Pages

Wednesday, October 25, 2023

എന്താണെന്നറിയാൻ ആകാംക്ഷയോടെ; നടപടികൾ കാത്ത് പ്രതീക്ഷയോടെ ! | ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചുവെങ്കിലും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. തുടർനടപടികൾ എന്താകണമെന്നതു സംബന്ധിച്ച എഴുത്ത് |

എന്താണെന്നറിയാൻ ആകാംക്ഷയോടെ; നടപടികൾ കാത്ത് പ്രതീക്ഷയോടെ !

| ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചുവെങ്കിലും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. തുടർനടപടികൾ എന്താകണമെന്നതു സംബന്ധിച്ച എഴുത്ത് |  
ഭരണഘടനാപരമായ അവകാശങ്ങള്‍ നമ്മുടെ രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണമെന്നത് പൊതു ആവശ്യവും സാമാന്യ നീതിയുമാണ്. അത്തരത്തില്‍ വിവിധ  "വിഭാഗങ്ങള്‍" എന്നത് ആരൊക്കെയാണ്, ഏതൊക്കെയാണ് എന്ന് തിരിച്ചറിയുന്നത് ഭരണഘടനയില്‍ പറയുന്ന "ക്ളാസ്" എന്ന പദത്തിലൂടെയാണ്. ഈ പറയുന്ന ക്ളാസ് എന്നത് ഓരോ സംസ്ഥാനത്തും നിലവില്‍ തിരിച്ചറിയുന്നത് ജാതിയുടെ/ സമുദായത്തിന്റെ അടിസ്ഥാനത്തിലാണ്. അത്തരത്തില്‍ കേരളത്തില്‍ വിവിധ സമുദായങ്ങള്‍ അവരവരുടെ  ജാതിയുടെ പേരില്‍ അറിയപ്പെടുന്ന, "ക്ളാസ്" എന്ന ഘടനയില്‍ ലഭ്യമാകേണ്ട ഭരണഘടനാപരമായ അവകാശങ്ങളെ പറ്റി സംസാരിക്കാനും പ്രവര്‍ത്തിക്കാനും വേദിയാക്കുന്നത് സമുദായ സംഘടനകളെയാണ്. അതുകൊണ്ടു തന്നെ കേരളത്തില്‍ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്‍റെ ഭരണഘടനാപരമായ അവകാശങ്ങളെ പറ്റി സംസാരിക്കാനും പ്രവര്‍ത്തിക്കാനും ചുമതലയുള്ള സമുദയ പ്രവര്‍ത്തകര്‍ സാമുദായികമായ വിഷയങ്ങളെക്കുറിച്ച് നിരന്തരമായ സംസാരത്തിനും ചര്‍ച്ചയ്ക്കും സദാ സന്നദ്ധരായിരിക്കണം. അത്തരത്തിൽ സമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും തുടർ നടപടികളും. 

കമ്മീഷൻ നിയമനം

ലത്തീന്‍ കത്തോലിക്കരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നിയമസഭയില്‍ കെ എല്‍ സി എ യുടെ ആവശ്യം മാനിച്ച് പി ടി തോമസ് എം എല്‍ എ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. വിശദമായ കൂടിയാലോചനയ്ക്കുശേഷം മറുപടി അറിയിക്കാം എന്ന് അന്നത്തെ വകുപ്പു മന്ത്രി എ കെ ബാലൻ മറുപടിയും നല്‍കിയിരുന്നു. പിന്നീട് എല്ലാ ക്രൈസ്തവരുടെയും പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായി 9-2-2021 തീയതി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ശ്രീ ജേക്കബ്ബ് പുന്നൂസ് എന്നിവർ അംഗങ്ങളായി കമ്മീഷനെ നിയമിച്ചു. വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നീ മൂന്നു വിഭാഗങ്ങളായി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ടേംസ് ഓഫ് റഫറന്‍സ്. 

എന്തൊക്കെയായിരുന്നു കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ 

വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നീ 3 തലങ്ങളിലായി ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമാകേണ്ട വിഷയങ്ങളാണ് കമ്മീഷന്‍ പരിഗണിച്ചത്. വിദ്യാഭ്യാസമേഖലയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണത്തില്‍ വിവേചനം നേരിടുന്നുണ്ടോ എന്ന കാര്യങ്ങള്‍, ഉന്നതവിദ്യാഭ്യാസമേഖലയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ എന്നിങ്ങനെയായിരുന്നു  വിദ്യാഭ്യാസം സംബന്ധിച്ച് പരിഗണിച്ച വിഷയങ്ങള്‍.  

സാമ്പത്തികമേഖലയില്‍, സാമ്പത്തീകമായി പിന്നാക്കാവസ്ഥ നേരിടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗങ്ങളെ സംബന്ധിച്ചും, അവര്‍ സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്നുണ്ടോ എന്നതു സംബന്ധിച്ചും, അവരുടെ പിന്നോക്കാവസ്ഥ സംബന്ധിച്ച പൊതുവായ വിഷയങ്ങളും, ഉള്‍പ്പെട്ടിരുന്നു.  സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ ഏജന്‍സികള്‍ക്കോ, സര്‍ക്കാരിനോ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നീ കാര്യങ്ങളും കമ്മീഷന്‍ പരിഗണനയില്‍ ഉണ്ടായിരുന്ന വിഷയങ്ങളാണ്. 

മത്സ്യത്തൊഴിലാളികള്‍, തീരവാസികള്‍, മലയോരകര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, ലത്തീന്‍ കത്തോലിക്കര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ടോ എന്നുള്ളതു സംബന്ധിച്ചും, ദളിത് വിഭാഗങ്ങളില്‍ പെടുന്നവരുടെ പ്രത്യേക പിന്നോക്കാവസ്ഥ സംബന്ധിച്ചും, പ്രത്യേകമായി ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ പൊതുമേഖലാ ഉദ്ദ്യോഗതലങ്ങളില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉണ്ടോ എന്നതു സംബന്ധിച്ചും, അതോടൊപ്പം തന്നെ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുവാന്‍ സ്വീകരിക്കേണ്ട നടപടികള്‍  കാര്യങ്ങളെ സംബന്ധിച്ചും ക്ഷേമസംബന്ധമായ ഏതെല്ലാം സഹായം അര്‍ഹിക്കുന്നു എന്നതുമൊക്കെ പഠനവിഷയങ്ങളായിരുന്നു. 

ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇവിടെ പ്രസക്തി അർഹിക്കുന്നു

എത്രത്തോളം പൊതു ഉദ്ദ്യോഗങ്ങളിലെ പങ്കാളിത്തം ലത്തീന്‍ കത്തോലിക്ക- ആംഗ്ളോ ഇന്ത്യന്‍ വിഭാങ്ങള്‍ക്കും ദളിത് ക്രൈസ്തവ എന്നീ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നുള്ളത് ഈ ഘട്ടത്തില്‍ ചര്‍ച്ചകളില്‍ കൊണ്ടുവരുന്നത് ഉചിതമാണ്. ഇതു സംബന്ധിച്ച് ഏറ്റവും ഒടുവിലത്തെ ഔദ്ദ്യോഗിക കണക്കുകളുള്ളത് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ ശുപാര്‍ശകളിലാണ് എന്നതുകൊണ്ടുതന്നെ അത് ഒരു ചൂണ്ടുപലകയായി കണക്കാക്കാം.  2000 ഫെബ്രുവരി 11 നിയമിക്കപ്പെട്ട ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്കിയിരിക്കുന്ന ശുപാര്‍ശകളില്‍ ഇനിയും ഫലപ്രദമാകാതെ ശേഷിക്കുന്ന കാര്യങ്ങള്‍ പഠനവിധേയമാക്കാവുന്നതാണ്.  43 വ്യത്യസ്ത വകുപ്പുകളില്‍ നിന്ന് നിയമന വിവരങ്ങള്‍ ശേഖരിക്കുന്നതിന് നരേന്ദ്രന്‍ കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. 30 വര്‍ഷത്തെ വിവരങ്ങളാണ് നരേന്ദ്രന്‍ കമ്മീഷന്‍ തേടിയതെങ്കിലും 18-6-2001 വരെയുള്ള 11 വര്‍ഷത്തെ മാത്രമാണ് ലഭിച്ചത്. ആ കാലയളവിലെ വിവരങ്ങള്‍ പ്രകാരം മാത്രം, സര്‍ക്കാര്‍,  ലത്തീന്‍ കത്തോലിക്കാ, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് ആകെ 4370 തൊഴിലവസരങ്ങള്‍ നഷ്ടമായി. ദളിത് ക്രൈസ്തവ വിഭാഗത്തിന് 2290 തൊഴിലവസരങ്ങള്‍ നഷ്ടമായി. സരക്കാര്‍, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവയിലാണ് കണക്കെടുപ്പ് നടന്നത്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു പ്രകാരം ലത്തീന്‍ കത്തോലിക്കാ, ആംഗ്ലോഇന്ത്യന്‍ വിഭാഗത്തിന് 3.19 % ആണ് മൊത്തത്തില്‍  പ്രാതിനിത്യമുള്ളത്.  അതേ സമയം ലഭിക്കേണ്ട ക്വാട്ട 4% ആണ്.  ദളിത് ക്രൈസ്തവര്‍ക്ക് ആകെ .80 % ആണ് പ്രാതിനിത്യമുള്ളത്. അവര്‍ക്ക് കാറ്റഗറി 1-ല്‍ 2% വും, 3,4,5,6, കാറ്റഗറിയില്‍ 1 % ആണ് സംവരണക്വാട്ട ഉള്ളത്. കാറ്റഗറി 1 തസ്തികയില്‍ (ഏറ്റവും കുറഞ്ഞ ശമ്പളം) 2% ല്‍ അധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.  വിവിധ കാറ്റഗറി പ്രകാരമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉയര്‍ന്ന തസ്തികകളില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് തൊഴില്‍ ലഭിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുവേണം ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍. 

സമുദായ സമീപനം എന്തായിരിക്കണം

ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ വിശദമായ പഠനങ്ങള്‍ നടത്തി നിവേദനങ്ങള്‍ നൂറുകണക്കിന് വിവരാവകാശ രേഖകള്‍ സഹിതം ജെ ബി കോശി കമ്മീഷനു നല്‍കി. 4.87 ലക്ഷം നിവേദനങ്ങള്‍ ലഭിച്ചതായാണ് കണക്ക്. 2023 മെയ് മാസം കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാരിന് മുന്നിലുള്ള റിപ്പോര്‍ട്ട് ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വിട്ട് അതില്‍ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകണം. ബന്ധപ്പെട്ട വിഭാഗങ്ങളെ കൂടി ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ച് ഉചിതമായ   നടപടികള്‍ ഉണ്ടാകണം. അധികാര പങ്കാളിത്തം, ഉദ്യോഗ പങ്കാളിത്തം എന്നിവ ലത്തീന്‍ കത്തോലിക്കര്‍ക്ക് ഉറപ്പാക്കുന്നതിന് സമയബന്ധിതമായ നടപടികള്‍ ഉണ്ടാകണം. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് പുറത്തുവിടാനും അതു സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടക്കാനും പരിഹാരനടപടികള്‍ ഉണ്ടാകാനും സമുദായ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം.

|ഷെറി ജെ തോമസ്|