Thursday, November 24, 2022

തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ച ചരിത്രം എങ്ങനെയെന്ന് പലരുടെയും ഓർമ്മയിൽ ഇന്നും ഉണ്ടാകും.

തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ച ചരിത്രം എങ്ങനെയെന്ന് പലരുടെയും ഓർമ്മയിൽ ഇന്നും ഉണ്ടാകും.

ആരാധനാലയങ്ങളുടെ പേരിൽ പരസ്പ്പരം പടവെട്ടുന്ന ഇക്കാലത്ത് ഒരു ബിഷപ്പിന്റെ നേതൃത്വത്തിൽ തങ്ങളുടെ ദേവാലയം നിലനിന്ന അതേ സ്ഥലം ഒരു റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിനായി വിട്ടുനൽകിയ ചരിത്രം തലമുറകൾക്കു പാഠവും പ്രചോദനവുമാണ്.

അവിടെനിന്നാണ് 1963 നവംബർ 21 വൈകിട്ട് 6.25 ന്  അമേരിക്ക നമുക്ക് തന്ന നൈക്ക് അപ്പാച്ചെ (Nike-Apache)  എന്ന ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് അന്തരീക്ഷത്തി ലേക്ക് കുതിച്ചുപാഞ്ഞത്.

കൗതുകകരമാണ് ആ ചരിത്രം.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് Indian Space Research Organization (ISRO/ഇസ്രോ) ആണെന്ന് നമുക്കറിയാം. ആദ്യ റോക്കറ്റ് ആകാശത്തിലേക്കു ഉയരുമ്പോൾ ഇസ്രോ എന്ന സ്ഥാപനം പിറവികൊണ്ടിട്ടില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക്ക് എനർജിക്കു കീഴിൽ ഒരു കമ്മിറ്റിയാണ് (Indian national committee for space research അഥവാ INCOSPAR) ഇന്ത്യയിലെ ബഹിരാകാശ ഗവേഷണങ്ങളെ ഏകോപിപ്പിച്ചിരു ന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും ആറ്റോമിക്ക് എനർജി കമ്മീഷൻ ചെയർമാൻ ഹോമി ഭാഭയും ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭാ യിയുമായിരുന്നു INCOSPAR ന്റെ ശില്പികൾ.

ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഒരു വിക്ഷേപ ണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുന്നതിന് ഒരു ശാസ്ത്ര സംഘം ഇന്ത്യയിൽ ഇരുന്നൂറോളം സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഇങ്ങനെ കണ്ടെത്തിയ കേന്ദ്രങ്ങളിൽ കൊച്ചി, തിരുവനന്തപുരം ജില്ലയിലെ വർക്കല, തുമ്പ, കൊല്ലം ജില്ലയി ലെ വെള്ളനാതുരുത്ത്, കരുനാഗപ്പിള്ളി എന്നീ പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഭൂമിയുടെ കാന്തിക ഭൂമദ്ധ്യരേഖ കടന്നുപോകുന്ന തുമ്പയാണ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം എന്ന് സംഘം കണ്ടെത്തി. 

തുമ്പയിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ കണ്ടെത്തിയ ഏറ്റവും അനുയോജ്യമായ സ്ഥലം അവിടുത്തെ സെൻറ് മേരി മഗ്ദലന പള്ളിയുടെ അധീനതയിലായിരുന്നു.  ഡോ. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ ഡോ. എ.പി.ജെ. അബ്​ദുൽകലാം ഉൾപ്പെടെ യുള്ളവർ  ചർച്ചിലെ ബിഷപ്​ പീറ്റർ ബെർണാഡ് പെരേരയെക്കണ്ട് ഈ സ്ഥലം രാജ്യത്തിനു വിട്ടുനൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തെ ബോദ്ധ്യപ്പെ ടുത്തി. കാര്യങ്ങളെല്ലാം ഏകാഗ്രചിത്തനായി കേട്ട ബിഷപ്പ് അടുത്ത ഞായറാഴ്ച വൈകിട്ട് തന്നെ വന്നുകാണാൻ അവരോട് നിർദ്ദേശിച്ചു.

ആ ഞായറാഴ്ച പള്ളിയിലെത്തിയ വിശ്വാസികളോട് രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞരുടെ സംഘം തന്നെ വന്നുകണ്ട വിവരവും ചർച്ചുൾപ്പെടുന്ന പ്രദേശം ശാസ്ത്രവികസനത്തിനായി രാജ്യത്തിനു വിട്ടുനൽകേണ്ടതി ന്റെ ആവശ്യകതയും ബിഷപ്പ് ഹൃദയഹാരിയായി അനുയായികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയതിന്റെ വിവരണം ഡോക്ടർ എപിജെ അബ്ദുൽ കലാം തൻ്റെ  'Ignited Minds' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

" ശാസ്ത്രം മാനവജീവനെ നിയന്ത്രിക്കുന്ന സത്യത്തെ യാണ് തേടുന്നത്.മതം ആദ്ധ്യാത്മകമാണ്. രണ്ടും ഈശ്വരന്റെ പ്രഭാവത്തിലാണ് നിലനിൽക്കുന്നത്. മക്കളേ, അതുകൊണ്ടുതന്നെ ദൈവത്തിന്റെ ഈ ആലയം നമ്മൾ ശാസ്ത്രലോകത്തിനായി കനിഞ്ഞു നൽകണം." ബിഷപ്പ് പീറ്റർ ബെർണാഡ് പെരേരയുടെ ഈ വാക്കുകൾ വിശ്വാസികൾ നെഞ്ചോടണച്ചു. ദേവാലയം ഉൾപ്പെടുന്ന സ്ഥലം അവർ തുറന്ന മനസ്സോടെ സർക്കാരിന് വിട്ടുനൽകി.

അന്ന് തുമ്പ ഒരു ചെറിയ ഗ്രാമമായിരുന്നു. മീൻപിടുത്ത മായിരുന്നു അവിടത്തുകാരുടെ പ്രധാന വരുമാന മാർഗം. മുന്നൂറ്റിയമ്പതോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചു. അവിടുത്തെ മഗ്ദലന മറിയം പള്ളി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി മാറി.തുടർന്ന് റോക്കറ്റ്   വിക്ഷേപണ കേന്ദ്രത്തിനായി അറുനൂറേക്കർ ഭൂമി ഏറ്റെടുക്കുകയും ചെയ്തു.വളരെ  പരിമിതമായ സാഹചര്യ ങ്ങളിൽ ഒരു പള്ളിയുടെ അകത്തളത്തിലും പരിസരത്തുമായി ഇന്ത്യയുടെ ആദ്യ ബഹിരാകാശ കേന്ദ്രം തുമ്പയിൽ (Thumba Equatorial Rocket Launching Station അഥവാ TERLS) പ്രവർത്തനം തുടങ്ങി.

അവിടെനിന്നും ഒഴിഞ്ഞുപോയ വിശ്വാസികൾക്കായി മറ്റൊരു ഗ്രാമത്തിൽ 100 ദിവസം കൊണ്ട് പുതിയ പള്ളി പണിതുനൽകി അവരെയെല്ലാം അവിടെ പുനരധിവസിപ്പിച്ചു.

1960 കളിൽ തുമ്പ ഏറെ പരിമിതികളുള്ള ഒരു പ്രദേശമായിരുന്നു. ഒരു കാൻറീൻപോലും അവിടെയുണ്ടായി രുന്നില്ല. ശാസ്ത്രജ്ഞർ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തി യാണ്  ചായയും പ്രാതലും കഴിച്ചിരുന്നത്. ഉച്ചഭക്ഷ ണവും ഈ വരവിൽത്തന്നെ കൊണ്ടുപോകും. ആകെ അനുവദിച്ചിരുന്ന ഒരു ജീപ്പ് എപ്പോഴും തിരക്കിലു മാകും.

കടൽത്തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിലേക്ക് റോക്കറ്റ് ഭാഗങ്ങളും പേലോഡുകളും എത്തിച്ചിരുന്നത് സൈക്കിളുകളിലും കാളവണ്ടികളിലുമായിരുന്നു. വളരെ കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തുമാണ് ഇന്ത്യയുടെ ആദ്യറോക്കറ്റ് 27 അടി ഉയരമുണ്ടായിരുന്ന  'നിക് അപ്പാച്ചെ'  അവർ 1963 നവംബർ 21 ന് അന്തരീക്ഷ ത്തിലേക്ക് വിജയകരമായി തൊടുത്തുവിട്ടത്. അന്തരീക്ഷത്തിൽ 180 കിലോമീറ്റർ ഉയരത്തിൽ നിന്നും അന്തരീക്ഷപഠന ത്തിനായി നിരവധി ചിത്രങ്ങൾ അന്ന് പകർത്തപ്പെടുകയും ചെയ്തു.

അതിനു ശേഷം ഇതുവരെ നൂറിന് മേൽ വിക്ഷേപണ ങ്ങൾ ഇസ്രോ നടത്തിക്കഴിഞ്ഞു. ഒരൊറ്റ വിക്ഷേപണത്തിൽ നൂറ്റിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തി ച്ച് ഇസ്രോ റെക്കോഡ് ഇട്ടിട്ടുണ്ട്. ഈ എല്ലാ വിജയങ്ങ ളുടെയും തുടക്കം 1963 നവംബർ 21 ന്നു കുതിച്ചുയർന്ന നൈക്ക് അപ്പാച്ചെ (Nike-Apache) എന്ന ഇരുപത്തിയേഴ് അടി മാത്രമുള്ള ആ റോക്കറ്റിൽ നിന്നുമായിരുന്നു.

അന്ന് തുമ്പ സെൻറ് മേരി മഗ്ദലന പള്ളിയിലെ ശാസ്ത്ര സ്നേഹിയായ ബിഷപ്പിന്റെ വിശാലമനസ്കതയും അനുയായികളുടെ പൂർണ്ണസമ്മതവും ഒന്നുകൊണ്ടു മാത്രമാണ് ഇത്തരമൊരു ബൃഹത്തായ സ്ഥാപനം ഭാവിതലമുറയുടെ നന്മക്കായി അവിടെ പടുത്തുയർ ത്താൻ കഴിഞ്ഞതെന്ന സത്യം എക്കാലവും സ്മരിക്ക പ്പെടേണ്ടതാണ്.

ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത് ഇതോടൊപ്പം ഉണ്ട് -

അന്ന് നിലനിന്ന തുമ്പ സെൻറ് മേരി മഗ്ദലന പള്ളി

ആദ്യ റോക്കറ്റ് വിക്ഷേപണം കാണുന്ന ആളുകൾ.

വിക്രം സാരാഭായ്, ഹോമിഭാഭ എന്നിവർ.
(കടപ്പാട്)

Tuesday, June 7, 2022

സ്കോളർഷിപ്പ് -ജാഗരൂകരായവർക്ക് ലഭിക്കുന്ന മറുപടി

ന്യൂനപക്ഷ വിഭാഗങ്ങളിലെ  ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണ് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്. അപേക്ഷിച്ചിട്ട് ലഭിക്കാതിരിക്കുന്നവർ എന്തുകൊണ്ടാണ് അർഹത ഇല്ലാതായത് എന്ന് അന്വേഷിക്കുക പതിവല്ല. എന്നാൽ ഇക്കാര്യത്തിൽ നിരന്തരമായി തുടരന്വേഷണങ്ങൾ നടത്തുന്നവർക്ക് മറുപടിയും ലഭിക്കുന്നുണ്ട്.

അത്തരത്തിൽ മുന്നോട്ടു പോകാമോ എന്നാരാഞ്ഞപ്പോൾ,  തയ്യാർ എന്ന് പറഞ്ഞു മുന്നോട്ടുവന്ന ഒരു അപേക്ഷകയുടെ മാതാവിന് ലഭിച്ച മറുപടി ഇതോടൊപ്പമുണ്ട്. ജനസംഖ്യാനുപാതികമായും ബിപിഎൽ വിഭാഗത്തിന് മുൻഗണന നൽകിയുമാണ് സ്കോളർഷിപ്പ് നൽകുന്നതെന്നാണ് ഔദ്യോഗിക മറുപടി. അതേസമയം ബിപിഎൽ വിഭാഗത്തിൽ പെട്ടവരിലും സ്കോളർഷിപ്പ് ലഭിക്കാതെ പുറത്തുനിൽക്കുന്ന വരുണ്ട്. അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ നിരന്തരം ജാഗരൂകരാകുന്നതിന് ഇത്തരത്തിലുള്ള വിവരാവകാശ ചോദ്യങ്ങളും മറുപടികളും തുടരണം. സ്കോളർഷിപ്പ് സംബന്ധിച്ച വിജ്ഞാപനം പിഡിഎഫ് ഫയലായി ചേർത്തിട്ടുണ്ട്.PDF

Tuesday, April 19, 2022

ഗ്രാന്റ് ഷെവലിയർ എൽ. എം. പൈലി

ഇന്ത്യയുടെ സ്വാതന്ത്യസമരത്തെ പിന്തുണച്ച കത്തോലിക്ക നേതാക്കളിൽ പ്രമുഖനും അടിയുറച്ച ദേശീയ വാദിയുമായിരുന്നു ഷെവലിയർ എൽ. എം. പൈലി. 1918 ഡിസംബറിൽ ഇൻഡ്യൻ റിവ്യൂവിൽ അദ്ദേഹം എഴുതിയ ലേഖനം സ്വതന്ത്യസമരത്തെ പിന്തുണക്കാൻ കത്തോലിക്കരെ ശക്തമായി ആഹ്വാനം ചെയ്യുന്നതായിരുന്നു. 1938 ൽ സെന്റ് ബർക്കുമെൻ കോളെജിൽ അദ്ധ്യാപകനായിരിക്കെ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1945 ൽ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക് എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. 1946 ഡിസംബർ 31 ന് ലത്തീൻ കത്തോലിക്കരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ഗുരുതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ശക്തമായ മുന്നറിയിപ്പ് അദ്ദേഹം ഉയർത്തി. 1946 ൽ എറണാകുളത്ത് സെന്റ് ആൽബർട്സ് കോളെജ് സ്ഥാപിച്ചപ്പോൾ പ്രഥമ പ്രിൻസിപ്പലും ഇദ്ദേഹമായിരുന്നു.

കൊച്ചി സംസ്ഥാനത്തെ നിയമസഭയുടെ അദ്ധ്യക്ഷത വഹിച്ചിരുന്നത് ദിവാനായിരുന്നു. 1946 ൽ കൊച്ചി നിയമസഭയുടെ ആദ്യത്തെ സ്പീക്കർ (non official president) ആയി എൽ എം പൈലി തെരഞ്ഞെടുക്കപ്പെട്ടു. 1949 ജൂലൈ ഒന്നിനാണ് തിരുവതാംകൂർ കൊച്ചി സംസ്ഥാനങ്ങൾ സംയോജിച്ച് തിരു കൊച്ചി സംസ്ഥാനം രൂപം കൊള്ളുന്നത്. 1951 ൽ തിരുകൊച്ചിയുടെ വിദ്യാഭ്യാസ മന്ത്രിയായി. സർക്കാരും സ്വകാര്യ സ്ക്കൂൾ  മാനേജ്മെമെന്റും തമ്മിലുയർന്ന ഗൗരവമേറിയ പ്രശ്നങ്ങളും തുടർന്നുണ്ടായ പ്രക്ഷോഭവും രണ്ടു കൂട്ടർക്കും തൃപ്തികരമായി പരിഹരിക്കുന്നത് അദ്ദേഹമായിരുന്നു. 

1906 ൽ വരാപ്പുഴ അതിരൂപതയിൽ കാത്തലിക് അസോസിയേഷൻ രൂപം കൊള്ളുന്നുണ്ട്. ആർച്ച്ബിഷപ്പ് ഡോ ബർണാഡ് ഓഫ് ജീസസ്സ് പ്രസിഡന്റും എൽ എം പൈലി സെക്രട്ടറിയുമായിരുന്നു.1919 ൽ  ബെനഡിക്റ്റ്  പതിനഞ്ചാമൻ പാപ്പ "മാക്സിമും ഇല്ലൂദ്" എന്ന ചാക്രിക ലേഖനത്തിൽ ഏതദ്ദേശിയ മെത്രാന്മാർ അജപാലന ചുമതല ഏറ്റെടുക്കണമെന്ന സാധ്യത അവതരിപ്പിക്കപ്പെടുന്നുണ്ട്. 1920 ൽ കാത്തലിക് അസ്റ്റോസിയേഷന്റെ വാർഷിക യോഗത്തിൽ  എൽ. എം. പൈലി ഈ ചാക്രിക ലേഖനം പരാമർശിച്ച് ഏതദ്ദേശിയ മെത്രാനെന്ന ആവശ്യം ശക്തമായി അവതരിപ്പിച്ചു. തുടർന്ന് അസോസിയേഷന്റെ പ്രവർത്തനം തന്നെ നിലച്ചു.  

1948 ൽ ഷെവലിയർ പദവിയും 1962 ൽ ഗ്രാന്റ് ഷെവലിയർ പദവിയും നല്കി മാർപാപ്പ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അംഗീകരിച്ചു.

1967 ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷൻ പുനസംഘടിപ്പിക്കുമ്പോഴും 1972 ൽ കെഎൽസി എ രൂപപ്പെടുംമ്പോഴും ഷെവലിയർ ഒരു പ്രേരക ശക്തിയായി ഉണ്ടായിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സ്ഥാപനത്തിലും ഡോ എൽ എം പൈലി നേതൃപരമായ പങ്കു വഹിച്ചു.
കല്ലട ലോറൻസ് -  പാർശ്വവത്കരിക്കപ്പെട്ടു പോയിരുന്ന ഒരു തൊഴിലാളി വിഭാഗത്തെ കരുതലോടെ ചേർത്ത് പിടിച്ച് അവരിൽ സംഘടനാബോധം വളർത്തി രാഷ്ട്രീയപാർട്ടികൾക്ക് മാത്രം വശമുണ്ടായിരുന്ന തൊഴിലാളി സംഘടനാ പ്രവർത്തനം സ്വതന്ത്രമായി നടത്താമെന്നു തെളിയിച്ച അഖില കേരള  സ്വാതന്ത്ര മത്സ്യതൊഴിലാളി യൂണിയന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു, ശ്രീ. കല്ലട ലോറൻസ്.

മോൺ. ആൽബർട്ട് പരിശവിളയുടെകൂടെ സംസ്ഥാനമെമ്പാടും  മത്സ്യതൊഴിലാളികളെ ഒരുമിച്ചു കൂട്ടി സംഘശക്തിയാക്കി മാറ്റിയ ഈ അദ്ധ്യാപകൻ  പാവപ്പെട്ട മത്സ്യതൊഴിലാളി സുഹൃത്തുകൾക്ക് പ്രിയപ്പെട്ട ലോറൻസ് സാർ ആയിരുന്നു. Central Board of Fishers അംഗമായ ആദ്യ മലയാളി ആയിരുന്നു  ഇദ്ദേഹം.  KLCA യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു.
| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
Mayyanad John - പ്രമുഖനായ മലയാള ക്രൈസ്തവ സാഹിത്യകാരനായിരുന്നു മയ്യനാട് എ. ജോൺ(8 ആഗസ്റ്റ് 1894 - 20 ജനുവരി 1968).കൊല്ലം ജില്ലയിലെ മയ്യനാട് കോടിയിൽ വീട്ടിൽ വറീത് ആന്റണിയുടെയും മറിയത്തിന്റെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം സ്വദേശത്തും കലാശാലാ വിദ്യാഭ്യാസം തിരുവനന്തപുരത്തുമായിരുന്നു. ബിരുദം നേടിയശേഷം പത്ര പ്രവർത്തനത്തിലും സാഹിത്യ രചനയിലും ശ്രദ്ധയൂന്നി. പതിനാറ് പുസ്തകങ്ങൾ രചിച്ചു. 
കൃതികൾ

വേദഗ്രന്ഥം

ശ്രീയേശുക്രിസ്തു(1924)

ശ്രീ യേശുചരിതം(1927)

കന്യകാമറിയം

അന്തോണി പാദുവാ(1932)

ഫ്രാൻസിസ് അസീസി(1936)

ഫ്രാൻസിസ് സേവ്യർ (1939)

ക്രിസ്തുദേവാനുകരണം (1939)(തോമസ് അക്കെമ്പിസിന്റെ ഇമിറ്റേഷൻസ് ഓഫ് ജീസസ് ക്രൈസ്റ്റ് പരിഭാഷ)

ഫബിയോള(1940) - കാർഡിനൽ വൈസ്മെന്റെ ഫബിയോള ആഖ്യായികയുടെ പരിഭാഷ

ഭക്തമിത്രം(1944)

ക്രിസ്തുവിന്റെ ചരമകാലം(1948)

കൊച്ചുപൂക്കൾ(1956) - ലിറ്റിൽ ഫ്ളവേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് എന്ന കവിതയുടെ പരിഭാഷ

സെന്റ് പോൾ (1957)

ഫാദർ ഡാമിയൻ(1957)

ബിഷപ്പ് ബെൻസിഗർ

വിൻസെന്റ് ഡി പോൾ

സെന്റ് മാത്യുവിന്റെ സുവിശേഷം(ബൈബിൾ പരിഭാഷ. പഴയ നിയമം അച്ചടിപ്പിച്ചിട്ടില്ല) -ഫാ. മാർക്ക് പി. ഫെർണാണ്ടസ് പ്രസിദ്ധീകരിച്ചു, അസ്സീസി പ്രസ്, നാഗർകോവിൽ, ജൂലൈ 1947.

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |

Monday, April 18, 2022

K T George - ദ്വീപ് സമൂഹങ്ങളെ കോർത്തിണക്കിയുള്ള രാഷ്ട്രീയപ്രവർത്തനത്തിന് വിജയകരമായി നേതൃത്വം നൽകിയിരുന്ന കെ ടി ജോർജ് നിര്യാതനായിട്ട് 50 വർഷം കഴിഞ്ഞു.  ലത്തീൻ സമുദായത്തിൽ നിന്നുമുളള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. കോൺഗ്രസ് നിയമസഭ പാർട്ടിയുടെ ചീഫ് വിപ്പ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കെപിസിസി, എഐസിസി അംഗം, കോൺഗ്രസ് നിയമസഭ  ഉപനേതാവ്  അങ്ങനെ നിരവധി സവിശേഷതകൾ പറയാനുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയ്ക്ക് പഠന വിധേയമാക്കാവുന്നതാണ്. നിയമ ബിരുദധാരിയായിരുന്ന അദ്ദേഹം പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |
K T George - ദ്വീപ് സമൂഹങ്ങളെ കോർത്തിണക്കിയുള്ള രാഷ്ട്രീയപ്രവർത്തനത്തിന് വിജയകരമായി നേതൃത്വം നൽകിയിരുന്ന കെ ടി ജോർജ് നിര്യാതനായിട്ട് 50 വർഷം കഴിഞ്ഞു.  ലത്തീൻ സമുദായത്തിൽ നിന്നുമുളള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു. കോൺഗ്രസ് നിയമസഭ പാർട്ടിയുടെ ചീഫ് വിപ്പ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കെപിസിസി, എഐസിസി അംഗം, കോൺഗ്രസ് നിയമസഭ  ഉപനേതാവ്  അങ്ങനെ നിരവധി സവിശേഷതകൾ പറയാനുള്ള അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയ്ക്ക് പഠന വിധേയമാക്കാവുന്നതാണ്. നിയമ ബിരുദധാരിയായിരുന്ന അദ്ദേഹം പറവൂർ ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്നു.

| KLCA GOLDEN JUBILEE CHRONICLES |സുവർണ സ്മൃതി |