Monday, November 26, 2018

Constitution of India

*രണ്ടുവർഷം 11 മാസം 18 ദിവസം*

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഒരുകാലത്തും എത്ര ഭൂരിപക്ഷം ഉണ്ടെങ്കിലും ഭേദഗതിയിലൂടെ മാറ്റിമറിക്കാൻ ആവില്ല എന്ന് ഉറപ്പിച്ച ജനാധിപത്യ മതേതര രാഷ്ട്രം- അതാണ് എൻറെ രാഷ്ട്രം ! ഈ രാഷ്ട്രത്തിന് ഭരണഘടന അതിൻറെ ശില്പികൾ ഉണ്ടാക്കിയെടുത്തത് രണ്ടുവർഷം 11 മാസം 18 ദിവസമെടുത്താണ്. അതിൽ 166 ദിവസവും പൊതുജനങ്ങള്ക്ക് പങ്കെടുക്കാവുന്ന രീതിയിൽ.

പക്ഷേ ഇന്ന് എൻറെ രാജ്യത്തിൻറെ ഭരണഘടന വെല്ലുവിളികൾ നേരിടുകയാണ്.

ഉണരട്ടെ രാഷ്ട്രബോധം. വളരട്ടെ സമുദായം.
പകരട്ടെ സാമൂഹ്യനീതി.

കെഎൽസിഎ പതാക ദിനം ഡിസംബർ 2
ലത്തീൻ കത്തോലിക്കാ
സമുദായ ദിനം ഡിസംബർ 9
ഇനി 12 ദിവസം

Saturday, November 24, 2018

Klca Punalur diocese

*പരിമിതികൾക്കിടയിലും പതറാതെ പുനലൂർ*

കേരളത്തിലെ ലത്തീൻ രൂപതകളിലെ ഏറെ പരിമിതികളുള്ള രൂപതയാണ് പുനലൂർ. വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലുള്ള സംഘടനാപ്രവർത്തനം ശ്രമകരമാണ്. പ്രസിഡൻറ് ബേബി ഭാഗ്യോദയം, സെക്രട്ടറി അൽഫോൺസ്,  ട്രഷറർ ക്രിസ്റ്റഫർ എന്നിവരാണ് ഇന്ന് സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്. ആധ്യാത്മിക ഉപദേഷ്ടാവ് ഫാ ജോസ് വർഗീസ് പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്നു. സർവ്വോപരി ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ സമുദായ പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിൻറെ നിസ്സീമമായ സഹകരണവും എടുത്തുപറയേണ്ടതുതന്നെ. നാളെ നവംബർ 25 ന് രൂപതയുടെ വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പുമാണ്.

സംഘടന ശക്തമാകട്ടെ സമുദായം ശക്തമാകട്ടെ

തീരദേശ വികസനവും നവകേരള നിർമ്മിതിയും
നടപ്പിലാക്കാൻ നമുക്കും പങ്കുചേരാം....

കെഎൽസിഎ പതാക ദിനം ഡിസംബർ 2

സമുദായ ദിനം ഡിസംബർ 9

Klca state Leaders from Archdiocese of Verapoly

*അതിരൂപതയിലെ അതികായർ*

ലത്തീൻ സമുദായത്തിൻറെ സാമുദായിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് മധ്യകേരളത്തിന് മുഖ്യമായ പങ്കുണ്ടായിരുന്നു. വരാപ്പുഴ അതിരൂപതയുടെ പ്രാന്തപ്രദേശങ്ങൾ അതിനു വേദിയൊരുക്കി എന്നത് ചരിത്രം. 1914 ൽ കാത്തലിക് അസോസിയേഷൻ എന്ന പേരിൽ വരാപ്പുഴ അതിരൂപതയിൽ ഉണ്ടായിരുന്ന സംഘടനയുടെ പ്രസിഡണ്ട് അന്നത്തെ ആർച്ച് ബിഷപ്പ് ആയിരുന്നു. തദ്ദേശീയനായ ഒരു മെത്രാപ്പോലീത്താ അതിരൂപതയ്ക്ക് വേണമെന്ന് ആവശ്യപ്പെട്ടതിൻറെ പേരിൽ 1920ൽ സംഘടനാപ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു. 

സാമുദായിക സംഘടനാ പ്രവർത്തനം എങ്ങനെയൊക്കെ ആകാമെന്ന് അണ്ണാമലൈ സർവകലാശാലയുടെ വൈസ് ചാൻസലർ രത്നസ്വാമിയുടെ ഒരു അഭിമുഖം കേരള ടൈംസിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1967 ഒകടോബര് 12 ന് കേരള ടൈംസില് ഒരു യോഗം കൂടുന്നതിന് അത് കാരണമായി. സമുദായസംഘടയുടെ ആവശ്യകതയെപ്പറ്റി അന്ന് പ്രാരംഭചര്ച്ചകള് നടന്നു. വീണ്ടും നവംബര് 27 ന് വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളില് നിന്നുള്ള പ്രതിനിധികള് പങ്കെടുത്ത യോഗം നടന്നു. ആര്ച്ച് ബിഷപ്പ് അട്ടിപ്പേറ്റിയുടെ അധ്യക്ഷതയില് 1967 ഡിസംബര് 12 ന് കാത്തലിക് അസോസിയേഷന് ഔദ്യോഗികമായി രൂപം കൊണ്ടു. ജെ ഡി വേലിയാത്ത് പ്രസിഡന്റും ഡോ. ഇ പി ആന്റണി ജനറല് സെക്രട്ടറിയായും സമിതി നിലവില് വന്നു. പിന്നീട് 1972 ല് സംസ്ഥാനതലത്തില് കെ എല് സി എ രൂപീകരിക്കപ്പെട്ടു. രണ്ടാം ഘട്ടത്തില് ഇതിന് മുഖ്യകാരണക്കാരനായത് ജോര്ജ്ജ് വെളിപ്പറമ്പില് എന്ന സമുദായസ്നേഹിയായ ഒരു വൈദീകശ്രേഷ്ഠനായിരുന്നു. 

പല കാലഘട്ടങ്ങളിലൂടെ നിരവധി നേതാക്കൾ സംഘടനയുടെ സഹകാരികളായി. അവരിൽ ഇന്നും ജീവിച്ചിരിക്കുന്നവരുടെയും സജീവമായി പ്രവർത്തിക്കുന്ന ചിലരുടെയെങ്കിലും പേരുകൾ പറയാതിരുന്നു കൂടാ. കാലയവനികയിൽ മറഞ്ഞു എങ്കിലും പ്രൊഫ ആൻറണി ഐസക്ക്, സി വി ആൻറണി, പി എ ഫെലിക്സ്, ജോസ് തോമസ് കാനപ്പള്ളി, ആൻറണി കോന്നുള്ളി,കെ പി ആൻറണി, ജോർജ്ജ് പോളയിൽ  എന്നിവരുടെയൊക്കെ പേര് സ്മരണാർഹമാണു്. 

കെആർഎൽസിസി വൈസ് പ്രസിഡൻറ് ഷാജി ജോർജ് കഴിഞ്ഞ ഒരു ദശകത്തോളം കാലം സംസ്ഥാനതലത്തിൽ സംഘടനയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. ഇ ജെ ജോൺ മാസ്റ്റർ, ഫെലിക്സ് പുല്ലൂടൻ, സേവ്യർ അമ്പലത്തിങ്കൽ, വിക്ടർ മരക്കാശേരി,  അഡ്വ വി എ  ജെറോം, പി എം ബെഞ്ചമിൻ,  സി ജെ പോൾ എന്നിവർ രൂപതാ പ്രസിഡൻറ് തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അഡ്വ ആൻറണി അമ്പാട്ട്, സോളമൻ ജോസഫ്, ജോസഫ് ജൂഡ്, അഡ്വ യേശുദാസ് പറപ്പള്ളി, പ്രൊഫ വി എസ് സെബാസ്റ്റ്യൻ, അഡ്വ ഷെറി ജെ തോമസ്, എം സി ലോറൻസ്,
അഡ്വ ജസ്റ്റിൻ കരിപാട്ട്, ജോർജ്ജ് നാനാട്ട്  എന്നിവരൊക്കെ പലഘട്ടങ്ങളിൽ വിവിധ നേതൃത്വങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.  പറയാൻ ഇനിയും നേതാക്കൾ ഒരുപാട്. 

സംഘടനാ പ്രവർത്തനത്തിലൂടെ സമുദായം ശക്തമാകട്ടെ. 

ഡിസംബർ 9 സമുദായ ദിനം
ഇനി 20 ദിവസം
ഡിസംബർ 2 കെഎൽസിഎ പതാകദിനം.

Formation of klca

*സംസ്ഥാനതലത്തിൽ ഒന്നായി ഒരുമിച്ച്*

കേരളത്തിലെ ലത്തീൻ ബിഷപ്പുമാരുടെ അംഗീകാരത്തോടെ പിന്തുണയോടും കൂടി രൂപത തലത്തിൽ പ്രവർത്തിച്ചുവന്നിരുന്ന കേരള അസോസിയേഷനുകൾ ഒരു ഫെഡറേഷൻ എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കെഎൽസിഎ രൂപീകരിക്കപ്പെട്ടു. 1972 മാർച്ച് 26 ന് എറണാകുളത്ത് ചേർന്ന രൂപത കാത്തലിക് അസോസിയേഷനുകളുടെ പ്രതിനിധിയോഗം ആണ് സംസ്ഥാനതല സംഘടനയ്ക്ക് രൂപം നൽകിയത്. ആർച്ച് ബിഷപ്പ് ഡോ ജോസഫ് കേളന്തറയാണ് ഉദ്ഘാടനം നിർവഹിച്ചത്.പ്രസിഡന്റ് ആയി ഷെവ കെ ജെ ബെർളിയെയും  ജനറൽ സെക്രട്ടറിയായി ഇ പി ആന്റണിയെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു.

(സാമൂഹ്യ പ്രവർത്തന രംഗത്തെ അതികായൻ ആയിരുന്നു ഷെവലിയാർ കെജ് ബെർളി. 1925-ൽ26  മത്തെ വയസ്സിൽ ബർലി മാഷ് കൊച്ചിയിൽ ആദ്യത്തെ കോൺഗ്രസ് കമ്മിറ്റി രൂപികരിച്ചു1927  ൽ ഗാഡിജീയുടെ ആഹ്വാന പ്രകാരം ഫോർട്ടുകൊച്ചിയിൽ ആദ്യത്തെ സമ്പൂർണ്ണമദ്യ നിരോധനത്തിന് നേതൃത്വം നൽകി)

സംഘടിച്ച് ശക്തരാകാം അതികായൻമാരായ നിരവധി നേതാക്കൾ സമുദായത്തിൽനിന്ന് ഉണ്ടാകട്ടെ!
സമുദായ ദിനം(ഡിസംബർ 9)
സമുചിതമായിആചരിക്കുക
(കെഎൽസിഎ പതാക ദിനം ഡിസംബർ 2)

Activities of KLCA State Committee - 2015-2018 in brief. Noted by Adv Sherry J Thomas, General Secretary, KLCA.

Activities of KLCA State Committee - 2015-2018 in brief. Noted by Adv Sherry J Thomas, General Secretary, KLCA.

നന്ദിയുടെ ഒരു വാക്ക് ......
Adv Sherry J Thomas
(കഴിഞ്ഞ കാലയളവിൽ കെ എൽ സി എ സംസ്ഥാന തലത്തിൽ നടത്തിയ ചില ഇടപെടലുകലാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്) 

കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ പൊതു സമുദായ സംഘടനയായ കെ എല്‍ സി എ നിലവിലെ സമിതി അതിന്‍റെ പ്രവര്‍ത്തന കാലയളവിന്‍റെ അവസാന ഘട്ടത്തിലാണ്. (2015-2018) കരുത്തരായ കഴിഞ്ഞകാല നേതാക്കളില്‍ നിന്നും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കുടൂതല്‍ കരുത്തോടെ പ്രസ്ഥാനം മുന്നോട്ടുപോകാന്‍ നമുക്ക് ഒരുമിച്ച് മുന്നേറാം. കെ എല്‍ സി എ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന സാമൂഹിക ഇടപെടലുകള്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. (പ്രവര്‍ത്തനറിപ്പോര്‍ട്ട് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല). സഹകരിച്ച എല്ലാവര്‍ക്കും നന്ദി.

ഇലക്ട്രോണിക് മാധ്യമങ്ങള്‍

വെബ് സൈറ്റ്, സോഷ്യല്‍ മീഡിയ
സംഘടനയ്ക്ക് വെബ് സൈറ്റിന് രൂപം നല്‍കി. സര്‍ക്കുലറുകള്‍, പ്രസ്താവനകള്‍ എന്നിവ ഘടകങ്ങളിലേക്കെത്തിക്കുന്നതിന് പ്രയോജനപ്പെടുന്ന രീതിയിലാണ് വെബ് സൈറ്റ് ഒരുക്കിയിട്ടുള്ളത്.  സമുദായിക ആവശ്യങ്ങളും  സര്‍ക്കാര്‍ ഉത്തരവുകളും സ്കോളര്‍ഷിപ്പ് വിവരങ്ങളും വെബ് സൈറ്റില്‍ ഉണ്ട്. www.klca.online എന്ന വിലാസത്തില്‍ ലഭ്യമാണ്. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് www.facebook.com/klca.klca   എന്ന ഫെയിസ്ബുക്ക് എക്കൗണ്ടും പ്രവര്‍ത്തിക്കുന്നു.

കെ.എല്‍.സി.എ. ടൈംസ് പ്രസിദ്ധീകരണം  

സംഘടനയുടെ മുഖപത്രമായി കെ.എല്‍.സി.എ. ടൈംസ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. സൗജന്യമായാണ് കോപ്പികള്‍ വിതരണം ചെയ്യുന്നത്. പ്രവര്‍ത്തനഫണ്ട് അതിലൂടെയാണ് സമാഹരിക്കുന്നത്.  

വാട്ട്സാപ്പ് ഗ്രൂപ്പുകള്‍

സംഘടനാ വിവരങ്ങള്‍ നേരിട്ട് പ്രവര്‍ത്തകരിലേക്കും സഹകാരികളിലേക്കും എത്തിക്കാന്‍ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
            
അവകാശ സംരക്ഷണത്തിനായി കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലത്തീന്‍ സമുദായം ഉന്നയിച്ചുവരുന്ന ആവശ്യങ്ങളായ തീരനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുമതി ലഭ്യമാകുന്ന വിധത്തില്‍ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളുക, ജസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനു ശേഷം ലത്തീന്‍ സമുദായത്തിന് നഷ്ടമായ തൊഴിലവസരങ്ങള്‍ തിട്ടപ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കുക; നഷ്ടമായ തൊഴിലവസരങ്ങള്‍ പ്രത്യേക നിയമനത്തിലൂടെ പുനസ്ഥാപിക്കുക, വിഴിഞ്ഞം പദ്ധതിമൂലം നഷ്ടമുണ്ടാകുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, പുന്തുറ തീരവും തൊഴിലും സംരക്ഷിക്കാന്‍ ഫിഷിംഗ് ഹാര്‍ബര്‍ പണി പൂര്‍ത്തിയാക്കുക, വലിയതുറയില്‍ കടലാക്രമണത്തില്‍ ഭവനങ്ങള്‍ നഷ്ടമായി സ്കൂള്‍ ക്ളാസ് മുറികളില്‍ താമസിപ്പിച്ചിരിക്കുന്നവര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുക, മൂലമ്പിള്ളി പുനരധിവാസപാക്കേജ് നടപ്പാക്കുക, വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശികക്കെതിരെ ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക, ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട സംവരണാനുകൂല്യം നല്‍കുക,  തീരമേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുക. കടലാക്രമണം, കടല്‍ ദുരന്തം എന്നിവയെ പ്രകൃതിദുരന്തങ്ങളായി പ്രഖ്യാപിക്കുക, പിന്നാക്കാരായ ഭൂരഹിതര്‍ക്ക് വീടും ഭൂമിയും അനുവദിക്കുക, സമ്പൂര്‍ണ്ണ ഭവനപദ്ധതി രൂപീകരിക്കുക, രാഷ്ട്രീയ നീതിയും ഭരണപങ്കാളിത്തവും ഉറപ്പുവരുത്തുക. ഭരണഘടനാ സ്ഥാപനങ്ങളിലും ബോര്‍ഡുകളിലും ഭരണനിര്‍വ്വഹണ സമിതികളിലും ലത്തീന്‍ സമുദായത്തിന് മതിയായ പ്രാതിനിധ്യം നല്‍കുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക, വിക്ടിം കോമ്പന്‍സേഷന്‍ സ്കീം ഫലപ്രദമായി നടപ്പാക്കുക, എയ്ഡഡ് സ്ഥാപനങ്ങളിടെ നിയമാനുസൃത നിയമനങ്ങള്‍ അനാവശ്യമൊയി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുക,  ഹരിത പാത സംബന്ധിച്ച് ജനങ്ങളുടെ ആശകങ്കള്‍ ദുരീകരിക്കുക തുടങ്ങിയ 26 ആവശ്യങ്ങളാണ് ഉന്നയിച്ചത്.

ഐ ഒ സി സമരം - ഐക്യദാര്‍ഡ്യം

വൈപ്പിനില്‍ ഐ ഒ സി പ്ളാന്‍റിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസ്ഥാന സമിതി പ്രതിനിധികള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം തുടങ്ങി വിവിധ രൂപതാ നേതാക്കള്‍ പല ദിവസങ്ങളിലായി സമരപ്പന്തലിലെത്തി.

ബോണക്കാട് വിഷയം - രൂപതകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു

കഴിഞ്ഞ 60 വര്‍ഷത്തിലധികമായി ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിവന്നിരുന്ന തീര്‍ത്ഥാടനത്തില്‍ കരുതിക്കൂട്ടി അക്രമമുണ്ടാക്കി വിശ്വാസകളെ പേലീസിനെ ഉപയോഗിച്ച് നേരിട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി. മന്ത്രിതല ചര്‍ച്ചകളില്‍ സമവായത്തിന് തയ്യാറെന്ന് അറിയിക്കുകയും തീര്‍ത്ഥാടനത്തിന് എത്തിയ വിശ്വാസികളെ തടഞ്ഞ് പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്ത സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണ്. വിശ്വാസസ്വാതന്ത്ര്യം മൗലീകാവകാശമായ രാജ്യത്ത് ഇത്തരം സംഭവം കേരളത്തില്‍ ആദ്യമാണ്. കൈയ്യൂക്കും അധികാരവും ഉപയോഗിച്ചാല്‍ തകര്‍ക്കാവുന്നതല്ല ക്രൈസ്തവ വിശ്വാസം. സംഭവത്തില്‍ പ്രതിഷേധിച്ച് എല്ലാ രൂപതകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. നെയ്യാറ്റിന്‍കര രൂപതയില്‍ സമരത്തിന് മേല്‍നോട്ടം വഹിച്ചതും മുഖ്യസംഘാടകരായി പ്രവര്‍ത്തിച്തും കെ എല്‍ സി എ നേതൃത്വം ആയിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കോട്ടപ്പുറം, വരാപ്പുഴ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ രൂപതകളില്‍ പ്രതിഷേധപരിപാടികള്‍ നടത്തി.

ഈസ്റ്റര്‍ വാരത്തില്‍ പരീക്ഷ 

2016 ഈസ്റ്റര്‍ വാരത്തില്‍ മാര്‍ച്ച് 26 ന് ശനിയാഴ്ച സി ബി എസ് ഇ നിശ്ചയിച്ചിരിക്കുന്ന ബോര്‍ഡ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട കെ. എല്‍. സി. എ. സംസ്ഥാന സമിതി സി. ബി. എസ്. സി. ചെയര്‍മാനും, പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു.

ടഷറി സര്‍ക്കുലറിനെതിരെ പരാതി

ദുഖ വെള്ളിയാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും കേരളത്തിലെ എല്ലാ ട്രഷറി ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് 14-3-16 ന് ധനകാര്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ കെ എല്‍ സി എ സംസ്ഥാന സമിതി പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രിക്കും, കെ പി സി സി അധ്യക്ഷനും, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുമാണ് പരാതികള്‍ നല്‍കിയത്. ഈ ദിവസങ്ങളില്‍ ട്രഷറി പ്രവര്‍ത്തനം അത്യാവശ്യമെങ്കില്‍ കത്തോലിക്കരായ ജീവനക്കാര്‍ക്ക് അവധിയെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് കെ എല്‍ സി എ ആവശ്യപ്പെട്ടു.

നിയമ സഭാ തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ലഭിക്കണം

വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് ജനസംഖ്യാനുപാതികമായി 11 സീറ്റുകളെങ്കിലും നല്‍കാന്‍ ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും  തയ്യാറാകണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിച്ച വില്ലേജ് ഓഫീസര്‍ക്കെതിരെ പരാതി.

ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബിഷപ്പുമാര്‍ നല്‍കിവരുന്ന കത്ത് ആധികാരിക രേഖയായി പരിഗണിക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതിരിക്കുകയും, ഉത്തരവുമായി ചെന്ന ഉദ്യോഗാര്‍ത്ഥിയേയും, സര്‍ട്ടിഫിക്കറ്റ് നല്‍കിയ ബിഷപ്പിനേയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം വില്ലേജ് ഓഫീസര്‍ക്കെതിരെ കെ എല്‍ സി എ പരാതി നല്‍കി. ഈ വിഷയത്തില്‍ അപേക്ഷകന്‍ നേരിട്ട് പരാതി  നല്‍കിയിട്ടും നടപടികളാകാത്ത സാഹചര്യത്തിലാണ് കെ.എല്‍.സി.എ. സംസ്ഥാനസമിതി വിഷയം ഏറ്റെടുക്കുകയും, വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തത്.
മദ്യ ഉപഭോഗ സംസ്കാരത്തിന്‍റെ പ്രചാരകരായി കണ്‍സ്യൂമര്‍ഫെഡ് മാറരുത്
ഓണത്തിന് ക്യൂ നില്‍ക്കാതെ മദ്യം എത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാനുള്ള കണ്‍സ്യൂമര്‍ഫെഡ് തീരുമാനം പിന്‍വലിക്കണമെന്ന് കെ എല്‍ സി എ ആവശ്യപ്പെട്ടു.  മദ്യവര്‍ജ്ജനമാണ് നയം എന്നു പറയുകയും മദ്യ ഉപഭോഗത്തിന് കൂടുതല്‍ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുന്ന ഈ തീരുമാനം നടപ്പിലാക്കരുത്. ഇത്തരം തീരുമാനങ്ങള്‍ വകുപ്പ് മന്ത്രിയും മന്ത്രിസഭയും അറിഞ്ഞാണോയെന്ന് വ്യക്തമാക്കണം എന്നും കെ എല്‍ സി എ  ആവശ്യപ്പെട്ടു.

നോട്ട് മാറ്റം -കെ എല്‍ സി എ ഹെല്‍പ് ഡസ്ക് 

1000, 500 പഴയ നോട്ടുകള്‍ക്ക് നിരോധനമെര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് സാധാരണക്കാരന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് കെ എല്‍ സി എ ആവശ്യപ്പെട്ടു. ചെക്കുകളും ഡിമാന്‍ഡ് ഡ്രാഫ്ടുകളും ഓണ്‍ലൈന്‍ ഇടപാടുകളും നടത്താനുള്ള സൗകര്യമുണ്ടായിട്ടും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള പല അവശ്യ മേഖലകളും മറ്റ് കച്ചവട സ്ഥാപനങ്ങളും ഉപയോക്താക്കള്‍ക്ക് അത് നിഷേധിക്കുന്ന നിരവധി പരാതികള്‍ ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സാമ്പത്തിക മന്ത്രാലയം 2016 നവംബര്‍ 13 ന് ഇറക്കിയ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല എന്നും കെ എല്‍ സി എ കുറ്റപ്പെടുത്തി. പൊതുജനങ്ങളുടെ ഇത്തരം പരാതികള്‍ക്ക് അതത് ജില്ലാ കളക്ടര്‍/ ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കാനുള്ള സംവിധാനം ഊര്‍ജിതമാക്കണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക് കെ എല്‍ സി എ ലീഗല്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്ക് ആവശ്യമായ സഹായം നല്‍കി.

റേഷനിംഗ് സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കണം

കേരളത്തില്‍ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം നടപ്പാക്കി വരുന്ന റേഷനിംഗ് ലിസ്റ്റ് പുനക്രമീകരം മൂലമുണ്ടാകുന്ന അപാകതകള്‍ക്ക് സമയബന്ധിതമായി പരിഹാരമുണ്ടാക്കണമെന്ന് കെ എല്‍ സി എ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ വന്നിട്ടുള്ള അപാകതകള്‍ കണക്കിലെടുത്ത് അര്‍ഹരായ എല്ലാവര്‍ക്കും തുടര്‍ന്നും റേഷന്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കണം.

ശിലുവമ്മയുടെ മരണം - തീരദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം

തിരുവനന്തപുരം ജില്ലയില്‍ ചെമ്പകരാമന്‍ തുറയില്‍ തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. തീരദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അലംഭാവം വരുത്തുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് കെ എല്‍ സി എ കുറ്റപ്പെടുത്തി. ശിലുവമ്മയുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഫാ ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന് അലംഭാവം കാണിക്കരുത് 

കഴിഞ്ഞ മാര്‍ച്ച് 4 ന് ബന്ധിയാക്കപ്പെട്ട ഫാ ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന് ശ്രമിക്കുന്നതില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇനിയും അലംഭാവം കാണിക്കരുതെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും പ്രധാനമന്ത്രിക്കും ഈ ഉന്നയിച്ച് പ്രത്യേക കത്തുകള്‍ അയച്ചു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയടുക്കണമെന്നും കെ എല്‍ സി എ ആവശ്യപ്പെട്ടു. യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തില്‍ രോഗീപരിചരണത്തിലായിരുന്ന ഫാ ടോമിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇടക്കിടെ വാര്‍ത്തകള്‍ വരുമ്പോള്‍ പ്രതികരിക്കുന്നതല്ലാതെ എന്തു നടപടികള്‍ കൈക്കൊണ്ടുവെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കണമെന്നും കെ എല്‍ സി എ ആവശ്യപ്പെട്ടു.

കേരളസംസ്ഥാന ന്യൂനപക്ഷ വകുപ്പ് 

കേരളസംസ്ഥാന ന്യൂനപക്ഷ വകുപ്പ് രൂപീകരണം
സംബന്ധിച്ച് നിയമത്തില്‍ ഭേദഗതിവരുത്താനുള്ള നിയമസഭാ ബില്ല് ചില പ്രത്യേകസമുദായക്കാരെ ന്യൂനപക്ഷകമ്മീഷന്‍ അംഗങ്ങളായി തിരുകി കയറ്റുവാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസിയേഷന്‍ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ന്യൂനപക്ഷ കമ്മീഷനിലെ അദ്ധ്യക്ഷ പദവിയിലിരിക്കുന്ന ആളും, കമ്മീഷനില്‍ അംഗമാകുന്ന മറ്റ്  വ്യക്തികളും ഒരു സമുദായത്തില്‍ പെട്ടവരാകരുത് എന്നതാണ് ചട്ടം.  ആ ചട്ടത്തിലെ മറ്റൊരു എന്ന ഭാഗം മാറ്റി അദ്ധ്യക്ഷ പദവിയിലിരിക്കുന്ന അതേ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട അംഗത്തെ തന്നെ  സാധാരണ അംഗമായും നിയമിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് ഇപ്പോള്‍ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. അദ്ധ്യക്ഷ പദവിയിലിരിക്കുന്ന  അംഗത്തിന്‍റെ അതേ സമുദായത്തില്‍ പെടാത്ത ആള്‍ക്ക് അവസരം കൊടുത്തിരുന്നതിനു കാരണം എല്ലാ സമുദായാംഗങ്ങള്‍ക്കും പ്രതാനിധ്യം ലഭിക്കാനായിരുന്നു. എന്നാല്‍ ഒരേ സമുദായത്തിലെ അംഗങ്ങളെത്തന്നെ  വീണ്ടും നിയമിക്കുന്ന സാഹചര്യം ഒരുക്കുന്നതിനാണ് ഇപ്പോള്‍ ഇത്തരത്തില്‍ നിയമഭേദഗതികൊണ്ടുവരുന്നതെന്ന് കെ എല്‍ സി എ കുറ്റപ്പെടുത്തി.

പെസഹാ വ്യാഴാഴ്ച ബിരുദദാന ചടങ്ങ് - പ്രതിഷേധം

ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി - ഇഗ്നൗ ബിരുദദാന ചടങ്ങ്  2017 പെസഹാ വ്യാഴാഴ്ച നിശ്ചയിക്കുകയും വിദ്യാര്‍ത്ഥികളോടും ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ഹാജരാകണമെന്ന് ഉത്തരവിറക്കുകയും ചെയ്ത ഇഗ്നൗ നടപടി പ്രതിഷേധാര്‍ഹമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി.

മൂന്നാര്‍ വിഷയത്തില്‍ മാനുഷിക പരിഗണന കാണിക്കണം

മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്ന വിഷയത്തില്‍ പ്രാദേശിക ചര്‍ച്ചകളുടെയും മാനുഷിക പരിഗണനയുടെയും അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വലുപ്പച്ചെറുപ്പം തീര്‍പ്പാക്കുന്നതിന് മൂന്നാറിലെ പാവപ്പെട്ടവരെ ബലിയാടാക്കരുത്. മൂന്നാറിലെ വന്‍കിട കൈയ്യേറ്റവും വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്ന കുടിയേറ്റകര്‍ഷകനെയും ഒരേ തട്ടില്‍ കാണരുത്. പ്രാകൃതമായ രീതിയില്‍ കുരിശ് തകര്‍ത്ത രീതി ഒഴിവാക്കാമായിരുന്നുവെന്നും കെ എല്‍ സി എ സംസ്ഥാന സമിതി വിലയിരുത്തി. കര്‍ഷകന്‍റെയും തൊഴിലാളിയുടെയും ഉപജീവനമാര്‍ഗ്ഗങ്ങളും തൊഴിലും സംരക്ഷിച്ചുകൊണ്ടായിരിക്കണം ഒഴിപ്പിക്കല്‍ നടപടി. പ്രദേശത്തെ അരക്ഷിതാവസ്ഥ ഒഴിവാക്കി സര്‍ക്കാര്‍ നടപടികളില്‍ കൂടുതല്‍ മാനുഷിക മുഖം ഉണ്ടാകണം.

തൊഴിലവസരങ്ങള്‍ നഷ്ടമായതില്‍ പിന്നോക്ക വിഭാഗക്കമ്മീഷന് പരാതി നല്‍കി    

കേരളത്തില്‍ സര്‍ക്കാര്‍-  പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗ നിയമനങ്ങളില്‍ സംവരണപ്രകാരം  ലത്തീന്‍ കത്തോലിക്കര്‍ക്ക് ലഭിക്കേണ്ടതായിട്ടുള്ള  തസ്തികകള്‍ പൂര്‍ണ്ണമായും ലഭ്യമായിട്ടുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരള ലത്തീന്‍ കത്തോലിക്ക സംസ്ഥാനമ്മറ്റി പിന്നോക്ക വിഭാഗക്കമ്മീഷനില്‍ പരാതി നല്‍കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് കെ എല്‍ സി എ പരാതി നല്‍കിയത്. കേരളത്തില്‍ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ക്ക് തൊഴില്‍പരമായി ലഭിക്കേണ്ടിയിരുന്ന തസ്തികകളില്‍ 4370 തൊഴിലവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് 2001-ല്‍  ജസ്റ്റിസ് നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നതാണ്.  അത്തരത്തില്‍ നഷ്ടമായ ഒഴിവുകളില്‍ ് യാതൊരു നടപടിയും എടുക്കുവാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല.  അതേസമയം എന്‍.സി.എ. (നോ കാണ്‍ഡിനേറ്റ് അവയിലബിള്‍) എന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതെ വരുന്ന അവസരങ്ങളില്‍  നിയമനം നടത്തുന്നുവെങ്കിലും നഷ്ടമായ തൊഴിലവസരങ്ങള്‍ പുന: സ്ഥാപിക്കുവാന്‍ വേണ്ട നടപടികളൊന്നും ഫലവത്തായിട്ടില്ല.  ഈ സാഹചര്യത്തിലാണ് കമ്മീഷന്‍റെ അധികാരം ഉപയോഗിച്ച് ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തുകയും നഷ്ടമായ നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും, 2011 നു ശേഷം നാളിതുവരെയും നഷ്ടമായിട്ടുള്ള ഉദ്യോഗങ്ങളുടെ കണക്ക് വെളിപ്പെടുത്താന്‍ നടപടികള്‍ എടുക്കണമെന്നുമാവശ്യപ്പെട്ട് കെ.എല്‍.സി.എ-ക്കുവേണ്ടി സംസ്ഥാന ജനറല്‍  സെക്രട്ടറിയാണ് പരാതി നല്‍കിയത്.

ദുഖവെള്ളിയാഴ്ച ഡിജിറ്റല്‍ ദിനമാചരിക്കുന്നത് പ്രതിഷേധാര്‍ഹം

2017 ഏപ്രില്‍ 14 ന് ദുഖവെള്ളിയാഴ്ച ഡിജിറ്റല്‍ ദിനമായി ആചരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാരിന് ന്യൂനപക്ഷങ്ങളോടുള്ള യഥാര്‍ത്ഥ നിലപാട് ഇത്തരത്തിലുള്ള പല തീരുമാനങ്ങളിലൂടെയും പുറത്തുവന്നു കൊണ്ടിരിക്കുന്നു.   ന്യൂനപക്ഷങ്ങളുടെ വിശേഷദിവസങ്ങളില്‍ പരീക്ഷകള്‍ വയ്ക്കുക, ബിരുദദാന ചടങ്ങുകള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ മുന്‍കൂട്ടി തീരുമാനിച്ചുറച്ച രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്.  സര്‍ക്കാര്‍ പദ്ധതിയില്‍ സഹകരിക്കാന്‍  തയ്യാറുള്ള ന്യൂനപക്ഷങ്ങളെ കൂടി അകറ്റി നിര്‍ത്തുന്നതിനു മാത്രമേ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉപകരിക്കുകയുള്ളൂ കെ എല്‍ സി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി.

തീരനിയന്ത്രണവിജ്ഞാപനം രണ്ടാം ഘട്ട ഇടപെടലുകള്‍

തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച വിഷയത്തില്‍ ശൈലേഷ് നായ്ക്ക് കമ്മറ്റി പ്രസിദ്ധീകരിച്ച നിര്‍ദ്ദിഷ്ട കരട് വിജ്ഞാപനം ചര്‍ച്ചക്കായി ംംം.സഹരമ.ശി വെബ് സൈറ്റില്‍ ലഭ്യമാക്കി. ആദ്യഘട്ട ചര്‍ച്ച എറണാകുളം പി ഒ സി യില്‍ നടന്നു. തുടര്‍ന്ന് തിരുവനന്തപുരത്തും ചര്‍ച്ച നടന്നു. പിന്നീട് ആലപ്പുഴയിലും ഈ വിഷയത്തില്‍ സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. തീരദേശനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുകൂലമായ നിലപാടുകള്‍ ഉണ്ടാകാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി നപടികള്‍ കൈക്കൊള്ളണമെന്ന് കെ.എല്‍.സിഎ. സംസ്ഥാനസമിതി ആവശ്യപ്പെട്ടു.   തീരദേശനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുകൂലമായ നിലപാടുകള്‍ ഉണ്ടാകാന്‍ ഡിസംബര്‍ 8 ന്  വിളിച്ചുചേര്‍ത്ത പാര്‍ലമെന്‍റ് അംഗങ്ങളുടെ യോഗത്തില്‍ നിയമഭേദഗതിക്ക് അനുകൂല തീരുമാനമുണ്ടാ കണമെന്നാവശ്യപ്പെട്ട് കെ എല്‍ സി എ സംസ്ഥാന സമിതി ഇന്ത്യയിലെ എല്ലാ പാര്‍ലമെന്‍റ്, രാജ്യസഭാ അംഗങ്ങള്‍ക്കും കത്ത് നല്‍കി. അതിനെത്തുടര്‍ന്ന് പ്രേമചന്ദ്രന്‍ എം പി, റിച്ചാര്‍ഡ് ഹേ എം പി എന്നിവര്‍ സംസ്ഥാന സമിതിയെ നേരില്‍ ബന്ധപ്പെടുകയും വിശദവിരങ്ങള്‍ ആരായുകയും ചെയ്തു. കെ സി വേണുഗോപാല്‍ എം പി യുടെ ഓഫീസില്‍ നിന്ന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാമെന്ന് മറുപടിയും ലഭിച്ചു.

മുന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം സാമൂഹിക നീതിക്കെതിര്

തൊഴില്‍ മേഖലയില്‍ സാമ്പത്തിക സംവരണം കൊണ്ടുവരുന്നതിന്  നിയമദേഭഗതി വരുത്താന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി സാമൂഹിക നീതിക്കെതിരാണെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ഭരണഘടനയില്‍ സാമ്പത്തിക സംവരണം എന്നൊന്നില്ല. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നയാളുകളാണ് സംവരണത്തിന് അര്‍ഹര്‍. കേരളത്തില്‍ അത് ജാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്; സാമ്പത്തിക അവസ്ഥയെ അതിനൊരു മാനദണ്ഡമാക്കി മാറ്റി സാമൂഹിക സന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി.

ഒഴിവുകള്‍ നികത്താന്‍ പിന്നാക്കവിഭാഗ കമ്മീഷന് പരാതി ലത്തിന്‍കത്തോലിക്കര്‍ക്ക് 

നഷ്ടമായതസ്തികകളില്‍സ്പെഷല്‍റിക്രൂട്ട്മെന്‍റ് നടപ്പിലാക്കണമെന്ന്ആവശ്യപ്പെട്ട് പിന്നോക്കവിഭാഗകമ്മീഷന് പരാതി നല്‍കി.  കേരള ലാറ്റിന്‍ കത്തോലിക്ക ജനറല്‍സെക്രട്ടറിപിന്നോക്കവികസന കമ്മീഷന് നല്‍കിയപരാതിയില്‍വിഷയംസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു.  കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ. ടി. ശിവരാജനു പുറമേ കമ്മീഷന്‍ അംഗങ്ങളായഅഡ്വ: വി.എ. ജെറോം, മുള്ളൂക്കര മുഹമ്മദ്സലാഫി, എന്നിവരാണ്സിറ്റിംഗില്‍ പങ്കെടുത്തത്.  നരേന്ദ്രകമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷം നഷ്ടമായ 4370 (നാലായിരത്തിമുന്നൂറ്റിഎഴുപത്) തസ്തികകളില്‍സ്പെഷല്‍റിക്രൂട്ട്മെന്‍റ്വഴി നിയമനം നടത്തണമെന്ന്വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന ആവശ്യങ്ങളാണ് കമ്മീഷന്‍ മുമ്പായി വീണ്ടും പരിഗണനയ്ക്കായി വന്നത്.

കരട് തീരനിന്ത്രണ വിജ്ഞാപനം- സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം

തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം മുന്‍വിജ്ഞാപനത്തിന്‍റെ അപാകത പരിഹരിക്കുന്നുവെന്ന പേരില്‍ പുറത്തിറക്കിയ വിജഞാപനം ടൂറിസത്തിന് കടല്‍ തീരങ്ങളില്‍ അനിയന്ത്രിതമായ നിര്‍മ്മാണ സ്വാതന്ത്ര്യം നല്‍കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. തദ്ദേശവാസികളുടെ ഭവനനിര്‍മ്മാണ അവകാശം പുനസ്ഥാപിക്കുന്നതിനു വേണ്ടി മാത്രമായാണ് ഭേദഗതികള്‍ ആവശ്യപ്പെട്ട് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നത്. എന്നാല്‍  2018 ലെ കരട് വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ ഭവനനിര്‍മ്മാണം നിഷിദ്ധമായ സ്ഥലങ്ങളില്‍ പോലും റിസോര്‍ട്ടുകളും ഹോട്ടലുകളും അനുവദനീയമാണ്. അതുകൊണ്ട് മുന്‍പ് കേരള സര്‍ക്കാര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നതുപോലെ, ഇളവുകള്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിനു മാത്രമായി നിലനിര്‍ത്തണമെന്നും വാണിജ്യാവശ്യങ്ങള്‍ക്കും ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ഇളവുകള്‍ അനുവദിക്കരുത് എന്ന നിലപാടില്‍ തന്നെ ഉറച്ചുനിന്നുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ കരട് വിജഞ്പാനം സംബന്ധിച്ച് കേന്ദ്രമന്ത്രായത്തിന് നല്‍കണമെന്നും  കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ഒ ബി സി സ്കോളര്‍ഷിപ്പ് തുകയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

കേരളത്തില്‍ ഒ ബി സി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യത്തിന്‍റെ തുകയും അതിനുള്ള അര്‍ഹത നിശ്ചയിക്കുന്ന വാര്‍ഷിക വരുമാനപരിധിയും, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യ തുകയും വാര്‍ഷിക വരുമാന പരിധിയും തമ്മില്‍ വിവേചനം ഉള്ളതായി കാണിച്ച് കെ എല്‍ സി എ സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും പിന്നാക്ക വിഭാഗ കമ്മീഷനും പരാതി നല്‍കി. പരാതി തുടര്‍നടപടികള്‍ക്കായി പിന്നാക്ക ക്ഷേമവകുപ്പിന് കൈമാറി. ഡയറി നമ്പര്‍ - 2260686/2018 ബി സി ഡി ഡി (ഒ എസ്).
ഒ ബി സി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരാകണമെങ്കില്‍ 1 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാന പരിധി. അതേ സമയം അതേ കോഴ്സുകളില്‍ തന്നെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ വാര്‍ഷിക വരുമാന പരിധി 2 ലക്ഷം രൂപയാണ്. മാത്രമല്ല, സ്കോളര്‍ഷിപ്പ്/സ്റ്റൈപ്പന്‍ഡ്/ എല്‍ എസ് ജി തുകയും മുന്നോക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നതിനെക്കാള്‍ കുറവായാണ് ഒബിസി, ഒഇസി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ഒ ബി സി, ഒ ഇ സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളുകളുടെ എണ്ണം മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളുടെ എണ്ണത്തെക്കാള്‍ വളരെയധികം കൂടുതലാണ്. എന്നിരിക്കിലും സ്കോളര്‍ഷിപ്പിനായി മാറ്റിവച്ചിരിക്കുന്ന തുകയുടെ  അനുപാതം താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവുമാണ്.
ഈ പശ്ചാത്തലത്തിലാണ് ഒബിസി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെതിനു സമാനമായ വാര്‍ഷിക വരുമാനപരിധി നിശ്ചയിക്കണമെന്നും, ഒബിസി, ഒഇസി സ്കോളര്‍ഷിപ്പു തുകയും മുന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെതിനെക്കാള്‍ കൂടുതലോ, സമാനമാക്കുകയോ ചെയ്യണമെന്നും, അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികളുടെ സംഖ്യയുടെ അനുപാതത്തില്‍ കൂടുതല്‍ തുക ഈയിനത്തില്‍ പിന്നാക്ക വിഭാഗ കോര്‍പ്പറേഷനില്‍ വകയിരുത്തണമെന്നും ആവശ്യപ്പെട്ട്  പരാതി നല്‍കിയത്.

ചെല്ലാനം കടല്‍കയറ്റം:: ദുരിതബാധിത പ്രദേശത്ത് സമഗ്രമായ ശുചീകരണ പരിപാടികള്‍ ഉണ്ടാകണമെന്ന് കെഎല്‍സിഎ

ചെല്ലാനം കടല്‍കയറ്റം സംബന്ധിച്ച് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച  തീവ്രയത്ന പരിപാടിയില്‍ കല്ലുകളും ജിയോ ബാഗുകളും പുനഃസ്ഥാപിക്കുന്നതിനും, കടല്‍ത്തീരത്തെ മാലിന്യങ്ങളും തോടുകളും വൃത്തിയാക്കുന്നതിനുമൊപ്പം അണുനാശിനി ഉപയോഗിച്ചുള്ള ശുചീകരണവും മാലിന്യനിര്‍മ്മാര്‍ജ്ജനവും പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാര്യങ്ങള്‍ അടിയന്തരമായി ചെയ്യുന്നതോടൊപ്പം തന്നെ ദുരിതം ബാധിച്ച വീടുകളില്‍ പലര്‍ക്കും ടോയ്ലറ്റ് സൗകര്യങ്ങള്‍ നഷ്ടമായ കാര്യം കൂടി കണക്കിലെടുത്ത് ടോയ്ലറ്റ് ക്ലീനിംഗ് ഉള്‍പ്പെടെ സമഗ്രമായ ശുചീകരണ പരിപാടി കൂടി നടപ്പിലാക്കാന്‍ ജില്ലാഭരണകൂടം തയ്യാറാകണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതിയും കൊച്ചി രൂപതാ സമിതിയും സംയുക്തമായി ആവശ്യപ്പെട്ടു.

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരെ പരാതി നല്‍കി

  ലത്തീന്‍ കത്തോലിക്ക- സുറിയാനി കത്തോലിക്ക മിശ്രവിവാഹിതരുടെ മക്കള്‍ ഒ ബി സി വിഭാഗത്തില്‍ ജീവിച്ചുവരുന്നവര്‍ക്കുപോലും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും പിന്നാക്കവിഭാഗ കമ്മീഷനും പരാതി നല്‍കി. കെ എല്‍ സി എ സംസ്ഥാന സമിതിയുടെ പേരില്‍ ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ബന്ധപ്പെട്ട അധികാരികളോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
ലത്തീന്‍ ആചാരപ്രകാരം എല്ലാ തരത്തിലുമുള്ള സമുദായിക പിന്നാക്കാവസ്ഥയില്‍ ജീവിക്കുകയാണെങ്കില്‍, സാഹചര്യങ്ങളുയെും അന്വേഷങ്ങളടെയും അടിസ്ഥാനത്തില്‍  അവര്‍ക്ക് ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിയമപ്രകാരം അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ വ്യാഖ്യാനപ്രകാരം അംഗീകരിച്ചിട്ടുള്ളതും അപ്രകാരം മേല്‍പറഞ്ഞ മിശ്രവിവാഹിതരുടെ മക്കള്‍ക്ക് സ്കൂള്‍ രേഖകളിലും മറ്റും ലത്തീന്‍ കത്തോലിക്ക എന്ന് രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യുന്നു. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്  നല്‍കാനുള്ള മാനദണ്ഡങ്ങള്‍ പറഞ്ഞതില്‍ മിശ്രവിവാഹിതരുടെ മക്കളെ ഒഴിവാക്കണമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ പഠനത്തിനും ജോലിക്കും സംവരണാവശ്യങ്ങള്‍ക്കായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ സാമൂഹിക അവസ്ഥയാണ് നോക്കേണ്ടത് എന്ന സര്‍ക്കാര്‍ സര്‍ക്കുലറുകളും കുറിപ്പുകളും തെറ്റായി വ്യാഖ്യാനിച്ച് മാതാപിതാക്കളുടെ വരുമാനപരമായ സാമൂഹിക അവസ്ഥ നോക്കാതെ അവരില്‍ ഒരാള്‍ മുന്നോക്കവിഭാഗത്തില്‍ പെടുന്നുവെങ്കില്‍ മക്കള്‍ക്ക് ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കുന്ന പ്രവണത കൂടിവരുകയും  ചെയ്യുന്നുവെന്ന് കെ എല്‍ സി എ കുറ്റപ്പെടുത്തി.
മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ഒ ബി സി സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കെയാണ് ഇങ്ങനെയുള്ള തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത്. ഇക്കാര്യത്തല്‍ അടിയന്തിരമായി ഇടപെട്ട് എസ് എസ് എല്‍ സി ബുക്കിലും മറ്റ് രേഖകളിലും ലത്തീന്‍ കത്തോലിക്ക എന്ന് രേഖപ്പെടുത്തി ലത്തീന്‍ കത്തോലിക്കരായി ജീവിച്ചുവരുന്ന മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫക്കറ്റ് ലഭിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്ന തരത്തില്‍,  ഉദ്യേഗസ്ഥര്‍ സ്വന്തം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന പ്രവണത അവസാനിപ്പിച്ച് അര്‍ഹരായ ലത്തീന്‍ കത്തോലിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കരുതെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം അവരുടെ സ്ഥാനത്തിന് യോജിക്കാത്തത് 

കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം അവരുടെ സ്ഥാനത്തിന് യോജിക്കാത്തത് എന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി. ആരോപണങ്ങള്‍ ആര്‍ക്കെതിരെയാണ് എങ്കിലും നിയമത്തിന്‍റെ വഴിക്ക് അന്വേഷണവും മറ്റുകാര്യങ്ങളും നടക്കുന്നുണ്ട്. അത് ഒരു കാരണമാക്കി കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്ന വനിതാകമ്മീഷന്‍ അധ്യക്ഷ യുടെ പ്രസ്താവന മതേതര  അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. കുമ്പസാരം സംബന്ധിച്ച കാര്യങ്ങള്‍ കുമ്പസാരിക്കാന്‍ പോകുന്നവര്‍ തീരുമാനിക്കും. ഇത്തരത്തില്‍ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്നും അവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

പിന്നാക്ക സമുദായ സംവരണം അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണം- സുപ്രീംകോടതിയില്‍ എന്‍എസ്എസ് നല്‍കിയ കേസ് നിരീക്ഷാന്‍ സംവിധാനമൊരുക്കി 

കൊച്ചി: കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം നിലവിലുള്ള കണക്കുകള്‍ പ്രകാരം ജാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നിട്ടുപോലും ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇല്ലായെന്ന് ഇക്കാര്യത്തില്‍ ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ള ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പോലും പരാമര്‍ശിച്ചിട്ടുള്ളതാണ്. മറിച്ചുള്ള വിവരശേഖരണം ഇപ്പോഴും ലഭ്യമല്ല. ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍  അന്വേഷണത്തിന്‍റെ ഭാഗമായി 10 വര്‍ഷത്തെ മാത്രം കണക്കെടുത്തപ്പോള്‍ 4370  തസ്തികകളാണ് കേരളത്തിലെ ലത്തീന്‍ സമുദായത്തിന് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നഷ്ടമായത് എന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തുതകള്‍ ഇതായിരിക്കെ നിക്ഷിപ്ത താല്പര്യത്തോടുകൂടി ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു.

ബ്രി ജെ പി എം പി ഭരത് സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി

ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലര്‍ന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ രാജ്യത്തിന്‍റ മതേതര ജനാധിപത്യത്തിനു തന്നെ ഭിഷണിയാണെന്ന് കാണിച്ച് കെ എല്‍ സി എ  സംസ്ഥാന സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി. ക്രൈസ്തവ മിഷനറിമാര്‍ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന ബി ജെ പി എം പി ഭരത് സിംഗിനെതിരെയാണ് പരാതി നല്‍കിയത്. ഈ രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലും ആതുരശുശ്രൂഷാ രംഗത്തും ക്രൈസ്തവ മിഷനറിമാര്‍ ചെയ്ത സേവനങ്ങള്‍ ഇത്തരത്തിലുള്ള പ്രസ്താവകളിലൂടെയൊന്നും തിരസ്കരിക്കാനാകില്ല. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരായി ഇത്തരം പ്രസ്താവന നടത്തിയ എം പി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണെന്നും പരാതിയില്‍ പറയുന്നു. എം പി ക്കെതിരെ മാതൃകാപരമായ നടപടിയാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

കടലില്‍ മത്സ്യബന്ധനത്തിനു പേകുന്ന ബോട്ടുകള്‍ക്കുണ്ടാകുന്ന തുടര്‍ച്ചയായ  അപകടങ്ങള്‍  അതീവ ഗൗരവത്തോടെ  കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ 

മുനമ്പം ബോട്ടപകടത്തില്‍ ഇനിയും കണ്ടുകിട്ടാനുള്ളവര്‍ക്കായി  തെരച്ചില്‍ ഊര്‍ജിതമാക്കണം. കടലില്‍ ഉപജീവനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ നിരന്തരമായി ഇത്തരം അപകടങ്ങള്‍ക്ക് ഇരയാകുന്നത് അതീവ ഗൗരവമായി കാണണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ജലഗതാഗതപാത തെറ്റിച്ച് കടലില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ നിയന്ത്രിക്കാനും പിടിച്ചെടുക്കാനും സ്ഥിരം സംവിധാനമുണ്ടാകണം.


കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കെഎല്‍സിഎ 

ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്ത കേരളഭാഷ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ പ്രൊഫ വി കാര്‍ത്തികേയന്‍ നായര്‍ക്കെതിരെ മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295ഏ വകുപ്പുപ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

കേരളഭാഷ ഇന്സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക ജേണലായ വിജ്ഞാനകൈരളി കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അംഗീകരിച്ച ഒരു പ്രസിദ്ധീകരണം ആയിരിക്കെ ഇത്തരത്തില്‍ മത വിദ്വേഷം പുലര്‍ത്തുന്ന, മത ആചാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങളുമായി പത്രാധിപക്കുറിപ്പ് തന്നെ പുറത്തിറങ്ങുന്നത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും, വൈസ് ചെയര്‍മാന്‍ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍റെയും അറിവോടുകൂടിയാണൊ എന്ന് വെളിപ്പെടുത്തണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.  സര്‍ക്കാര്‍ ചെലവില്‍ അച്ചടിക്കുന്ന ഈ മാസികയില്‍ തുടര്‍ച്ചയായി കഴിഞ്ഞ രണ്ടു ലക്കങ്ങളില്‍ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സമകാലിക കേരളത്തില്‍ മതവിശ്വാസങ്ങളെ ആകെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടുകൂടി പുതിയതലമുറയെ മാറ്റിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമായി  വ്യാഖ്യാനിക്കേണ്ടിവരുമോ എന്നും കെഎല്‍സിഎ ആശങ്ക പ്രകടിപ്പിച്ചു.

Tuesday, November 13, 2018

KLCA

*ഒരു പൊതു സമുദായ സംഘടനയുടെ പിറവി*

വര്ഷം 1967. പ്രശാന്തസുന്ദരമായ ഒരു സുപ്രഭാതം. അണ്ണാമലൈ സര്വ്വകലാശാലയുടെ വൈസ് ചാന്സലറും കാത്തലിക് യൂണിയന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന രത്നസ്വാമി എറണാകുളത്തെത്തി. കേരള ടൈംസ് മാനേജര് ഫാ ജോര്ജ്ജ് വെളിപ്പറമ്പിലും എഡിറ്റര് എം എല് ജോസഫും അന്ന് അദ്ദേഹവുമായി ഒരു അഭിമുഖം നടത്തി. സമുദായ പ്രവര്ത്തനത്തിന്റെ
അനന്തമായ സാധ്യതകളെക്കുറിച്ച് അദ്ദേഹം സുദീര്ഘം പ്രഭാഷണം നടത്തി. അത് കേരള ടൈംസില് പ്രസിദ്ധീകരിച്ചു. ദൂരവ്യാപകമായ സമുദായ മുന്നേറ്റചര്ച്ചകള്ക്ക് ആ അഭിമുഖം വഴി തെളിച്ചു.

1914 ല് തുടങ്ങി 1920 നിലച്ചുപോയ കാത്തലിക്ക് അസോസിയേഷന് എന്ന സമുദായ സംഘടന പുനസ്സംഘടിപ്പിക്കേണ്ടതി നെക്കുറിച്ച് ചര്ച്ച വീണ്ടും സജീവമായി. 1967 ഒകടോബര് 12 ന് കേരള ടൈംസില് ഒരു യോഗം കൂടുന്നതിന് അത് കാരണമായി. സമുദായസംഘടയുടെ ആവശ്യകതയെപ്പറ്റി അന്ന് പ്രാരംഭചര്ച്ചകള് നടന്നു. വീണ്ടും നവംബര് 27 ന് വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളില് നിന്നുള്ള പ്രതിനിധികള് പങ്കെടുത്ത യോഗം നടന്നു. ആര്ച്ച് ബിഷപ്പ് അട്ടിപ്പേറ്റിയുടെ അധ്യക്ഷതയില് 1967 ഡിസംബര് 12 ന്  കാത്തലിക് അസോസിയേഷന് ഔദ്യോഗികമായി രൂപം കൊണ്ടു. ജെ ഡി വേലിയാത്ത് പ്രസിഡന്റും ഇ പി ആന്റണി ജനറല് സെക്രട്ടറിയായും സമിതി നിലവില് വന്നു. പിന്നീട് 1972 ല് സംസ്ഥാനതലത്തില് കെ എല് സി എ രൂപീകരിക്കപ്പെട്ടു.

സംഘടിച്ചു ശക്തരാകാം  ഡിസംബർ 9 സമുദായ ദിനം

Saturday, November 10, 2018

Latin Catholic community day.. December 9 2018

*തിരുവിതാംകൂർ ലാറ്റിൻ ക്രിസ്ത്യൻ മഹാജനസഭ*

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം ശതകത്തിൽ കൊല്ലം കേന്ദ്രമാക്കി തിരുവിതാംകൂറിൽ ലാറ്റിൻ ക്രിസ്ത്യൻ മഹാജനസഭ എന്ന പേരിൽ ഒരു സംഘടന രൂപംകൊണ്ടു. തിരുവിതാംകൂറിലെ ലത്തീൻ കത്തോലിക്കർ അധ:കൃതരാണ് എന്നുള്ള തിരുവിതാംകൂർദിവാൻ ഹബീബുള്ള യുടെ  പ്രസ്താവനയാണ് മഹാജന സഭയുടെ രൂപീകരണത്തിന് കാരണമായത്. ഈ പ്രസ്താവന  ആനി മസ്ക്രീൻ, റിച്ചാർഡ് ഫെർണാണ്ടസ്, എ പി ലോപ്പസ്, ഫ്രാൻസിസ് ആറാടൻ, മയ്യനാട് ജോൺ, ഡാനിയൽ കണിയാൻകട തുടങ്ങിയ സമുദായ നേതാക്കളെ പ്രകോപിപ്പിച്ചു. കൊല്ലം പാടിപ്പിള്ളി മൈതാനത്തിൽ നടന്ന വമ്പിച്ച പ്രതിഷേധ സമ്മേളനം പ്രസ്താവനയ്ക്കെതിരെ പ്രമേയം പാസാക്കി ദിവാന് അയച്ചുകൊടുത്തു. പ്രമേയം കൈപ്പറ്റിയ ഉടൻ ദിവാൻ പ്രസ്താവന പിൻവലിച്ചു ഈ സമ്മേളനത്തിൽ വച്ച് മഹാജന സഭയുടെ രൂപീകരണം നടന്നു. നിരവധി യൂണിറ്റുകളുമായി പ്രവർത്തന രംഗത്ത് സജീവമായിരുന്ന സംഘടന പക്ഷേ ക്രമേണ പ്രവർത്തന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുകയും പ്രവർത്തനരഹിതമായി തീരുകയും ചെയ്തു. 1946 കൊല്ലത്തെ യുവജന നേതൃത്വം രംഗത്ത് വരികയും ഹെൻട്രി ഓസ്റ്റിൻ, ക്രിസ്ന്തങ് ഫെർണാണ്ടസ്, ജേക്കബ് അറക്കൽ, സി ബി ജോസഫ്, എൽ ജി പെരേര, ടി വി  ഫ്രാൻസിസ് എന്നിവരുടെയൊക്കെ നേതൃത്വത്തിൽ 1956 വരെ മഹാജനസഭ നിലനിന്നു. 

സമുദായ ദിനം
സമുചിതമായി ആചരിക്കുക
സമുദായം  സംഘടിക്കട്ടെ ശക്തമായി

Leaders of KLCA .. Kozhikode

*കോഴിക്കോടിന് കരുത്തായി മാറണം ഇവർ (നാം അറിയണം ഈ നേതാക്കളെ)* 

മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയാണ് കോഴിക്കോട്. നിലവിൽ കോഴിക്കോട് രൂപതയിൽ കെഎൽസിഎ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എ എക്സ് നൈജു (ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥൻ) 
പ്രസിഡണ്ടായി പ്രവർത്തിക്കുന്ന സമിതിയാണ്. പി ജെ സേവ്യർ ജനറൽസെക്രട്ടറിയും ബിനു എഡ്വേർഡ് ട്രഷററും ആയി പ്രവർത്തിക്കുന്നു. ജസ്റ്റിൻ ആൻറണി, ജോണി മുല്ലശ്ശേരി എന്നിവർ രൂപതയിൽ നിന്നും സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളാണ്.
അഭിവന്ദ്യ പിതാവ് വർഗീസ് ചക്കാലക്കലിൻറെ പിന്തുണയും ആധ്യാത്മിക ഉപദേഷ്ടാവ് ഫാ പോൾ ആൻഡ്രൂസിൻറെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. ശ്രീമതി ലതാ മെൻഡസ്സിൻറെ നേതൃത്വത്തിൽ  കെ എൽ സി ഡബ്ലിയു എ യും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നു. 

കണ്ണൂർ രൂപതയുടെ ആദ്യ കെഎൽസിഎ പ്രസിഡൻറ് റിച്ചാർഡ് ഹേ ഇന്ന് പാർലമെൻറ് അംഗം ആണ് എന്ന് അഭിമാനിക്കാം,  എന്നതുപോലെ തന്നെ കോഴിക്കോട് രൂപതയിൽ നിന്നുള്ള നേതാവും 
ഒരുകാലത്ത് കെഎൽസിഎ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി ജെ റോബിൻ, (കൊച്ചിയാണ് അദ്ദേഹത്തിൻറെ ജന്മസ്ഥലം) കോഴിക്കോട് മേയർ ആയും പ്രവർത്തിച്ചിരുന്നു.

ലത്തീൻ കത്തോലിക്കാ ജാതിസർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുള്ള തടസ്സമാണ് ഇന്ന് കോഴിക്കോട് രൂപത ഏറ്റവും കൂടുതലായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട സാമുദായിക വിഷയങ്ങളിലൊന്ന്. ബിഷപ്പ് നൽകുന്ന കത്ത് ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണത്തിന് ആശ്രയിക്കാവുന്ന രേഖയായി കാണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടെങ്കിൽപോലും റവന്യൂ ഓഫീസുകളിൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി ചെറുപ്പക്കാർ ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.  

സമുദായം സുശക്തം എന്ന് റവന്യുവകുപ്പ് അറിയട്ടെ
ഡിസംബർ 9
സമുദായ ദിനം 
സമുചിതമായി ആചരിക്കുക
ഇനി 28 ദിവസം
(ഡിസംബർ 2 പതാകദിനം കെഎൽസിഎ)

Leaders of KLCA.. Kannur

*നമ്മളറിയണം ഈ നേതാക്കളെ*

കണ്ണൂർ രൂപതയിലെ സമുദായ സംഘടന പ്രവർത്തനങ്ങൾക്ക്  നിലവിൽ കെഎൽസിഎ യിലൂടെ നേതൃത്വം നൽകുന്നത് പ്രസിഡൻറ് രതീഷ് ആൻറണി (സ്കൂളിൽ ജോലി ചെയ്യുന്നു),
ജനറൽ സെക്രട്ടറി ഫ്രാൻസിസ് കുരിയാപ്പള്ളി (ബിസിനസ്)
ട്രഷറർ ഗോഡ്സൻ ഡിക്രൂസ് (മുൻ പൊലീസ് ഉദ്യോഗസ്ഥൻ)
എന്നിവരാണ്. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണയുടെ സാന്നിധ്യം അവർക്ക് മുതൽക്കൂട്ടാണ്. ഒപ്പം തികഞ്ഞ സമുദായ സ്നേഹിയായ ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. മാർട്ടിൻ രായപ്പനും പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നു. സംസ്ഥാന സെക്രട്ടറി കെ എച് ജോണും (റിട്ടയേഡ് ഡെപ്യൂട്ടി  കളക്ടർ)  കണ്ണൂർ രൂപത അംഗമാണ്. എൻ കെ ഡി സി എഫ് നേതാവ് കെ ബി സൈമണും (മുൻ സർക്കാർ ഉദ്യോഗസ്ഥൻ),  കെ എൽ സി ഡബ്ല്യു എ രൂപത പ്രസിഡൻറ് ഷെർലി സ്റ്റാൻലിയും  (പൊതുപ്രവർത്തക) സമുദായ പ്രവർത്തനങ്ങൾക്ക് സഹകാരികളായി പ്രവർത്തിക്കുന്നു. സർവ്വോപരി അല്മായ കമ്മീഷൻ ചെയർമാൻ കൂടിയായ അലക്സ് വടക്കുംതല പിതാവിന്റെ പിന്തുണ സംഘടനാ പ്രവർത്തനങ്ങൾക്ക് ഉണർവ് പകരുന്നു.(നിലവിലെ നേതാക്കളുടെ കാര്യം മാത്രമാണ് സൂചിപ്പിച്ചത് മുൻകാല നേതാക്കൾ ഇനിയുമുണ്ട്).

കുമ്പസാരമെന്ന കൂദാശക്കെതിരെ അധികാര തലങ്ങളിൽ നിന്നും ഉണ്ടായ പരാമർശങ്ങൾക്കെതിരെ ശക്തമായ സമരമുഖം തുറന്നതാണ്അവരുടെ ഏറ്റവും ഒടുവിലായി നടന്ന പരിപാടി. പ്രളയകാലത്ത് വരാപ്പുഴ കോട്ടപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ വലിയ വാഹനങ്ങളിൽ അത്യാവശ്യ സാധനസാമഗ്രികളുമായി എത്തിയ അവർ ചെയ്ത സേവനം നിസ്സീമം ആയിരുന്നു. സമുദായം വളരട്ടെ, സമുദായ ശക്തി പ്രകടമാകട്ടെ സമുദായ സംഘടനകളിലൂടെ. 

ഡിസംബർ 9 സമുദായ ദിനം സമുചിതമായി ആചരിക്കാം. 
ഇനി 29 ദിവസം
(മുന്നൊരുക്കമായി കെഎൽസിഎ നേതൃത്വത്തിൽ പതാക ദിനവും സമുദായ സംഗമങ്ങളും ഡിസംബർ 2ന്)