Pages

Sunday, May 26, 2024

ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം - Implementation of J B Koshy Commission Report

ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം 

അഡ്വ. ഷെറി ജെ തോമസ്


സമകാലിക കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍. വര്‍ഷങ്ങളായി വിദ്യാഭ്യാസ, ആതുര സേവന മേഖലകളില്‍ പൊതു സമൂഹത്തിന് ഉള്‍പ്പെടെ സേവനങ്ങള്‍ ചെയ്ത് പോന്ന ഈ സമൂഹം ഇപ്പോള്‍ അധികാര ജനസംഖ്യാനുസൃതമായ അധികാര പങ്കാളിത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനുമുള്ള പോരാട്ടത്തിലാണ്. ഇനി വരുന്ന നാളുകളില്‍ കേരളത്തിലെ ക്രൈസ്തവരുടെ സാമുദായിക പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കേണ്ട ഒരു വിഷയമാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടും ശുപാര്‍ശകളും. നാളുകളായി ലത്തീന്‍ കത്തോലിക്കര്‍ ഭരണകൂടങ്ങളോട് ഉന്നയിച്ചുവരുന്ന വിഷയങ്ങള്‍ പഠനവിധേയമാകുകയും അതിന്‍റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ശുപാര്‍ശകളില്‍ 284 ശുപാര്‍ശകള്‍ സംബന്ധിച്ച് ഇതിനോടകം തന്നെ സംസ്ഥാന സര്‍ക്കാര്‍ അനൗദ്യോഗിക റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതുപോലുള്ള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടാലും അവയൊന്നും പൂര്‍ണ്ണമായോ ഭാഗികമായോ നടപ്പാക്കപ്പെടണമെന്നില്ല. ഈ ശുപാര്‍ശകള്‍ നടപ്പാകുന്നതിന് ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ തന്നെ മുന്‍കൈയ്യെടുക്കുന്നതിനുസരിച്ചും സമ്മര്‍ദ്ദവുമനുസരിച്ചിരായിരിക്കും തീരുമാനമുണ്ടാകുക. അതുകൊണ്ടുതന്നെ ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കാന്‍ ഒരോ സമുദായാംഗത്തിനും ഉത്തരവാദിത്വമുണ്ട്.  


അറിയേണ്ടതും പറയേണ്ടതും


റോമന്‍ കത്തോലിക്കാസഭയില്‍ ലത്തീന്‍ ആരാധനാക്രമം പിന്തുടരുന്ന കേരളത്തിലെ ക്രൈസ്തവരാണ് സര്‍ക്കാര്‍ ഔദ്യോഗിക രേഖകളിലെ ലത്തീന്‍ കത്തോലിക്കര്‍.  ലത്തീന്‍ കത്തോലിക്ക (ഉപവിഭാഗങ്ങള്‍,  ആംഗ്ലോ-ഇന്ത്യന്‍ ഉള്‍പ്പെടെ) കേരള ജനസംഖ്യയുടെ 6 ശതമാനം വരുന്ന ജനവിഭാഗമാണ് ലത്തീന്‍ കത്തോലിക്കര്‍. അതോടൊപ്പം ലത്തീന്‍ കത്തോലിക്കാ സഭയിലെ തന്നെ പരിവര്‍ത്തിത ക്രൈസ്തവരും സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇതുകൂടി  ചേര്‍ത്ത് ആകെ ജനസംഖ്യയുടെ 8 ശതമാനം വരുന്നവരാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭാംഗങ്ങള്‍. 12 ലത്തീന്‍ കത്തോലിക്ക രൂപതകള്‍ കേരളത്തിലുണ്ട്.  രൂപതകളുടെ വിവരങ്ങള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു.  1.  തിരുവനന്തപുരം, 2. നെയ്യാറ്റിന്‍കര, 3. കൊല്ലം, 4. പുനലൂര്‍, 5. വിജയപുരം, 6. ആലപ്പുഴ, 7. കൊച്ചി, 8. കോട്ടപ്പുറം, 9. വരാപ്പുഴ, 10. കോഴിക്കോട്, 11. കണ്ണൂര്‍, 12. സുല്‍ത്താന്‍പേട്ട്.


മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ ബി സി) കേന്ദ്രപട്ടികയിലും, സംസ്ഥാന പട്ടികയിലും ലത്തീന്‍ കത്തോലിക്കരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലത്തീന്‍ കത്തോലിക്കാ സഭയിലെതന്നെ ദലിത് ക്രൈസ്തവരും ആംഗ്ലോ ഇന്ത്യരും ഒബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. .പിഎസ് സി നിയമന ചട്ടങ്ങളില്‍ - ഒബിസി വിഭാഗത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്കും കൂടി 4 ശതമാനമാണ് സംവരണം. അതേസമയം വിദ്യാഭ്യാസ മേഖലയില്‍ പ്ലസ് ടു, പ്രൊഫഷണല്‍  ഡിഗ്രി കോഴ്സുകളില്‍ 3 ശതമാനം സംവരണം ലത്തീന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും ഒരുമിച്ച് ഉണ്ട്. ആര്‍ട്സ് & സയന്‍സ് കോഴ്സുകളിലും പി ജി കോഴ്സുകളിലും 1 ശതമാനം സംവരണം ലത്തീന്‍ സമുദായത്തിന് മാത്രമായാണ് പ്രവേശനത്തില്‍ ഉള്ളത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹിക നീതി എന്നത് നമ്മുടെ രാജ്യത്തിന്‍റെ ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങളിലൊന്നാണ്. എല്ലാവര്‍ക്കും ഉദ്യോഗത്തിലും അധികാരത്തിലും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വഴിയാണ് സാമൂഹിക നീതി നടപ്പിലാകുന്നത്. അത്തരത്തില്‍ ലഭിക്കേണ്ടതായ അവകാശങ്ങളുടെ ഭാഗമായാണ് ഭരണഘടനയുടെ 15, 16 ആര്‍ട്ടിക്കിളുകളില്‍ ചില വിഭാഗങ്ങള്‍ക്ക് സംവരണത്തിനുള്ള സാധ്യത ഉണ്ടാകുന്നത്. ന്യൂനപക്ഷമെന്ന നിലയില്‍ വിവേചനം ഉണ്ടാകാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും നല്‍കുന്നു. മതിയായ പ്രാതിനിധ്യം സംബന്ധിച്ച കണക്കുകള്‍ ലഭ്യാമാകന്നതിന് ഒരു ഉപാധിയാണ് അന്വേഷണ കമ്മീഷനുകള്‍. 


കേരളത്തില്‍ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിവിധ സമുദായങ്ങളുടെ അവസ്ഥ സംബന്ധിച്ച് പഠനം നടത്താന്‍ 2000 ഫെബ്രുവരി മാസം നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ കമ്മീഷന്‍ 2001 നവംബര്‍ മാസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. അതു പ്രകാരം കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ക്ക് കേവലം 10 വര്‍ഷത്തെ മാത്രം കണക്കില്‍ മുഖ്യമായും ക്ലാസ് 3, ക്ലാസ് 4 ഉദ്യോഗങ്ങളിലായി 4370 തൊഴിലവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഉദ്യോഗത്തിന് നിലവില്‍ 4 ശതമാനം സംവരണം ഉള്ള സാഹചര്യത്തിലാണ് ഈ നഷ്ടം. റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അതിന്‍മേല്‍ പഠനങ്ങള്‍ നടക്കുകയും സമുദായത്തിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് നടത്തി നഷ്ടം നികത്തണമെന്ന് സമുദായം ആവശ്യപ്പെട്ടുവെങ്കിലും അത് നടന്നില്ല. പകരം എന്‍ സി എ നിയമനങ്ങള്‍ (നോ കാന്‍ഡിഡേറ്റ് അവയലബില്‍ വേക്കന്‍സി) നടത്താന്‍ പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം (ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍) ഉത്തരവായി. ഇപ്പോള്‍ അതുപ്രകാരമുള്ള നിയമനങ്ങള്‍ നടന്നുവരുന്നു. ഉദ്യോഗത്തിന് 4 ശതമാനം സംവരണമുണ്ടെങ്കിലും വിദ്യാഭ്യാസത്തിന് പ്ലസ് ടു, വിഎച്ച്എസ് സി, പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ 3 (2014 ല്‍ ഉയര്‍ത്തിയത്) ശതമാനവും ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ 1 ശതമാനവുമാണ് സംവരണം. 

ജെ ബി കോശി കമ്മീഷന്‍ 

സമുദായത്തിന്‍റെ പിന്നാക്കാവാസ്ഥ പഠിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും വിദ്യാഭ്യാസ സംവരണം ഉദ്യോഗത്തിനു സമാനമാക്കണമെന്നും നാം നിരന്തരം ആവശ്യമുയര്‍ത്തിവരുകയായിരുന്നു. അതിന്‍റെ തുടര്‍ച്ചയായി ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നിയമസഭയില്‍ പി ടി തോമസ് എം എല്‍ എ, കെ ല്‍ സി എ യുടെ അഭ്യര്‍ത്ഥന പ്രകാരം സബ്മിഷന്‍ ഉന്നയിക്കുകയും വിഷയം പഠിക്കട്ടെയെന്നും വകുപ്പ് മന്ത്രി എ കെ ബാലന്‍ മറുപടിയും നല്‍കിയിരുന്നു. ഇതേ സമയം  തന്നെ, ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കണമെന്ന് വിവിധ ക്രൈസ്തവ സഭകളില്‍ നിന്നും നിയമസഭയ്ക്കു പുറത്തും ആവശ്യങ്ങളുയര്‍ന്നിരുന്നു. 

തുടര്‍ന്ന്, കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിഭ്യാഭ്യാസ, സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് ജെ.ബി. കോശി (പാറ്റ്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്), ചെയര്‍മാനായും, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ് (റിട്ടയേര്‍ഡ്), ശ്രീ. ജേക്കബ് പുന്നൂസ് ഐ.പി.എസ് (റിട്ടയേര്‍ഡ്), അംഗങ്ങളായും, ഒരു കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ 09-02-2022 തീയതിയിലെ ജി.ഒ. (എം.എസ്) നമ്പര്‍ 32/2021 ഫോം ഉത്തരവ് പ്രകാരം നിയോഗിച്ചു. കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നിവ സംബന്ധിച്ച തലക്കെട്ടുകളിലാണ് പഠനം നടന്നത്. മേല്‍പറഞ്ഞ വിഷയങ്ങളില്‍ കമ്മീഷന്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിവേദനങ്ങള്‍ നല്‍കാനും തെളിവുകള്‍ നല്‍കാനും അവസരമുണ്ടാകുന്ന തരത്തില്‍ സിറ്റിംഗുകള്‍ നടത്തിയും വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പഠനങ്ങള്‍ നടത്തിയും കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ശുപാര്‍ശകള്‍ 

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണ രൂപം ഈ ലേഖനം തയ്യാറാക്കുന്നതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 20-10-2023 തീയതി ഒരു അനൗദ്യോഗീക കുറിപ്പ് ഇറക്കുകയും, ആ കുറിപ്പുപ്രകാരം 33 സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളോടായി ജെ ബി കോശി കമ്മീഷനിലെ  ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നതിനായി  രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. 2024 മാര്‍ച്ച് മാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലത്തില്‍ ഒരു ഉന്നത സമിതിയെ ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കുന്നതിനു ചുമതലപ്പെടുത്തി. 

കമ്മ്യൂണിറ്റി കോട്ടയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുടങങ്ങിയിരിക്കുന്ന ഇഗ്രാന്‍റ് പുനസ്ഥാപിക്കുക, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി പരിശിലീന കേന്ദ്രങ്ങള്‍ ക്രൈസ്തവര്‍ താമസിക്കുന്ന സ്ഥലങ്ങളിലും സ്ഥാപിക്കുക, ക്രൈസ്തവര്‍ക്കായി പ്രത്യേക ധനകാര്യ കോര്‍പ്പറേഷനുകള്‍ സ്ഥാപിക്കുക, ബിഷപ്പുമാരുടെ കത്ത് ആധികാരിക രേഖയായി പരിഗണിച്ച് സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുക, എയ്ഡഡ് സ്കൂളുകള്‍ക്ക് ഫണ്ട് നല്‍കുക, സ്കോളര്‍ഷിപ്പ തുകയിലെ വിവേചനം അവസാനിപ്പിക്കുക, മതബോധനത്തിനു ഫണ്ട് വകയിരുത്തുക, തീരമേഖലയിലും മലയോര മേഖലയിലും പ്രത്യേക ക്ഷേമപരിപാടികള്‍ എന്നിങ്ങനെ 284 ശുപാര്‍ശകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്ന് സര്‍ക്കാരുകള്‍ക്ക് നിയമപരമായ ബാധ്യതയില്ല. സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളുമനുസരിച്ച് തീരുമാനങ്ങള്‍ ഉണ്ടാകാം. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന ക്രൈസ്തവരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് പൊതുവെ അനുകൂല നിലപാടാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. അതേ സമയം ഇപ്പോഴും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് സമയബന്ധിതമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരന്തര സമ്മര്‍ദ്ദമുണ്ടാകേണ്ടതുണ്ട്. ഓരോ ഇടവകസമൂഹവും ഇക്കാര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.