെ തള്ളിപ്പറയാൻ അതുമായി ബന്ധപ്പെട്ട പാർട്ടികളിൽ തന്നെയുള്ള മതവിശ്വാസികളായ  രാഷ്ട്രീയ പ്രവർത്തകർ തയ്യാറാകണം. മതവിശ്വാസമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഇടർച്ചയുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ നടപടിയെടുത്തു തെറ്റ് തിരുത്താൻ തയ്യാറാവുന്നതിന്റെ ഭാഗമായി  കക്കുകളി നാടകം, മുതലായ ആവിഷ്കാരങ്ങൾ ഔദ്യോഗിക വേദികളിൽ പ്രോത്സാഹിപ്പിക്കരുതെന്നും കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.  സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറർ രതീഷ് ആൻറണി, സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ  വിൻസി ബൈജു , ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിൻ കരി പ്പാട്ട് , നൈജു അറക്കൽ, ജോസഫ്കുട്ടി കടവിൽ , സാബു കാനക്കാപള്ളി , അനിൽ ജോസ്  സംസ്ഥാന സെക്രട്ടറിമാരായ അഡ്വ മഞ്ജു ആർ എൽ , പൂവം ബേബി , ജോൺ ബാബു , ഹെൻറി വിൻസെന്റ്, സാബു വി തോമസ് , ഷൈജ ആന്റണി ഇ ആർ 
എന്നിവർ പ്രസംഗിച്ചു.

Sherry J Thomas
9447200500

Biju Josy
9447063855

stateklca@gmail.com

കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു.

കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു.

കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. സമുദായ സംവരണത്തോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിലൂടെ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുള്ള നീക്കങ്ങൾ ശക്തി പ്രാപിച്ചു. ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പിൽ 826 കോടി രൂപ വെട്ടിച്ചുരുക്കിയതു വഴി സ്കോളർഷിപ്പുലഭിക്കുന്നതു കൊണ്ടു മാത്രം ഉന്നത വിദ്യാഭ്യാസം സാധ്യമാകുന്ന ന്യൂനപക്ഷ- പിന്നോക്ക സമുദായങ്ങളിലെ അനേകം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാവുകയാണ്. കേന്ദ്ര സർക്കാർ നടത്തിവരുന്ന മുന്നോക്ക പ്രീണനം അവസാനിപ്പിക്കണമെന്നും പിന്നോക്ക സമുദായങ്ങളുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണമെന്നും KLCA ആവശ്യപ്പെട്ടു. സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവൽക്കരണവും പ്രചരണവും ആരംഭിക്കുന്നതിനും  കെഎൽസിഎ സംസ്ഥാന സമിതി തീരുമാനിച്ചു.

klca state camp Ernakulam

തീരനിയന്ത്രണ വിജഞാപനം -പ്ളാൻ തയ്യാറാക്കുന്നതിലെ കാലതാമസം ഗുരുതരമായ അവകാശനിഷേധമെന്ന് കെ എല്‍ സി എ മധ്യമേഖല നേതൃക്യാമ്പ്

കൊച്ചി:  സംസ്ഥാനതലത്തില്‍ മൂന്ന് മേഖലകളിലായി നടക്കുന്ന നേതൃപരിശീലന ക്യാമ്പുകളുടെ ഭാഗമായ മധ്യമേഖല ക്യാമ്പ് എറണാകുളത്ത് ആരംഭിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തിനു വേണ്ടി അവകാശങ്ങള്‍ നേടയെടുക്കാനുള്ള പടപ്പുറപ്പാടാകണം ഇത്തരത്തിലുള്ള നേതൃപരിശീലന ക്യാമ്പുകളെന്ന് അദ്ദേഹം മധ്യ മേഖല ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.

2019 ലെ തീരനിയന്ത്രണ വിജ്ഞാപനത്തില്‍ നിയന്ത്രിത പ്രദേശങ്ങളിലും നിബന്ധനകള്‍ക്ക് വിധേയമായി തദ്ദേശവാസികള്‍ക്ക് ഭവനനിര്‍മ്മാനണത്തിന് അവസരം  നല്‍കുന്നുവെങ്കിലും പ്ളാന്‍ അന്തിമമായി വൈകുന്നതുകൊണ്ട് അതിന്‍റെ ഗുണഫലങ്ങള്‍ തീരവാസികള്‍ക്ക് ലഭിക്കുന്നില്ലെന്ന് കെ എല്‍ സി എ ക്യാമ്പ് വിലയിരുത്തി. തദ്ദേശവാസികളുടെ ഭവനനിര്‍മ്മാണത്തിന് അവസരമൊരുക്കുന്ന തരത്തില്‍ ദീര്‍ഘകാല ഭവന നിര്‍മ്മാണ സാധ്യതകള്‍ മുന്നില്‍കണ്ട് സുരക്ഷാ സംവിധാനങ്ങളും ശുചീകരണ പദ്ധതികളും ഒരുക്കിയാകണം പുതിയ കരട് പളാന്‍ ഉണ്ടാക്കേണ്ടതെന്ന് കെ എല്‍ സി എ ആവശ്യപ്പെട്ടു. പ്ളാന്‍ അനന്തമായി നീണ്ടുപോയാല്‍ പ്രത്യക്ഷ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് കെ എല്‍ സി എ ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബിജു ജോസി, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, റോയി പാളയത്തില്‍, രതീഷ് ആന്‍റണി, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, വിന്‍സി ബൈജു, ജോസഫുകുട്ടി കടവില്‍, സാബു കാനക്കാപ്പള്ളി, സാബു വി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഷാജി ജോര്‍ജ്ജ്, തോമസ് കെ സ്റ്റീഫന്‍, ഫാ. ഷാജ്കുമാര്‍, ഡോ. ജിജു അറക്കത്തറ, ജോസഫ് ജൂഡ്, അഡ്വ റാഫേല്‍ ആന്‍റണി, ഷെറി ജെ തോമസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കളാസുകള്‍ എടുത്തു.

KLCA state camp Thriuvananthapuram

വിഴിഞ്ഞം സമരത്തെത്തുടർന്ന് പോലീസ് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് കെ എൽ സി എ തെക്കൻ മേഖല ക്യാമ്പ്

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തെ തുടർന്ന് പോലീസ് എടുത്ത മുഴുവൻ ക്രിമിനൽ കേസുകളും പിൻവലിക്കാൻ സർക്കാർ നടപടികളെടുക്കണമെന്ന് കോവളത്ത് നടന്ന കെ എൽ സി എ തെക്കൻ മേഖല ക്യാമ്പ് ആവശ്യപ്പെട്ടു. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി ഭാഗ്യോദയം അധ്യക്ഷത വഹിച്ചു. 

കണ്ടാൽ അറിയാവുന്ന ആളുകൾ എന്ന പേരിൽ പ്രദേശത്തെ നിരവധി ആളുകളെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ്. സമരം അവസാനിച്ചപ്പോൾ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി തീർപ്പാക്കാൻ സർക്കാർ തയ്യാറാകണം. കേസുകളിൽ ഹാജരാകാൻ ഇപ്പോഴും പോലീസ് നോട്ടീസ് നൽകുകയാണ്. ഈ പ്രവണത തുടർന്നാൽ രണ്ടാം ഘട്ട സമരം ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിൽ സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണം ഉണ്ടാക്കുന്നില്ലെന്ന പ്രചരണം ഈ ഘട്ടത്തിൽ വിസിൽ ഏറ്റെടുത്തിരിക്കുന്നത് തീര ശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയെ സ്വാധീനിക്കാൻ എന്നും  കെ എൽ സി എ സംസ്ഥാന തെക്കൻ മേഖല ക്യാമ്പ് കുറ്റപ്പെടുത്തി. കോവളത്ത് നടന്ന തെക്കൻ മേഖല ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തിൽ വിഷയം ചർച്ചയായി. വിഴിഞ്ഞത്ത് നടന്ന സമരത്തിന്റെ സമ്മർദ്ദഫലമായാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമായ തൊഴിൽ ദിനങ്ങളുടെ വേതനം നൽകുമെന്ന് തീരുമാനിക്കാൻ സർക്കാർ തയ്യാറായത് എന്നും ക്യാമ്പ് വിലയിരുത്തി. സമരത്തിന്റെ ഫലമായി കേരളത്തിലെ എല്ലാ മത്സ്യത്തൊഴി കർക്കും ഈ പ്രയോജനം ലഭിക്കും. 

കെ. ആർ എൽ സി എ ജനറൽ സെക്രട്ടറി ഫാ തോമസ് തറയിൽ, കെ എൽ സി എ ജനറൽ സെക്രട്ടറി ബിജു ജോസി, ഫാ ഷാജികുമാർ, പാട്രിക് മൈക്കിൾ, രതീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു.  വിൻസി ബൈജു, അനിൽ ജോസ്, ജോസഫ് കുട്ടി കടവിൽ, അഡ്വ മഞ്ജു ആർ എൽ, ഹെൻറി വിൻസന്റ്, ലെസ്റ്റർ കാർഡോസ്, ആൽഫ്രഡ് വിൽസൻ, ക്രിസ്റ്റഫർ പത്തനാപുരം, ജോഷി ജോണി എന്നിവർ പ്രസംഗിച്ചു. 

ഫാ. തോമസ് തറയിൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ കമ്മീഷൻ ഡയറക്ടർ ഫാ മൈക്കിൾ തോമസ്, പ്ലാസിഡ് ഗ്രിഗറി, തോമസ് കെ സ്റ്റീഫൻ, ആന്റണി ആൽബർട്ട്, അഡ്വ. ഷെറി ജെ തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

New office bearers KLCA STATE COMMITTEE 2023

ലത്തീൻ സമുദായം ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാതെ പോകുന്നത് ഗൗരവമായികാണണം-

ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ

ആലപ്പുഴ :ഒരു സമരവും ചെയ്യാതെ ചില സമൂഹങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്തു പോകുമ്പോൾ 
ലത്തീൻ സമുദായം 
വലിയ സമ്മർദ്ദങ്ങൾ നടത്തിയിട്ടും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാതെ പോകുന്നത് ഗൗരവമായി കാണണമെന്ന് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു. ആലപ്പുഴ കർമസദനിൽ നടന്ന കെഎൽസിഎ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലത്തീൻ സമുദായത്തിന്റെ പ്രതിനിധികൾ 
നിയമ നിർമാണ - ഉദ്യോഗതലങ്ങളിൽ താക്കോൽ സ്ഥാനത്ത് എത്തിയാലേ 
സമുദായം നേരിടുന്ന അവഗണനകളിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ.
ഇതരമതത്തിലെ ജനങ്ങളുമായുള്ള ആരോഗ്യപരമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട്  ലത്തീൻ സമുദായത്തിന്റെ തനിമ കാത്തുസൂക്ഷിച്ച് സംഘടിതരാകണമെന്നും
ബിഷപ് കൂട്ടിച്ചേർത്തു.

സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. 
ഷെറി ജെ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, 
കൃപാസനം ഡയറക്ടർ ഡോ.ഫാ.വി.പി.ജോസഫ് വലിയ വീട്ടിൽ, ഫാ.ജോൺസൻ പുത്തൻവീട്ടിൽ, കെഎൽസിഎ സംസ്ഥാന ട്രഷറർ എബി കുന്നേൽപറമ്പിൽ ,
ഭാരവാഹികളായ
ടി.എ. ഡാൽഫിൻ, 
ഇ.ഡി. ഫ്രാൻസീസ്, 
ബേബി ഭാഗ്യോദയം,
ജസ്റ്റീന ഇമ്മാനുവൽ , ബിജു ജോസി, എന്നിവർ പ്രസംഗിച്ചു.*കെ എൽ സി എ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ ജനറൽകൗൺസിൽതിരഞ്ഞെടുത്തു*.*ബിജു ജോസി കരുമാഞ്ചേരി ആണ് ജനറൽ സെക്രട്ടറി* .
*ട്രഷററായി : * രതീഷ് ആന്റണിയേയും തിരഞ്ഞെടുത്തു*

മറ്റ് ഭാരവാഹികൾ
*വൈസ് പ്രസിഡന്റുമാർ*

വിൻസി ബൈജു
അനിൽ ജോസ്
ബേബി ഭാഗ്യോദയം
ജോസഫ് കുട്ടി
സാബു പനക്കപ്പിള്ളി
അഡ്വ ജസ്റ്റിൻ കരിപ്പാട്ട്
നൈജോ അറക്കൽ

*സെക്രട്ടറിമാർ*

അഡ്വ. മജ്ഞു.ആർ
ഷൈജ ടീച്ചർ
ജോൺ ബാബു
പൂവം ബേബി
സാബു വി തോമസ്
ഹെൻട്രി വിൻസെന്റ്

Saturday, January 14, 2023

New president KRLCBC

മുഖത്ത് നോക്കി; മുഖം നോക്കാതെ പറയും.

ആരുടെയും മുഖത്ത് നോക്കി സംസാരിക്കും, എന്നാൽ ഏത് അധികാരിയാണ് മുന്നിൽ എന്ന് മുഖം നോക്കാതെ പറയുന്ന ഒരു ആത്മിയ നേതാവ് കേരള ലത്തീൻ കത്തോലിക്ക സഭയുടെ അധ്യക്ഷ പദവിയിൽ നിന്ന്, കെ ആർ എൽ സി എ പ്രസിഡന്റ് എന്ന കാലയളവ് കഴിഞ്ഞ്   മാറുകയാണ്.  അധികാരമുള്ളിടത്ത് അധികം ആധികാരികമായി അവകാശങ്ങൾക്ക് വേണ്ടി വാദിച്ചാൽ പല തരത്തിലുളള ബുദ്ധിമുട്ടുകൾ പ്രത്യേകിച്ച് നിലവിലുള്ള സംവിധാനങ്ങൾ നേരിടേണ്ടി വരുമെന്ന റിസ്ക് ഏറ്റെടുത്ത് തന്നെയാണ് അദ്ദേഹം പലതും സമുദായത്തിന് വേണ്ടി പറഞ്ഞത്. 

കൊച്ചി രൂപതയുടെ അധ്യക്ഷനും കെ ആർ എൽ സി സി പ്രസിഡന്റുമായിരുന്ന ബിഷപ്പ് ജോസഫ് കരിയിലിന് ശേഷം അധ്യക്ഷപദം പുതിയ പ്രസിഡന്റ് ബിഷപ് വർഗ്ഗീസ് ചക്കാലക്കൽ ഏറ്റെടുത്തിരിക്കുകയാണ്. കോഴിക്കോട് രൂപതാ ബിഷപ്പായ പുതിയ പ്രസിഡന്റ് കാര്യങ്ങൾ കൃത്യമായി നർമ്മം കലർത്തി ഏത് വേദിയിലും പറയുന്നയാളാണ്. ബിഷപ്പ് കരിയിലന് നന്ദിയും, ബിഷപ്പ് ചക്കാലക്കലിന്  അഭിവാദ്യങ്ങളും നേരുന്നു !
വൈസ് പ്രസിഡന്റ് ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിലിനും സെക്രട്ടറി ജനറൽ ബിഷപ്പ് ക്രിസ്തുദാസിനും അഭിനന്ദനങ്ങൾ!  

അഡ്വ. ഷെറി ജെ തോമസ്,
പ്രസിഡന്റ് 
കെ എൽ സി എ

Friday, January 13, 2023

ആദരിച്ചു

കെ.എൽ. സി.എ. 
ആദരിച്ചു.
  KLCA കൊച്ചി രൂപത തോപ്പുംപടി കാത്തലിക്ക് സെൻ്ററിൽ നടത്തിയ ജനറൽ കൗൺസിൽ ക്രിസ്തുമസ്സ് ആഘോഷ പരിപാടിയിൽ *സ്റ്റാർ ഓഫ് ഏഷ്യ ബിസിനസ് അവാർഡും* *ഡോക്ടറേറ്റും* നേടിയ ക്വാളിറ്റി ഫുഡ് പ്രോഡക്ട്  
മാനേജിംങ്ങ് ഡയറക്ടർ *ഡോ.കെ.വി.ജോർജിനെ* ആദരിച്ചു.
     രൂപതാ പ്രസിഡൻ്റ് പൈലി ആലുങ്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് ഉത്ഘാടനം ചെയ്തു.ഫാ.ആൻറണി കുഴിവേലിൽ, ടി.എ.ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, അലക്സാണ്ടർ ഷാജു, സജി കുരിശുങ്കൽ, സിന്ധു ജസ്റ്റസ്, വിദ്യ ജോസഫ്, ജെസി കണ്ടനാംപറമ്പിൽ, സെബാസ്റ്റിൻ കെ.ജെ. എന്നിവർ പ്രസംഗിച്ചു.

OBC self employment loan schemes

ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള ഒ ബി സി വിഭാഗങ്ങൾക്കുള്ള സ്വയംതൊഴിൽ വായ്പ പദ്ധതികൾ 

http://ksbcdc.com/index.php/ksbcdc-schemes

Monday, January 9, 2023

KLCA STATE GENERAL COUNCIL HELD AT ALAPPUZHA - NEW OFFICE BEARERS ELECTED - Adv Sherry J Thomas new President Designate

ലത്തീൻ സമുദായം ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാതെ പോകുന്നത്ഗൗരവമായികാണണം-

ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ

ആലപ്പുഴ :ഒരു സമരവും ചെയ്യാതെ ചില സമൂഹങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്തു പോകുമ്പോൾ 
ലത്തീൻ സമുദായം 
വലിയ സമ്മർദ്ദങ്ങൾ നടത്തിയിട്ടും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാതെ പോകുന്നത് ഗൗരവമായി കാണണമെന്ന് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു. ആലപ്പുഴ കർമസദനിൽ നടന്ന കെഎൽസിഎ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലത്തീൻ സമുദായത്തിന്റെ പ്രതിനിധികൾ 
നിയമ നിർമാണ - ഉദ്യോഗതലങ്ങളിൽ താക്കോൽ സ്ഥാനത്ത് എത്തിയാലേ 
സമുദായം നേരിടുന്ന അവഗണനകളിൽ നിന്നും മോചനം ലഭിക്കുകയുള്ളൂ.
ഇതരമതത്തിലെ ജനങ്ങളുമായുള്ള ആരോഗ്യപരമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട്  ലത്തീൻ സമുദായത്തിന്റെ തനിമ കാത്തുസൂക്ഷിച്ച് സംഘടിതരാകണമെന്നും
ബിഷപ് കൂട്ടിച്ചേർത്തു.

സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. 
ഷെറി ജെ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, 
കൃപാസനം ഡയറക്ടർ ഡോ.ഫാ.വി.പി.ജോസഫ് വലിയ വീട്ടിൽ, ഫാ.ജോൺസൻ പുത്തൻവീട്ടിൽ, കെഎൽസിഎ സംസ്ഥാന ട്രഷറർ എബി കുന്നേൽപറമ്പിൽ ,
ഭാരവാഹികളായ
ടി.എ. ഡാൽഫിൻ, 
ഇ.ഡി. ഫ്രാൻസീസ്, 
ബേബി ഭാഗ്യോദയം,
ജസ്റ്റീന ഇമ്മാനുവൽ , ബിജു ജോസി, എന്നിവർ പ്രസംഗിച്ചു.*കെ എൽ സി എ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷെറി ജെ തോമസിനെ ജനറൽകൗൺസിൽതിരഞ്ഞെടുത്തു*.*ബിജു ജോസി കരുമാഞ്ചേരി ആണ് ജനറൽ സെക്രട്ടറി* .
*ട്രഷററായി : * രതീഷ് ആന്റണിയേയും തിരഞ്ഞെടുത്തു*

മറ്റ് ഭാരവാഹികൾ
*വൈസ് പ്രസിഡന്റുമാർ*

വിൻസി ബൈജു
അനിൽ ജോസ്
ബേബി ഭാഗ്യോദയം
ജോസഫ് കുട്ടി
സാബു പനക്കപ്പിള്ളി
അഡ്വ ജസ്റ്റിൻ കരിപ്പാട്ട്
നൈജോ അറക്കൽ

*സെക്രട്ടറിമാർ*

അഡ്വ. മജ്ഞു.ആർ
ഷൈജ ടീച്ചർ
ജോൺ ബാബു
പൂവം ബേബി
സാബു വി തോമസ്
ഹെൻട്രി വിൻസെന്റ്