Pages

Monday, September 4, 2023

എന്തിന് സമുദായക്കൊടിയേന്തണം ?

 എന്തിന് സമുദായക്കൊടിയേന്തണം ? 

അഡ്വ. ഷെറി ജെ തോമസ്

പ്രസിഡന്‍റ്, കെ എല്‍ സി എ 


ജീവിത തിരക്കുകള്‍ക്കിടയിലും ആധുനിക ചിന്തയ്ക്കിടയിലും ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യമാണ് മത-സമുദായ സംഘടനകളുടെ പ്രസക്തി എന്ത് എന്നുള്ളത്. ഇക്കാലത്ത് ഇവയൊന്നും ഇല്ലാതെതന്നെ മനുഷ്യന് സ്വന്തമായി ജീവിക്കാന്‍ സാഹചര്യമുള്ളപ്പോള്‍ എന്തിനാണ് സമുദായത്തിന്‍റെ പേരില്‍ സംഘടിക്കുന്നത് എന്ന് ചോദ്യമുന്നയിക്കുന്നവരുമുണ്ട്. 

അതിന് മതപരമായ മറുപടിയല്ല മറിച്ച്, താത്വികമായ മറുപടിയാണ് നല്‍കാനുള്ളത്. നാം ജീവിക്കുന്ന രാജ്യത്തിന്‍റെ ഭരണഘടന ഉണ്ടാക്കിയത് ലോകത്തിലെ തന്നെ വിവിധ ഭരണഘടനകളില്‍ നിന്ന് നല്ല വശങ്ങള്‍ സ്വാംശീകരിച്ചെടുത്തുകൊണ്ടാണ്. നീതി, തുല്യത എന്നൊക്കെയുള്ള കാര്യങ്ങള്‍ ഈ ഭരണഘടനയുടെ മുഖ്യ ആശയങ്ങളാണ്. രാജ്യത്ത് എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അധികാരപങ്കാളിത്തവും അവസരങ്ങളും ലഭിക്കണമെന്നും ഏതെങ്കിലും വിഭാഗത്തിന് പ്രാതിനിധ്യക്കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അതിനാല്‍ തന്നെ ഭരണഘടനയില്‍ വ്യവസ്ഥകള്‍ ഉണ്ട്. വിവിധങ്ങളായ മതങ്ങളെയും ജാതികളെയും സംസ്കാരങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് ബഹുസ്വരതയുടെ പ്രതീകമായി ഇന്ത്യ എന്ന രാജ്യം ഉണ്ടാക്കിയപ്പോള്‍ അവസരങ്ങളും പ്രാതിനിധയവും  എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടോ എന്ന പരിശോധനയില്‍ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന ജാതി / സമുദായം എന്നീ ഘടകങ്ങള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. 

    കേരളത്തില്‍ കത്തോലിക്കാസഭയിലെ വിവിധ ജാതി, ഉപജാതി വിഭാഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ലത്തീന്‍ കത്തോലിക്ക എന്ന സമുദായപ്പേരില്‍ ഉള്‍പ്പെടുത്തിയാണ് ഭരണഘടനാപരമായ അവസരസമത്വം നല്‍കുന്നതിന് ശ്രമങ്ങള്‍ നടത്തുന്നത്.  ഉദ്യോഗതലത്തില്‍, വിദ്യാഭ്യാസതലത്തില്‍ സംവരണ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത് അതിനുവേണ്ടിയാണ്. അങ്ങനെ എല്ലായിടത്തും പ്രാതിനിധ്യം ലഭിക്കുന്നതിനുവേണ്ടി ഭരണഘടനാപരമായി ഒരുക്കിയിരിക്കുന്ന അവസരസമത്വം ആണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയതിലൂടെ ലഭിക്കാന്‍ സാധ്യതയുള്ളത്. ഈ അവകാശം നിലനിര്‍ത്തുന്നതിനും എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും സമുദായ സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ രാജ്യം നല്‍കുന്ന ഭരണഘടനാപരമായ അവകാശങ്ങളുടെ കാവലായി പ്രവര്‍ത്തിക്കുന്നത് അതത് വിഭാഗങ്ങളുടെ സമുദായ സംഘടനകളാണ്. കേരളത്തില്‍ ഔദ്യോഗിക അല്‍മായ സംഘടനയായ കെഎല്‍സിഎ ആണ് ലത്തീന്‍ കത്തോലിക്കര്‍ക്കുവേണ്ടി ഈ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ചുമതപ്പെട്ടിരിക്കുന്ന പ്രസ്ഥാനം. 

സമുദായ സംഘാടനത്തിന്‍റെ ചരിത്രം

19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി ڔസമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍, എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്‍റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടിട്ടുണ്ട്. ڔ

ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമരകാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാന്നിദ്ധ്യമായിരുന്നു. 1891 ല്‍ നടന്ന മലയാളി മെമ്മോറിയല്‍ പ്രസ്ഥാനനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്‍കി. ഇതിന്‍റെ ആദ്യത്തെ തിരുവനന്തപുരം സമ്മേളനത്തിന് ڔഅധ്യക്ഷത വഹിച്ചത് സമുദായംമായിരുന്നു പ്രസിദ്ധ നിയമജ്ഞന്‍ സി എഫ് ലോയിഡ് ആയിരുന്നു. 1930 ല്‍ ലത്തീന്‍ കത്തോലിക്കരുടെ അവകാശ സംരക്ഷണത്തിനായി ഒരു മഹാസമ്മേളനം കൊല്ലത്ത് നടന്നു. തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ അങ്ങനെ ഒരു സംഘടന രൂപം കൊണ്ടു. സ്വാതന്ത്ര്യ സമരസേനാനിയും പില്‍ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗവുമായ റാഫേല്‍ റോഡ്രിഗ്യൂസ് ആയിരുന്നു മുഖ്യ സംഘാടകന്‍. 1931 ല്‍ ലത്തീന്‍ കത്തോലിക്കര്‍ കൊച്ചിയിലും സംഘടിച്ചു. ڔഷെവ. എല്‍ എം പൈലിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്ന സംഘടണനയുണ്ടായി. 1935 ല്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതിന്‍റെ ഫലമായി ജനസംഖ്യാനുപാതികമായ സംവരണം സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭ്യാമാകാനുള്ള സാധ്യതയൊരുങ്ങി. അന്ന് തിരുവിതാംകൂറില്‍ 8 ലക്ഷം കണക്കില്‍ ഉണ്ടായിരുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് 8 നിയമസഭാ സാമാജികരെ ലഭിക്കാന്‍ ഇതുവഴി സാധിച്ചുവെന്നുവേണം പറയാന്‍.ڔ

ലത്തീന്‍ കത്തോലിക്കരുടെ വിശാല മനോഭാവവും, ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തോടെ അവര്‍ അതിലര്‍പ്പിച്ച വിശ്വാസവും, ഭരണഘടനയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാമെന്ന പ്രതീക്ഷയും കാരണം മറ്റു സമുദായങ്ങളെ പോലെ സമുദായമുന്നേറ്റവുമായി മുന്നോട്ടു പോകാതെ നിലവിലുളള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ സമുദായം നിലകൊണ്ടത്. അത്തരമൊരു മനോഭാവത്തിന്‍റയടിസ്ഥാനത്തില്‍ ബൃഹത്തായ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി

സംഘടിക്കാനുള്ള ശ്രമങ്ങള്‍

എന്നാല്‍ ശക്തമായ ഒരു സമുദായ സംഘടനയുടെ ആവശ്യം തിരിച്ചറിഞ്ഞ് കൊച്ചി കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് അല്‍മായ നേതാക്കള്‍ 1956 മെയ് 27ന് എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ യോഗം ചേര്‍ന്നു. വിഎസ് ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ വിവിധ ലത്തീന്‍ കത്തോലിക്കാ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് മീറ്റിംഗ് വിളിച്ചുചേര്‍ക്കാന്‍ 7 അംഗ കമ്മിറ്റിയെ നിയോഗിച്ചു. അങ്ങനെ  മറ്റൊരു യോഗം 1956 ജൂലൈ എട്ടിന് ആലപ്പുഴ ബിഷപ്പ് ഹൗസില്‍ ചേര്‍ന്നു. 

അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്ന കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസിന് 10 വര്‍ഷത്തോളം അതിന്‍റെ വാര്‍ഷിക യോഗം പോലും ചേരാനായില്ല എന്നാണ് രേഖപ്പെടുത്തിക്കണ്ടത്. 1956 നവംബര്‍ 11ന് തിരുവിതാംകൂര്‍ മഹാജനസഭയുടെ ഇരുപത്തിയൊന്നാമത് വാര്‍ഷികം കൊല്ലത്ത് നടന്നപ്പോള്‍ ബിഷപ്പ് പെരേര അഭിപ്രായപ്പെട്ടത് ഈ സമുദായത്തിന്‍റെ ഇടുങ്ങിയ ചിന്താഗതിയും ധൂര്‍ത്തുമാണ് സംഘാടനത്തിന് തടസ്സമെന്നും അത് ഉപേക്ഷിച്ച പുറത്തുവരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. എല്‍ ജി പെരേരയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

1959 സെപ്റ്റംബര്‍ 12ന് എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട് കോളേജില്‍ യോഗം ചേരുകയും അഖില കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രൊഫ ടി ജെ ജോബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒരു താല്‍ക്കാലിക കമ്മിറ്റി രൂപീകരിക്കപ്പെട്ടു. 1960 ഏപ്രില്‍ 9 ന് ഓള്‍ കേരള ലാറ്റിന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ താല്‍ക്കാലിക സമിതിയുടെയും തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ മഹാജനസഭയുടെയും സംയുക്ത യോഗം തിരുവനന്തപുരത്ത് ചേര്‍ന്ന് കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസുമായി ഒരുമിച്ച് സംഘടനാശക്തി ആകാന്‍ തീരുമാനിച്ചു. എന്നാല്‍ പി ജെ ഡിക്കോസ്താ ഒരു പ്രസ്താവന ഇറക്കുകയും 1960 മാര്‍ച്ച് 6 ന് തങ്ങള്‍ അഖില കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപീകരിച്ചുവെന്നും അദ്ദേഹത്തെ അതിന്‍റെ പ്രസിഡന്‍റ് ആയി 1960 ഒക്ടോബര്‍ 11 ന് 21 അംഗകമ്മിറ്റി തിരഞ്ഞെടുത്തതായും പ്രസ്താവിച്ചു. അത് ഒരു റിബല്‍ ഗ്രൂപ്പായിരുന്നു പിന്നീട് ഒന്നും അതിനെപ്പറ്റി കേള്‍ക്കുകയുണ്ടായില്ല എന്ന് ഡോ. ഇ പി ആന്‍റണി എഴുതിയ ചരിത്ര പുസ്തകത്തില്‍ പറയുന്നു. എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ വെച്ച് യോഗം ചേര്‍ന്നുവന്നും എല്ലാ രൂപതകളില്‍ നിന്നും ഉള്ള പ്രതികള്‍ ചേര്‍ന്ന് ഓള്‍ കേരള അസോസിയേഷന്‍ രൂപീകരിച്ചു എന്നും 1960 നവംബര്‍ അഞ്ചിന് സത്യനാദം റിപ്പോര്‍ട്ട് ചെയ്തതായി കാണാം. സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി 1961 സെപ്റ്റംബര്‍ രണ്ടിന് സത്യനാദം റിപ്പോര്‍ട്ട് ചെയ്തിരുന്നു പക്ഷേ പിന്നീട് അതിനെപ്പറ്റി ഒന്നും കേട്ടില്ല.

തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ മഹാജനസഭ,  കൊച്ചിന്‍ സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ്, വടക്കന്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ എന്നിവ ചരിത്രമായി മാറി. എന്നിരുന്നാലും 1967 ഒക്ടോബര്‍ 12ന് വരാപ്പുഴ അതിരൂപതയുടെ നേതാക്കള്‍ കേരള ടൈംസ് ഓഫീസില്‍ സംഘടിച്ച് അതിരൂപത കാത്തലിക് അസോസിയേഷന്‍ പുനസംഘടിപ്പിക്കുന്നതിന് ഇ പി ആന്‍റണിയെ കണ്‍വീനറായി തിരഞ്ഞെടുത്തു. 1967 നവംബര്‍ 26 ന് എല്‍ എം പൈലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജെ ഡി വേലിയാത്ത് പ്രസിഡന്‍റായും ഇ പി ആന്‍റണി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്‍ കാത്തലിക് യൂണിയന്‍ ഓഫ് ഇന്ത്യയില്‍ അഫിലിയേറ്റ് ചെയ്തിരുന്നു. 

സംസ്ഥാന സംഘടന

സംസ്ഥാന അടിസ്ഥാനത്തില്‍ വീണ്ടും ലത്തീന്‍  കത്തോലിക്കാ  സംഘടന ശക്തമായതിന് കാരണം സംവരണ വിഷയം തന്നെയായിരുന്നു.  30-11-1970 ല്‍ പിന്നാക്ക വിഭാഗങ്ങളുടെ സാമുദായിക സംവരണ വിഷയത്തില്‍ നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ പുറത്തുവിട്ട ശുപാര്‍ശകളാണ് യഥാര്‍ത്ഥത്തില്‍ ലത്തീന്‍ സമുദായ വികാരം വീണ്ടും ആളിക്കത്തിച്ചത്. മറ്റു പല പൊതു സമരങ്ങളുമൊക്കെ ഈ കാലയളവില്‍ നടന്നുവെങ്കിലും സാമുദായിക ധ്രുവീകരണത്തിന് വഴി തെളിച്ചത് നെട്ടൂര്‍ കമ്മീഷന്‍റെ ചില ശുപാര്‍ശകളായിരുന്നു. ലത്തീന്‍ കത്തോലിക്കര്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ നിലവിലുണ്ടായിരുന്ന 4 ശതമാനം സംവരണം ആവശ്യമില്ലെന്നും, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 2 ഉം ڔക്ളാസ് 3 യില്‍ 3 ഉം ആയി യഥാക്രമം സംവരണം വെട്ടിക്കുറക്കണമെന്നായിരുന്നു ശുപാര്‍ശ. സമുദായത്തിന്‍റ ജനസംഖ്യയെന്ന് സഭാതലത്തില്‍ പറഞ്ഞുവച്ചിരുന്നത് അന്ന് 9,26,363 ആയിരുന്നു. പക്ഷെ 7.13 ലക്ഷം മാത്രമാണ് ഈ സമുദായമെന്നും അവര്‍ക്ക് കുറഞ്ഞ സംവരണം മതിയെന്നുമുള്ള നെട്ടൂര്‍ പി ദാമോദരന്‍ കമ്മീഷന്‍ കണ്ടെത്തല്‍ വിവാദമായി. 

വരാപ്പുഴ അതിരൂപത, ആലപ്പുഴ, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ രൂപതകളുടെ നേതാക്കള്‍ 1971 ഓഗസ്റ്റ് എട്ടിന് ജി എം ഫെറിയയുടെ അധ്യക്ഷതയില്‍ കൊല്ലത്ത് യോഗം ചേര്‍ന്ന് ലത്തീന്‍ കത്തോലിക്കാ അവകാശ സംരക്ഷണ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. 1971 സെപ്റ്റംബര്‍ 19 ന് അവര്‍ വീണ്ടും ആലപ്പുഴ ലിയോ പതിമൂന്നാമഥ സ്കൂളില്‍ യോഗം ചേരുകയും കെ ജെ ബെര്‍ളി പ്രസിഡന്‍റായും ഇ പി ആന്‍റണി ജനറല്‍ സെക്രട്ടറിയായും  ലത്തീന്‍ കത്തോലിക്ക അവകാശ സംരക്ഷണ സമിതി രൂപീകരിച്ചു. അഖില കേരള അടിസ്ഥാനത്തില്‍ സംഘടന രൂപീകരിക്കാന്‍ നേതൃത്വം നല്‍കാന്‍ ജനറല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. അതിനെ തുടര്‍ന്ന് 1971 ഒക്ടോബര്‍ രണ്ടിന് വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളുടെ ഒരു യോഗം കോളേജ് ഹോളില്‍ ചേരുകയും ഇ പി ആന്‍റണി കണ്‍വീനറായി താല്‍ക്കാലിക സമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു. 

1972 മാര്‍ച്ച് 26 ന് വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കൊല്ലം, തിരുവനന്തപുരം, വിജയപുരം എന്നീ രൂപതയില്‍ നിന്നുള്ള പ്രതിനിധികള്‍ സെന്‍റ് ആല്‍ബര്‍ട്ട്സ്  കോളേജില്‍ ഒരുമിച്ച് ചേര്‍ന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപീകരിച്ചു. സംഘടന ഇല്ലാതിരുന്നതുകൊണ്ട് ആലപ്പുഴയിലെയും വിജയപുരത്തെയും ബിഷപ്പുമാര്‍ നോമിനേറ്റ് ചെയ്ത പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. മറ്റ് രൂപതകള്‍ അവരുടെ ജനറല്‍ബോഡി തെരഞ്ഞെടുത്തത് പ്രകാരം പ്രതിനിധികളെ അയച്ചു. ആ യോഗം ആര്‍ച്ച്ബിഷപ്പ് ജോസഫ് കേളന്തറ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം കാത്തലിക് അസോസിയേഷന്‍ പ്രസിഡന്‍റ് ടി ജെ മൊറൈസ്  അധ്യക്ഷത വഹിച്ചു. കെ ജെ ബെര്‍ളി പ്രസിഡന്‍റായും ഇ പി ആന്‍റണി ജനറല്‍ സെക്രട്ടറിയായും  തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കേരളത്തിലെ ലത്തീന്‍ രൂപതകളിലെ അല്‍മായ സംഘടനകളെ ഒന്നിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ എന്ന സമുദായ സംഘടന ജന്മമെടുത്തു. 

1974 ഒക്ടോബര്‍ 20ന് മുപ്പതോളം സംഘടനകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്ത് പിന്നാക്ക വിഭാഗ ഫെഡറേഷന് രൂപം നല്‍കുന്നതിന് കെ എല്‍ സി എ മുന്‍കൈയെടുത്ത് എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട് കോളേജില്‍ യോഗം ചേര്‍ന്നു. സമിതി പ്രസിഡണ്ടായി എന്‍ ശ്രീനിവാസനും ജനറല്‍ സെക്രട്ടറിയായി ഇ പി ആന്‍റണിയും തെരഞ്ഞെടുക്കപ്പെട്ടു. 1975 മാര്‍ച്ച് 24 25 തീയതികളില്‍ തിരുവനന്തപുരം സെന്‍റ് ജോസഫ് സ്കൂളില്‍ നടന്ന കെഎല്‍സിഎ രണ്ടാമത് വാര്‍ഷികത്തില്‍ വനിതാ വിഭാഗവും യുവജന വിഭാഗവും രൂപീകരിക്കുന്നതിന് തീരുമാനിച്ചു. 

എന്താണ് നാം ചെയ്യേണ്ടത്

കേരളത്തില്‍ ഇന്ന് ലത്തീന്‍ കത്തോലിക്കാ സമുദായം കെഎല്‍സിഎ എന്ന സമുദായ സംഘടനയിലൂടെ സമുദായിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. 2002 ല്‍ കെആര്‍എല്‍സി രൂപീകൃതമായതിനു ശേഷം സമുദായ പ്രവര്‍ത്തനങ്ങളുടെ നയപരമായ ഏകോപന സമിതിയായി കെആര്‍എല്‍സിസി പ്രവര്‍ത്തിക്കുന്നു. കെ എല്‍ സി എ പൊതു അല്മായ സംഘടനയായി സാമൂഹ്യ സമുദായിക വിഷയങ്ങളില്‍ ഇടപെടുന്ന തരത്തില്‍ നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകത 2023 ല്‍ കൊച്ചിയില്‍ നടന്ന കെ ആര്‍ എല്‍ സി സി ജനറല്‍ അസംബ്ലിയില്‍ ചര്‍ച്ചയാവുകയും കെ എല്‍ സി എ യെ പൊതു സംഘടനയായി കാണുകയും കെ എല്‍ സി എ എന്ന സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടകള്‍ ഉണ്ടാകണമെന്ന് വിലയിരുത്തുകയും ചെയ്തു. ഈ കാലത്ത് ലത്തീന്‍ സമൂഹത്തിന്‍റെ നാവായി പ്രവര്‍ത്തിക്കാന്‍, ഒരൊറ്റ ശബ്ദമായി ഒരൈക്യ ശക്തിയായി സമുദായത്തിനു  വേണ്ടി നിലകൊള്ളാന്‍ കെ എല്‍ സി എ എന്ന സമുദായ സംഘടനയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്.  

#Klca

#Klca State committee 


No comments:

Post a Comment