Wednesday, January 2, 2019

Protest letter to Chief Minister by KLCA - demanding reservation in KAS appointment- Representation

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍(കെഎഎസ്)  
നിയമനത്തില്‍ സംവരണം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് 
കെ എല്‍ സി എ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കുന്ന നിവേദനം 

 സംസ്ഥാനത്ത് പുതിയതായി രൂപം കൊള്ളുന്ന കെ എ എസില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കുള്‍പ്പെടെ ലഭിക്കേണ്ട സംവരണത്തിന് തടസ്സം വരുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന നിയമന ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും, നിലവില്‍ സമുദായത്തിന് ലഭിച്ചുവരുന്ന 4 ശതമാനം സംവരണം കെ എ എസിലെ മുഴുവന്‍ നിയമനങ്ങളിലും ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ടാണ് ഈ നിവേദനം സമര്‍പ്പിക്കുന്നത്.

സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ പ്രകാരം 4370 തൊഴിലവസരങ്ങള്‍ കേവലം 10 വര്‍ഷത്തെ മാത്രം കണക്കുകള്‍ പരിശോധിച്ചതില്‍ ലത്തീന്‍ സമുദായത്തിന് നഷ്ടമായിട്ടുണ്ടെന്നുള്ളത് നിസ്തര്‍ക്കമായ വസ്തുതയാണ്.  പിന്നോക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തം അവരുടെ പിന്നോക്കാവസ്ഥ നിശ്ചയിക്കുന്നതില്‍ ഒരു പ്രധാന ഘടകം ആണ്. ഉദ്യോഗസ്ഥ പ്രാതിനിധ്യം അടക്കമുള്ള ഘടകങ്ങള്‍ അര്‍ഹമായ തോതില്‍ ലത്തീന്‍ സമുദായത്തിന്  ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അടിയന്തരായി ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

 കെ എ എസ് നിയമത്തിനുള്ള കരട് ചട്ടങ്ങളില്‍ പിന്നോക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തവും അവസരസമത്വവും നിഷേധിക്കുകയും ഭരണഘടന പരിരക്ഷകള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതിലുള്ള പ്രതിഷേധം അറിയിക്കുന്നു.   പിന്നാക്കവിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 27% പങ്കാളിത്തം സുപ്രീം കോടതി വിധിയിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ഒരു സര്‍വ്വീസ് (Kerala Administrative Service)  എന്ന പേരില്‍ 4-11-2017 -ല്‍ (G.O. (M.S.) No.  1/2017/P&ARD) എന്ന നമ്പരില്‍ ഉത്തരവായിട്ടുണ്ട്.   ഈ സര്‍വ്വീസില്‍ പ്രവേശിക്കപ്പെടുന്നവരാണ് Indian Administrative Service ലേക്ക് പ്രമോഷനിലൂടെ തിരഞ്ഞെടുക്കപ്പെടുവാന്‍ അര്‍ഹരാകുന്നത്. IAS ന്‍റെ ഫീഡര്‍ കാറ്റഗറിയായി കെ എ എസി നെ നിശ്ചയിച്ചിട്ടുണ്ട്.   KAS  ലെയ്ക്കുള്ള നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തില്‍ നേരിട്ടുള്ളതാണ് എന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. നേരിട്ടുള്ള എല്ലാ നിയമനങ്ങളും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ  പങ്കാളിത്തം ഭരണഘടനാപരമായും സുപ്രീം കോടതി വിധിയിലൂടെയും അവകാശപ്പെട്ടതാണ്. എന്നാല്‍ ഈ പങ്കാളിത്തം അട്ടിമറിക്കുന്നതിന് കെ എ എസ്  ലേയ്ക്കുള്ള നിയമനചട്ടങ്ങള്‍ തെറ്റായ രീതിയില്‍ തയ്യാറാക്കുന്നതിന് ശ്രമം നടക്കുന്നതായി അറിയുന്നു.

 നിയമനരീതി 3 സ്ട്രീമുകളിലൂടെയാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യ സ്ട്രീമില്‍ യോഗ്യതയുള്ള  എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരം ഉണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ട്രീമുകളില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അവസരമുളളൂ. തിരഞ്ഞെടുപ്പു രീതിയും മാനദണ്ഡങ്ങളും 3 സ്ടീമില്‍ ഉള്ളവര്‍ക്കും സമാനമാണ്. 3 സ്ട്രീമിലേയ്ക്കും നേരിട്ടുള്ള നിയമനം തന്നെയാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. എന്നാല്‍ സംവരണം അട്ടിമറിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്കു മാത്രം അവസരം നല്‍കി നടത്തുന്നതം രണ്ടും മൂന്നും സ്ട്രീമുകളിലെ നിയമനം ട്രാന്‍സഫര്‍ നിയമനം ആണെന്ന് തെറ്റായി വ്യാഖ്യാനിച്ച് അവസരം നിഷേധിക്കുകയാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പോലും അനുവദിക്കുന്ന അവകാശമാണ് കെ.എസ്.എ.ല്‍ നിഷേധിക്കുന്നത്. ഒരേ മത്സര പരീക്ഷയിലെ മികവുള്ള പിന്നോക്ക സമുദായ ഉദ്യോഗാര്‍ത്ഥികളെപ്പോലും ഉദ്യോഗം ഇല്ലാത്തതിന്‍റെ പേരിലും ഉദ്യോഗം ഉള്ളതിന്‍റെ പേരിലും ഒഴിവാക്കുന്നതിന് ഈ രീതി ഇടയാക്കും. സംവരണത്തിന്‍റെ യാതൊരു ആനുകൂല്യവും അനുഭവിക്കാതെ ഉദ്യോഗം നേടിയ പിന്നോക്ക വിഭാഗ ഉദ്യോഗസ്ഥരെയും പ്രതികൂലമായി ബാധിക്കും.

ആയതിനാല്‍ മേല്‍പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ പരിശോധിച്ച് ഭണഘടനാപരമായ സംവരണാവകാശവും ഭരണപങ്കാളിത്തവും ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി  ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

2-1-19 അഡ്വ ഷെറി ജെ  തോമസ്,
ജനറല്‍ സെക്രട്ടറി,
കെ എല്‍ സി എ സംസ്ഥാന സമിതി
                                                                   
                                             



No comments:

Post a Comment