Monday, December 31, 2018

Edappally Muthakunna NH widening - klca demands negotiation.

*ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത വികസനം - ഒരിക്കൽ സ്ഥലം വിട്ടുകൊടുത്തവർക്കെതിരെ വീണ്ടും കുടിയിറക്കൽ ഉണ്ടാവരുതെന്ന് കെഎൽസിഎ*  

ഇടപ്പള്ളി - മൂത്തകുന്നം ദേശീയപാത വികസനത്തിന്റെ ഭാഗമായി 30 മീറ്റർ റോഡ് നിർമാണത്തിന് ഒരിക്കൽ ഭൂമി വിട്ടുകൊടുത്ത് സ്വയം പുനരധിവാസം കണ്ടെത്തിയ ആളുകളെ അതേ പ്രദേശത്തെ തന്നെ ദേശീയപാതയുടെ വീതി 45 മീറ്റർ ആക്കുന്നതിൻറെ ഭാഗമായി വീണ്ടും കുടിയിറക്കുന്ന സമീപനം മനുഷ്യത്വപരമല്ലെന്ന് കെഎൽസിഎ.  വിഷയത്തിൽ ചർച്ചയാകാമെന്ന് ജില്ലാ കളക്ടർ ഉറപ്പു നൽകിയതിനു ശേഷം ചർച്ച പൂർണമാകുന്നതിന് മുമ്പ് തന്നെ ഇന്ന്  വീണ്ടും  പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയ വടക്കേക്കര പോലീസ് നടപടിയിലും കെഎൽസിഎ പ്രതിഷേധിച്ചു. 30 മീറ്റർ വീതിയിൽ തന്നെ ആറുവരിപാത പണിയാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനു പകരം 45 മീറ്ററാക്കി മതിയാകൂ എന്ന് ചില നിക്ഷിപ്ത താൽപര്യക്കാരുടെ പിടിവാശിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവർ കുറ്റപ്പെടുത്തി. 

© KLCA STATE COMMITTEE 
31.12.18 

Monday, December 17, 2018

*വനിതാ മതിൽ നിർമിക്കാൻ സർക്കാർ കാണിക്കുന്ന താല്പര്യം പ്രളയ പുനരധിവാസപാക്കേജ് പ്രഖ്യാപിക്കുന്നതിനും ഉണ്ടാകണമെന്ന് കെഎൽസിഎ* Government should show same interest in declaring flood relief package, along with women wall.

*വനിതാ മതിൽ നിർമിക്കാൻ സർക്കാർ കാണിക്കുന്ന താല്പര്യം പ്രളയ പുനരധിവാസപാക്കേജ് പ്രഖ്യാപിക്കുന്നതിനും ഉണ്ടാകണമെന്ന് കെഎൽസിഎ*

കേരള നവോത്ഥാന ചരിത്രത്തിൽ മറക്കാനാവാത്ത സംഭാവനകൾ നൽകിയ ഉദയംപേരൂർ സൂനഹദോസ് പോലുള്ള ചരിത്രസംഭവങ്ങൾ മറന്ന്   ഏതാനും ചില സംഘടനകളെ മാത്രം തിരഞ്ഞുപിടിച്ച് നവോത്ഥാന മതിൽ സൃഷ്ടിക്കാൻ തുനിഞ്ഞ സംസ്ഥാന സർക്കാർ വെള്ളാപ്പള്ളി നടേശനെ അതിൻറെ സംഘാടകസമിതി സ്ഥാനത്തു നിന്ന് മാറ്റാൻ തയ്യാറാകുമോ എന്ന് വെളിപ്പെടുത്തണമെന്ന് കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കേരളത്തിലെ ജാതി മതസൗഹാർദ്ദത്തെ ഭിന്നിപ്പിക്കാനേ വനിതാ മതിൽ ഉപകരിക്കൂ എന്ന ആശങ്ക ബലപ്പെടും. 
മതേതരത്വം എന്ന സങ്കല്പത്തിന് മതങ്ങളോട് ആഭിമുഖ്യം ഇല്ലായ്മ എന്നതുപോലെതന്നെ എല്ലാ മതങ്ങൾക്കും തുല്യപ്രാധാന്യം എന്നുകൂടി അർത്ഥമുണ്ടെന്ന് സംസ്ഥാനസർക്കാർ ഓർമിക്കണം. 

ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന താല്പര്യം പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായുള്ള സമഗ്രപാക്കേജ് പ്രഖ്യാപിക്കുന്നതിനും  ഉണ്ടാകണമെന്ന് കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സർക്കാരിൻറെ സർവ്വ സംവിധാനങ്ങളും ഉപയോഗിച്ച് വനിതാ മതിൽ വിജയിപ്പിക്കുന്നതിനെക്കിൾ ഇപ്പോൾ ആവശ്യം തൊഴിൽശാലകളും തൊഴിൽ സാഹചര്യങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ട പ്രളയബാധിതർക്ക് സമഗ്രമായ പുനരധിവാസപാക്കേജ് പ്രഖ്യാപിക്കുകയാണ്  എന്ന് സംസ്ഥാന പ്രസിഡണ്ട് ആൻറണിനൊറോണ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവർ സംയുക്തമായി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചു.

Sherry J Thomas
General Secretary
©|KLCA State Committee|
stateklca@gmail.com
www.klca.online

Saturday, December 8, 2018

സംവരണവും അധികാരത്തിലെ പങ്കാളിത്തവും (2018 ലെ സമുദായദിന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം) Seminar on Latin Catholic Community day 2018 - Thesis presented by Advocate Sherry J Thomas General Secretary KLCA State Committee

സംവരണവും അധികാരത്തിലെ പങ്കാളിത്തവും
(2018 ലെ സമുദായദിന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം)

അഡ്വ ഷെറി ജെ തോമസ് @ 9447200500
ജനറല്‍ സെക്രട്ടറി കെ എല്‍ സി എ സംസ്ഥാന സമിതി

കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ഒരേസമയം സഭാ സമൂഹവും സമുദായവും ആണ്. മാര്‍പാപ്പയുടെ ആരാധനാക്രമം പിന്തുടരുന്ന സഭാസമൂഹം- അതേസമയം സംസ്ഥാനത്ത് മറ്റ് പിന്നാക്ക വിഭാഗത്തില്‍ (ഛആഇ) ഉള്‍പ്പെടുന്ന ഒരു സമുദായം, ഒപ്പം ന്യൂനപക്ഷം എന്ന പരിഗണനയും. ചെറുപ്പക്കാരോട്, നിങ്ങള്‍ പിന്നോക്കം എന്ന വിഭാഗത്തില്‍പ്പെട്ട് സംവരണപരമായ അവകാശങ്ങള്‍ക്ക്  അര്‍ഹരെങ്കിലും മനുഷ്യനെന്ന നിലയില്‍ എന്തും നേടിയെടുക്കാന്‍ തക്ക ശേഷിയും കഴിവുമുള്ള കേരളത്തിലെ പരമ്പരാഗത വിഭാഗം എന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്ന സമുദായം. 

വിദ്യാഭ്യാസപരമായും തൊഴില്‍പരമായും അധികാരപരമായും ഏതു സാഹചര്യത്തില്‍ കഴിയുന്നു എന്നുള്ളതാണ് ഒരു സമുദായത്തിന്‍റെ സാമൂഹിക അവസ്ഥ എന്ന് അനുമാനിക്കാവുന്നത്. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് മേഖലകളിലും നഷ്ടങ്ങളുടെയും അവഗണനയുടെയും കണക്ക് മാത്രമാണ് പറയാനുള്ളത്. വിദ്യാഭ്യാസപരമായി നാനാജാതി മതസ്ഥര്‍ക്ക് അക്ഷരത്തിന് വെളിച്ചം പകര്‍ന്ന് നല്‍കാന്‍ കാലാകാലങ്ങളായി കഴിഞ്ഞു എന്നതിനപ്പുറത്ത് സ്വന്തമായി ആ വെളിച്ചം എടുക്കാന്‍ കഴിയാതെ പോയ ജനത. തൊഴില്‍പരമായി നഷ്ടങ്ങളുടെ കൃത്യമായ കണക്ക് പുറത്തു വന്നിട്ടും അത് സ്ഥാപിച്ചെടുക്കാന്‍ അധികാരത്തില്‍ പങ്ക്ഇല്ലാത്തതിനാല്‍ കഴിയാതെ പോയവര്‍. ജനസംഖ്യാനുപാതികമായി അധികാരകേന്ദ്രങ്ങളില്‍  പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ട് നിയമനിര്‍മ്മാണങ്ങളിലും ചട്ടങ്ങളിലും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയാതെ പോയതും സമകാലിക ചരിത്രം തന്നെ.

സംവരണം - വിദ്യാഭ്യാസമേഖലയിലെ വേര്‍തിരിവ്

സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ഏര്‍പ്പെടുത്തി. ലത്തീന്‍ കത്തോലിക്കരുടെ സംവരണം ആകട്ടെ ഒരു ഘട്ടത്തില്‍ രണ്ടു ശതമാനമായി കുറച്ചു. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സംവരണം പൂര്‍ണമായും നിഷേധിച്ചു.പിന്നീട് 2006 ഫെബ്രുവരി 27 മുതല്‍ ഡിഗ്രി പിജി കോഴ്സുകള്‍ക്ക് ലാറ്റിന്‍ കാത്തലിക് എസ് ഐ യു സി ഒറ്റ ഗ്രൂപ്പ് ആക്കി ഒരു ശതമാനം സംവരണം നല്‍കി. 2014 മെയ് 23ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രഫഷണല്‍ കോളേജുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും വി എച്ച് എസ് ഇ കളിലും ലത്തീന്‍ കത്തോലിക്കര്‍ക്ക് മൂന്ന് ശതമാനം സംവരണം ലഭിച്ചു. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തെ കൂടി വിദ്യാഭ്യാസ സംവരണത്തിന് ലത്തീന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നാല് ശതമാനമെങ്കിലും ലഭിക്കുമ്പോഴും ഇപ്പോഴും വിദ്യാഭ്യാസമേഖലയില്‍ സംവരണ നിഷേധം തുടരുകയാണ്. ഡിഗ്രി പിജി കോഴ്സുകളില്‍ ഒരു ശതമാനം സംവരണം കൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാകില്ല. നാനാജാതി മതസ്ഥര്‍ക്ക് വിദ്യാഭ്യാസത്തിനായി സര്‍വ്വവും വിട്ടുകൊടുത്ത സമൂഹത്തോടാണ് ഈ അവഗണന എന്ന് ഓര്‍ക്കണം.

വിദ്യാഭ്യാസ ആനുകൂല്യത്തില്‍ വിവേചനം

സാമ്പത്തിക സംവരണം എന്ന ഒരു തത്വം ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ലെങ്കിലും കേരളത്തില്‍ അത് നിലവിലുണ്ട്. വിദ്യാഭ്യാസമേഖലയില്‍ മുന്നോക്കാരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു എന്ന് പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു. പക്ഷേ പരാതി അതല്ല, ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടുന്ന പിന്നാക്ക വിദ്യാഭ്യാസ ആനുകൂല്യത്തിന് കണക്കാക്കുന്ന അപേക്ഷകളില്‍ വാര്‍ഷിക വരുമാനപരിധി ഒരു ലക്ഷം രൂപയാണ് ലഭിക്കുന്ന ആനുകൂല്യം ആകട്ടെ ആയിരം രൂപയില്‍ താഴെയും. അതേസമയം മുന്നോക്ക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനപരിധി രണ്ട് ലക്ഷം രൂപയും ലഭിക്കുന്ന തുക 2000 രൂപ വരെയുമാണ്. എന്തുകൊണ്ടാണ് ഈ വിവേചനം ? 

സംവരണം - പൊതു തൊഴില്‍ മേഖലയില്‍ 

1952ല്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് ആറ് ശതമാനം (ആംഗ്ലോ-ഇന്ത്യന്‍ ഒരു ശതമാനം) എന്ന തൊഴില്‍ സംവരണത്തില്‍ നിന്ന് 1956  ല്‍ 5 ശതമാനമാക്കി കുറച്ചു. കേരളത്തിലെ ചില പ്രദേശങ്ങള്‍ സംസ്ഥാനത്തുനിന്ന് മാറ്റപ്പെട്ടപ്പോള്‍ ജനസംഖ്യയില്‍ കുറവുണ്ടായിരുന്നു എന്നൊക്കെ നീതീകരണം നല്‍കുന്നവരും ഉണ്ടാകാം. എന്തായാലും 1958 ല്‍ ലത്തീന്‍ കത്തോലിക്കര്‍ ആംഗ്ലോ ഇന്ത്യന്‍ എസ് ഐ ഒ സി എന്നിവരെ ഉള്‍പ്പെടുത്തി അഞ്ച് ശതമാനം സംവരണം ആക്കി നിജപ്പെടുത്തി. പിന്നീട് 1963ല്‍ നാല് ശതമാനം സംവരണം ആയി. 1970കളില്‍ വന്ന നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം ലാസ്റ്റ് ഗ്രേഡ് ഉദ്യോഗങ്ങളില്‍ സംവരണം 2 ശതമാനമായി കുറയ്ക്കാനും ക്ളാസ 3  ഉദ്യോഗങ്ങളില്‍ സംവരണം മൂന്നു ശതമാനമായി കുറയ്ക്കാനും ശുപാര്‍ശയുണ്ടായി. കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ജനസംഖ്യയെപറ്റി ഏതൊക്കെയോ തെറ്റായ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ അങ്ങനെ ശുപാര്‍ശ ചെയ്തത്. പക്ഷേ പിന്നീട് ആ ജനസംഖ്യാ കണക്ക് തെറ്റാണെന്ന് സര്‍ക്കാര്‍ തലങ്ങളില്‍ കാര്യം വ്യക്തമായപ്പോള്‍ ശുപാര്‍ശ നടപ്പിലായില്ല.

ഇന്നിപ്പോള്‍ വീണ്ടും കേരളത്തിലെ ീയര വിഭാഗങ്ങളില്‍ സാമുദായിക സംവരണത്തിനുള്ള ശതമാനക്കണക്ക് പുനപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കേരള സംസ്ഥാന പിന്നാക്ക കമ്മീഷന്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ 22 ലക്ഷത്തോളം വരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന നാല് ശതമാനം സംവരണം ഉണ്ടായിട്ടുകൂടി ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേവലം പത്ത് വര്‍ഷത്തെ കണക്ക് പുറത്തുവിട്ടപ്പോള്‍ 4370 തൊഴിലവസരങ്ങളാണ് ക്ലാസ് ത്രീ ക്ലാസ് ഫോര്‍ തസ്തികകളില്‍ നഷ്ടമായത്. അത് സംബന്ധിച്ച് സ്പെഷല്‍ റിക്രൂട്ട്മെന്‍റ് നടത്തി നഷ്ടമായ തൊഴിലവസരങ്ങള്‍ പുനസ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടുവെങ്കിലും അധികാരികളുടെ  ആലോചനയില്‍ പോലും ആ വിഷയം വന്നിട്ടില്ല. നിലവിലെ പശ്ചാത്തലത്തില്‍ ഇപ്പോഴുള്ള 4% കൊണ്ട് സര്‍ക്കാര്‍ തലങ്ങളില്‍ മതിയായ പ്രാതിനിധ്യം ഉണ്ടാക്കിയെടുക്കാന്‍ ആയിട്ടില്ല എന്ന് വസ്തുനിഷ്ഠാപരമായി നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്ന കാര്യം പരിഗണിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗ തലങ്ങളില്‍ ലത്തീന്‍ വിഭാഗത്തിന് കൂടുതല്‍ സംവരണം നല്‍കേണ്ടതാണ്.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്  മുഖേന ഭരണ നിര്‍വഹണ ചുമതലയുള്ള രണ്ടാംനിര ഉദ്യോഗസ്ഥതല സംവിധാനം ഉണ്ടാക്കുമ്പോള്‍ അവിടെയും പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കപ്പെടുകയാണ് എന്ന യാഥാര്‍ത്ഥ്യം ഇവിടെ ഓര്‍ക്കണം. സര്‍ക്കാര്‍ സര്‍വീസില്‍ തസ്തികകളിലേക്കുള്ള സംവരണം കെ എസ് ആന്‍ഡ് എസ് എസ് ആര്‍ ഭാഗം2 ലെ ചട്ടം 14 മുതല്‍ 17 വരെയുള്ള കാര്യങ്ങളിലാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. പ്രസ്തുത ചട്ടങ്ങള്‍ നേരിട്ടുള്ള നിയമനത്തിന് മാത്രമേ ബാധകമാവുകയുള്ളൂ എന്നാണ്  കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം നിഷേധിക്കുന്നതിന് കാരണമായി പറയുന്നത്. സംസ്ഥാനത്ത് ഉദ്യോഗക്കയറ്റത്തിന് ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനത്തില്‍ സംവരണം വ്യവസ്ഥ ചെയ്തിട്ടില്ലത്രേ.

അധികാരത്തില്‍ പങ്കാളിത്തം

അധികാരത്തില്‍ പങ്കാളിത്തമാണ് വളര്‍ച്ചയുടെ സുപ്രധാനമായ ഒരു ഘടകം. നിയമനിര്‍മ്മായ സഭ (ലെജിസ്ലേച്ചര്‍), കാര്യനിര്‍വ്വഹണ വിഭാഗം (എക്സിക്യൂട്ടീവ്), നീതന്യാവ വ്യവസ്ഥ (ജുഡീഷ്യറി) എന്നീ തലങ്ങളില്‍ പങ്കാളിത്തമുണ്ടാകുക എന്നതാണ് ഇന്ത്യയെപോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത് അധികാരത്തില്‍ പങ്കാളിത്തം എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്. നിയമനിര്‍മ്മാണ സഭകളില്‍ ജനസംഖ്യാനുപാതികമായ പങ്കാളിത്തം സമൂദായത്തിന്‍റെ ഒരു വിദൂര സ്വപ്നമാണ്. കാര്യനിര്‍വ്വഹണ വിഭാഗത്തില്‍, സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ ക്ളാസ് 1, 2 തസ്തികകളില്‍ കാര്യമായ  പ്രാതിനിധ്യം ഇല്ലാ എന്നതു പോട്ടെ, മറ്റ് തസ്തികളില്‍ പോലും 4370  നിയമനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് കേവലം 10 വര്‍ഷ്തെ മാത്രം കണക്കുകള്‍ നോക്കി ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തിരിച്ചറിഞ്ഞ സമുദായത്തിന് നഷ്ടമായ തൊഴിലവസരങ്ങള്‍ പുനസ്ഥാപിക്കാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്  നടത്തണമെന്ന് ഒരു കാലത്ത് സമുദായം ആവശ്യപ്പെട്ടു; ഇനിയുള്ള ഒഴിവുകള്‍ നികത്താം എന്ന രീതിയില്‍ സര്‍ക്കാര്‍ എന്‍ സി എ നിയമനം കൊണ്ടുവന്നു. കാലത്തിന്‍റെ തികവില്‍ നേതൃത്വം മാറുന്നതനുസരിച്ച് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് ആവശ്യവും ഇല്ലാതായി. ജുഡീഷ്യറിയിലാകട്ടെ ഉന്നത നീതിപീഠങ്ങളില്‍ ഇന്നത്തെ രീതിയില്‍ നിയമനം നടത്താന്‍ അധികാരമുള്ള കൊളീജിയം സംവിധാനത്തിലേക്ക്  ഒരു ലത്തീന്‍ കത്തോലിക്കന്‍ എത്താന്‍ തക്കവിധത്തില്‍ നേരിട്ട് ബാറില്‍ നിന്ന് ഒരു നിയമനവും ഇന്നുവരെ നടന്നില്ല.

അധികാരത്തില്‍ പങ്കാളിത്തം  -പുതിയ കണക്കെടുപ്പ് വേണം

സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സമുദായത്തിന്‍റെ അവസ്ഥ കാണിക്കുന്ന കണക്ക് 2000 വര്‍ഷത്തില്‍ വന്നതാണ്. പിന്നീട് പുതിയ തെളിവെടുപ്പുകള്‍ നടത്തിയ പരിശോധനാ ഫലങ്ങള്‍ ഇല്ല. ഇപ്പോള്‍ ഒബിസി പട്ടിക പുതുക്കുന്നതിനുവേണ്ടി നടപടിയാരംഭിച്ചു. പക്ഷെ അതിനുമുന്നെ നിജസ്ഥിതി പഠന സംവിധാനങള്‍ ഒരുക്കേണ്ടിയിരിക്കുന്നു. ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ മാതൃകയില്‍ പുതിയ കണക്കുകള്‍ എടുക്കണം. നഷ്ടമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒബിസി പട്ടികയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സംവരണാവസരങ്ങള്‍ ഈ സമുദായത്തിനു ലഭിക്കണം. മതിയായ പങ്കാളിത്തം ഇല്ലാത്ത് വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4) ല്‍ പ്രത്യേക വ്യവസ്ഥകളെപ്പറ്റി പറയുന്നത്. കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ഇപ്പോഴും സര്‍ക്കാര്‍ ഉ്ദ്യോഗ തലങ്ങളിലും അധികാര തലങ്ങളിലും മതിയായ പങ്കാളിത്തത്തില്‍ എത്തിയിട്ടില്ല എന്ന് നിലവിലെ കണക്കുകള്‍ കൊണ്ടു തന്നെ സ്പഷ്ടമാണ്.  ഇപ്പോഴും പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം ഇല്ലാത്ത സഹകരണ മേഖലയില്‍ ആനുപാതികമായ തൊഴില്‍ സംവരണം ലഭ്യമാക്കണം.

വേണം സമനീതി- വളരണം സമുദായ മുന്നേറ്റം

മേല്‍ സൂചിപ്പിച്ചതുപോലെ നിരവധി ആവശ്യങ്ങള്‍ സമുദായത്തിന്‍റെതതായി അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ വര്‍ഷങ്ങളായി നിലകൊള്ളുന്നു. ഓരോ സമുദായദിനവും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമ്മര്‍ദ്ദസമ്മേളനങ്ങളായി മാറണം. കേരളത്തിലെ ലത്തീന്‍ സഭ ശക്തമാണ്. മറ്റേത് സഭയെക്കാളും അച്ചടക്കമുള്ളതുമാണ്. പക്ഷെ സമുദായം എന്ന നിലയില്‍ അശക്തവും തീരെ അച്ചടക്കമില്ലാത്തതുമാണ്താനും. സഭാപരമായ കാര്യങ്ങളില്‍ എന്തും സഹിക്കാന്‍ തയ്യാറാകുന്ന ലത്തീന്‍ കത്തോലിക്കര്‍ സമുദായപരമായ കാര്യങ്ങിളില്‍ ഐച്ഛിക താല്‍പ്പര്യം മാത്രമുള്ളവരാണ്. സമുദായം ഇന്ന് പലവിധ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, പറയാനും ആവശ്യപ്പെടാനും ഒരുപാട് കാര്യങ്ങള്‍ ഉളള സമുദായം പലതവണ പലരീതിയില്‍ ആവശ്യപ്പെടുന്നുവെങ്കിലും ഇന്നും സമ്മര്‍ദ്ദശക്തിയായി മാറാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. സമുദായ വിഷയങ്ങളോട് താല്‍പ്പര്യമുള്ള ഒരു യുവതലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. സമുദായത്തിനു വേണ്ടി നിലകൊള്ളാനും കാലാകാലങ്ങളായി സമുദായം ആവശ്യപ്പെട്ടുവരുന്ന കാര്യങ്ങള്‍ നീതിപൂര്‍വ്വം ലഭ്യമാക്കുന്നതിന് കൃത്യമായ അജണ്ടയോടുകൂടി ഈ സമുദായദിനത്തെ കാണണമെന്നതും തന്നെയാണ് സമുദായം നമ്മോട് ആവശ്യപ്പെടന്നത്- അതു തന്നെയാണ് സമുദായ താല്‍പ്പര്യവും.

തുറന്നു പറയട്ടെ, തെറിച്ചു പോയാലും വേണ്ടില്ല. 

കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി അംഗീകരിച്ച എല്ലാ ലത്തീന്‍കത്തോലിക്കര്‍ക്കും സ്ത്രീക്കും പുരുഷനും പ്രവര്‍ത്തിക്കാവുന്ന രണ്ടു സമുദായ സംഘടനകളാണിന്ന് കേരളത്തിലുള്ളത്. കെ എല്‍ സി എ യും സി എസ് എസും. ഇടവക-ഫെറോന-രൂപത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന- കെ എല്‍ സി എ.  മണ്ഡലം-നിയയോജക മണ്ഡലം തലത്തില്‍ പ്രവര്‍ത്തിക്കുന്ന അഫിലിയേറ്റഡ് സംഘടന - സി എസ് എസ്. വനിതകള്‍ക്കുമാത്രമായും ദളിതര്‍ക്കായും ആംഗ്ളോ ഇന്ത്യര്‍ക്കായും തനതായ സംഘടനകള്‍ ഉണ്ട്. എന്നാല്‍ അവര്‍ക്കൊക്കെയും കെ എല്‍ സി എ യിലും സി എസ് എസ് ലും അംഗമാകാം. കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലും വേരുകളുള്ള കെ എല്‍ സി എ യിലോ ചിലയിടങ്ങളില്‍ സീറോ മലബാര്‍ സഭാംഗങ്ങളും പ്രവര്‍ത്തിക്കുന്ന സി എസ് എസ് ഇന്‍റര്‍നാഷണലിലോ - ഇവ രണ്ടില്‍ ഏതെങ്കിലും - ആളുകള്‍ക്ക് ചേരാന്‍ ഇഷ്ടമുള്ള സംഘടനയെ എല്ലാ ഇടവകകളിലും നിര്‍ബന്ധമായും പ്രവര്‍ത്തനക്ഷമമാക്കും എന്ന്  തീരുമാനമെടുക്കാന്‍ ഈ സമുദായ ദിനത്തില്‍ നമുക്കാകുമോ ? മത്സരപ്പരീകളില്‍ ലത്തീന്‍ കത്തോലിക്കന്‍ എന്ന കോളത്തില്‍ കുത്തി 4 ശതമാനം സംവരണത്തിനുമാത്രമായി സമുദായാംഗങ്ങളായി സഭാസംബന്ധിയായ സകല കാര്യങ്ങളിലും പങ്കെടുത്ത്, മതബോധനത്താല്‍ ഉദ്ധിതരായി, ബി സി സി യോഗങ്ങളില്‍ ഹാജരുകാരായി  എന്നതുകൊണ്ട് കാര്യമില്ല. സമുദായമെങ്കില്‍ സമുദായ സംഘടന വേണം. അത് ശക്തവുമാകണം. അപ്പോള്‍ സംവരണത്തിന്‍റെ അളവില്‍ കത്തിവയ്ക്കാന്‍ ആരും ധൈര്യപ്പെടില്ല, അധികാരത്തിലെ പങ്കാളിത്തക്കുറവിനെപ്പറ്റി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശബ്ദം കൂടും.