Pages

Tuesday, April 19, 2022

ഗ്രാന്റ് ഷെവലിയർ എൽ. എം. പൈലി

ഇന്ത്യയുടെ സ്വാതന്ത്യസമരത്തെ പിന്തുണച്ച കത്തോലിക്ക നേതാക്കളിൽ പ്രമുഖനും അടിയുറച്ച ദേശീയ വാദിയുമായിരുന്നു ഷെവലിയർ എൽ. എം. പൈലി. 1918 ഡിസംബറിൽ ഇൻഡ്യൻ റിവ്യൂവിൽ അദ്ദേഹം എഴുതിയ ലേഖനം സ്വതന്ത്യസമരത്തെ പിന്തുണക്കാൻ കത്തോലിക്കരെ ശക്തമായി ആഹ്വാനം ചെയ്യുന്നതായിരുന്നു. 1938 ൽ സെന്റ് ബർക്കുമെൻ കോളെജിൽ അദ്ധ്യാപകനായിരിക്കെ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1945 ൽ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക് എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. 1946 ഡിസംബർ 31 ന് ലത്തീൻ കത്തോലിക്കരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ഗുരുതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ശക്തമായ മുന്നറിയിപ്പ് അദ്ദേഹം ഉയർത്തി. 1946 ൽ എറണാകുളത്ത് സെന്റ് ആൽബർട്സ് കോളെജ് സ്ഥാപിച്ചപ്പോൾ പ്രഥമ പ്രിൻസിപ്പലും ഇദ്ദേഹമായിരുന്നു.

കൊച്ചി സംസ്ഥാനത്തെ നിയമസഭയുടെ അദ്ധ്യക്ഷത വഹിച്ചിരുന്നത് ദിവാനായിരുന്നു. 1946 ൽ കൊച്ചി നിയമസഭയുടെ ആദ്യത്തെ സ്പീക്കർ (non official president) ആയി എൽ എം പൈലി തെരഞ്ഞെടുക്കപ്പെട്ടു. 1949 ജൂലൈ ഒന്നിനാണ് തിരുവതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ സംയോജിച്ച് തിരു കൊച്ചി സംസ്ഥാനം രൂപം കൊള്ളുന്നത്. 1951 ൽ തിരുകൊച്ചിയുടെ വിദ്യാഭ്യാസ മന്ത്രിയായി. സർക്കാരും സ്വകാര്യ സ്ക്കൂൾ  മാനേജ്മെമെന്റും തമ്മിലുയർന്ന ഗൗരവമേറിയ പ്രശ്നങ്ങളും തുടർന്നുണ്ടായ പ്രക്ഷോഭവും രണ്ടു കൂട്ടർക്കും തൃപ്തികരമായി പരിഹരിക്കുന്നത് അദ്ദേഹമായിരുന്നു. 

1906 ൽ വരാപ്പുഴ അതിരൂപതയിൽ കാത്തലിക് അസോസിയേഷൻ രൂപം കൊള്ളുന്നുണ്ട്. ആർച്ച്ബിഷപ്പ് ഡോ ബർണാഡ് ഓഫ് ജീസസ്സ് പ്രസിഡന്റും എൽ എം പൈലി സെക്രട്ടറിയുമായിരുന്നു.1919 ൽ  ബെനഡിക്റ്റ്  പതിനഞ്ചാമൻ പാപ്പ "മാക്സിമും ഇല്ലൂദ്" എന്ന ചാക്രിക ലേഖനത്തിൽ ഏതദ്ദേശിയ മെത്രാന്മാർ അജപാലന ചുമതല ഏറ്റെടുക്കണമെന്ന സാധ്യത അവതരിപ്പിക്കപ്പെടുന്നുണ്ട്. 1920 ൽ കാത്തലിക് അസ്റ്റോസിയേഷന്റെ വാർഷിക യോഗത്തിൽ  എൽ. എം. പൈലി ഈ ചാക്രിക ലേഖനം പരാമർശിച്ച് ഏതദ്ദേശിയ മെത്രാനെന്ന ആവശ്യം ശക്തമായി അവതരിപ്പിച്ചു. തുടർന്ന് അസോസിയേഷന്റെ പ്രവർത്തനം തന്നെ നിലച്ചു.  

1948 ൽ ഷെവലിയർ പദവിയും 1962 ൽ ഗ്രാന്റ് ഷെവലിയർ പദവിയും നല്കി മാർപാപ്പ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അംഗീകരിച്ചു.

1967 ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷൻ പുനസംഘടിപ്പിക്കുമ്പോഴും 1972 ൽ കെഎൽസി എ രൂപപ്പെടുംമ്പോഴും ഷെവലിയർ ഒരു പ്രേരക ശക്തിയായി ഉണ്ടായിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സ്ഥാപനത്തിലും ഡോ എൽ എം പൈലി നേതൃപരമായ പങ്കു വഹിച്ചു.

No comments:

Post a Comment